ബെലന്തൂരിൽ പൂട്ട് വീഴാൻ 486 ഫാക്ടറികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lock

ബെംഗളൂരു ∙ ബെലന്തൂർ തടാകവുമായി ബന്ധപ്പെട്ട ബഫർസോൺ പരിധിയിലെ വ്യവസായങ്ങൾ അടച്ചുപൂട്ടാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കിയാൽ 486 സ്ഥാപനങ്ങൾ മാറ്റിസ്ഥാപിക്കുകയോ അടച്ചിടുകയോ വേണ്ടിവരും. ഉത്തരവിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബിബിഎംപി, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), തടാക സംരക്ഷണ സമിതിയായ കർണാടക ലേക്ക് കൺസർവേഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (കെഎൽസിഡിഎ), ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), മലിനീകരണ ബോർഡ് എന്നിവയുടെ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും.

ജലാധിഷ്ഠിത യൂണിറ്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടിസ് നൽകി

അതേസമയം, ബെംഗളൂരു മഹാനഗരത്തിന്റെ 35-40% ഭാഗം വരുന്ന ബെലന്തൂർ തടാകമേഖലയ്ക്കുള്ളിൽ ആയിരത്തോളം വ്യവസായങ്ങളാണുള്ളതെന്നും ഇതിൽ പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചുള്ള 486 യൂണിറ്റുകളെയായിരിക്കും നടപടി ബാധിക്കുകയെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ലക്ഷ്മൺ പറ‍ഞ്ഞു.

ഇതിൽ വൻതോതിൽ ജലമുപയോഗിച്ചു പ്രവർത്തിച്ചുവരുന്ന 97 എണ്ണത്തിന് ഇതിനോടകം അടച്ചുപൂട്ടൽ നോട്ടിസ് നൽകിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് അപ്പാർട്ടുമെന്റുകളിൽ നിന്നുമായി 480 ദശലക്ഷം ലീറ്റർ മലിനജലമാണ് പ്രതിദിനം ബെലന്തൂർ തടാകത്തിലേക്ക് ഒഴുക്കിവിടുന്നത്.

ഗാർമെന്റ് ഫാക്ടറികൾ, വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഡൈയിങ് യൂണിറ്റുകൾ, ഓട്ടമൊബീൽ റിപ്പയറിങ് കേന്ദ്രങ്ങൾ, രാസപദാർഥ നിർമാണ യൂണിറ്റുകൾ തുടങ്ങിയവയ്ക്കാണ് നിലവിൽ അടച്ചുപൂട്ടൽ നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്നു നടക്കുന്ന യോഗത്തിനു ശേഷം, തടാകത്തിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിലെ ബാക്കിയുള്ള വ്യവസായ യൂണിറ്റുകൾക്കു കൂടി ഉടനടി നോട്ടിസ് നൽകുമെന്നും ലക്ഷ്മൺ വ്യക്തമാക്കി.

പരിസ്ഥിതി പ്രവർത്തകരുടെ ഏറെക്കാലത്തെ ആവശ്യം

മുപ്പതോളം വർഷം പഴക്കമുള്ള വ്യവസായങ്ങളാകും തടാകക്കരയിൽ നിന്നു മാറ്റിസ്ഥാപിക്കുകയോ, അടച്ചിടുകയോ ചെയ്യേണ്ടി വരിക. പീനിയ പോലുള്ള വ്യവസായ കേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതാണ് പ്രയോഗികമായൊരു പോംവഴി. തടാകത്തെ മലിനമാക്കുന്ന വ്യവസായങ്ങൾ ദൂരസ്ഥലത്തേക്കു മാറ്റിസ്ഥാപിക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടേയും ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്.

ആറു മാസത്തിനുള്ളിൽ തടാകത്തെ മാലിന്യമുക്തമാക്കാനുള്ള കർമപദ്ധതി ആവിഷ്കരിക്കാനാണ് ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വ്യവസായങ്ങൾ അടച്ചുപൂട്ടിക്കുന്ന നടപടികൾ ശക്തമാകുമെന്ന് കെഎസ്എൽഡിഎ സിഇഒ വിദ്യാസാഗർ റാവു പറഞ്ഞു. പുതുതായി രൂപീകരിക്കുന്ന സംയുക്ത സമിതി പരിശോധിച്ച ശേഷമായിരിക്കും ബാക്കി യൂണിറ്റുകൾക്ക് നോട്ടിസ് നൽകുകയെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ വ്യക്തമാക്കി.

കയ്യേറ്റത്തിന്റെ നേർസാക്ഷ്യം: രാജീവ് ചന്ദ്രശേഖർ

സമീപകാലത്ത്, ബെംഗളൂരു മഹാനഗരം നേരിട്ടുവരുന്ന തണ്ണീർത്തട കയ്യേറ്റത്തിന്റെ ഏറ്റവും വലിയ ദുരന്തസാക്ഷ്യമാണ് ബെലന്തൂർ തടാകമെന്ന് രാജീവ് ചന്ദ്രശേഖർ എംപി പറ‍ഞ്ഞു. കോറമംഗല, ചല്ലഘട്ടെ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള മഴവെള്ളം സംഭരിച്ചു സൂക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് 891.9 ഏക്കറുള്ള ബെലന്തൂർ തടാകം വഹിക്കുന്നത്. എന്നാൽ റിയൽ എസ്റ്റേറ്റ് വികസനത്തിനായി ഇതിനു ചുറ്റുമുള്ള മേഖലയിൽ നടത്തുന്ന നിയമലംഘനങ്ങൾ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു.

നഗരത്തിനു കുടിവെള്ളം നൽകാൻ ശേഷിയുള്ള ഈ സ്വാഭാവിക ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള ചുമതല സർക്കാരിനുണ്ട്. ബെലന്തൂർ തടാകത്തിനു വേലികെട്ടി സംരക്ഷിക്കുന്നതിന് 3.30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ഇതുവരെ പണി പൂർത്തിയാക്കാൻ ബിഡിഎക്കു സാധിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.