മെട്രോ തന്ന സൗഭാഗ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochi-Metro-Railway

കൊച്ചി ∙  പൊട്ടിപ്പൊളിഞ്ഞു പാതാളക്കുഴികളായ റോഡുകൾ, വൃത്തിയില്ലാത്ത നഗരപാതകൾ, എങ്ങും ഗതാഗതക്കുരുക്ക്, മഴ പെയ്താൽ ചളിപിളിയായ ജംക്‌ഷനുകൾ, കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്ക്– അഞ്ചു വർഷം മുൻപുള്ള കൊച്ചി ഇതായിരുന്നു.അന്നു നോർത്ത് മേൽപാലം നാലുവരിയല്ല. ഇടപ്പള്ളിയിലും കെഎസ്ആർടിസി സ്റ്റാൻഡിനടുത്തും  മേൽപാലമില്ല. മെട്രോ ഓടിത്തുടങ്ങും മുൻപേ മെട്രോയുടെ പേരിൽ കൊച്ചിക്കു ലഭിച്ച സൗഭാഗ്യങ്ങൾ ഒട്ടേറെയാണ്. കോടികളുടെ കണക്കല്ല, ഉപയോഗിച്ച പണത്തിന്റെ മൂന്നും നാലും ഇരട്ടി നേട്ടമുണ്ടാക്കിയ പദ്ധതികളാണു പലതും.

നോർത്തിൽ നാലുവരിപ്പാലം

പതിറ്റാണ്ടുകൾ പഴക്കമുള്ള നോർത്ത് മേൽപാലം പൊളിച്ചുപണിയുമെന്നു കൊച്ചിയിൽ ആരും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല. ആ പാലം പൊളിച്ചാൽ കൊച്ചി നിശ്ചലമാകുമായിരുന്നു. റെയിൽവേ ലൈനിന് അപ്പുറവും ഇപ്പുറവും കിടക്കുന്ന നഗര കേന്ദ്രത്തെ പരസ്പരം ഇണക്കുന്ന രണ്ടു കണ്ണികളിൽ ഒന്നായ പാലം എങ്ങനെ പൊളിക്കാൻ. കാലപ്പഴക്കത്താൽ തകർന്നു വീണാലല്ലാതെ നോർത്ത് പാലം പുതുക്കില്ലായിരുന്നു.മെട്രോ നോർത്ത് വഴി കടന്നുപോകുമ്പോൾ പാലം വീതികൂട്ടാതെ രക്ഷയില്ലെന്നു വന്നു.

NORTH OVERBRIDGE

ഡിഎംആർസിയുടെ സാങ്കേതിക വിദ്യയും പ്രായോഗികതയും ചേർന്നപ്പോൾ നോർത്തിലെ പഴയ പാലം പൊളിച്ചു. അവിടെ നാലുവരി പുതിയ പാലവും അതിനു നടുവിൽ മെട്രോ തൂണുകളും വന്നു. ആരെയും ശല്യപ്പെടുത്താതെ, എല്ലാവരും മനസ്സിൽ വിചാരിച്ചതിലും നേരത്തേ, ഒരു ഗതാഗതക്കുരുക്കും ഇല്ലാതെ കൊച്ചിക്കൊരു സമ്മാനം. നോർത്തുപാലം പഴയപടിയായിരുന്നെങ്കിൽ കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെയാവുമായിരുന്നു.

എ.എൽ ജേക്കബ് മേൽപാലം

നോർത്ത് സൗത്ത് റെയിൽവേ മേൽപ്പാലങ്ങൾക്കിടയിലായി ഗാന്ധിനഗർ സലിം രാജൻ റോഡിനെയും രാജാജി റോഡിനെയും ബന്ധിപ്പിച്ച് ഒരു റെയിൽവേ മേൽപാലം എന്നത് പതിറ്റാണ്ടുകായി കൊച്ചിയുടെ സ്വപ്നമായിരുന്നു.  നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി വിദഗ്ധർ  നിർദേശിച്ചിരുന്ന പദ്ധതിയാണിത്.

cochin-jacob-road

കൊച്ചി മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഇവിടെ മേൽപാലം നിർമിച്ചതോടെ കൊച്ചിയുടെ ഗതാഗതക്കുരുക്കിനു വലിയൊരളവിൽ പരിഹാരമായി. വൈറ്റില ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു കടവന്ത്രയിൽ നിന്നു നേരിട്ട് എംജി റോഡിലെത്താൻ കഴിയുന്ന എളുപ്പമാർഗമാണിത്.എഎൽ ജേക്കബ് മേൽപാലത്തിന്റെ സാധ്യതകൾ കൊച്ചി പൂർണമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. നഗരത്തിലെ ബസ് റൂട്ടുകളുടെ പുനഃക്രമീകരണം വരുന്നതോടെ എ.എൽ. ജേക്കബ് മേൽപാലത്തിന്റെ പ്രസക്തിയേറും. റെക്കോർഡ് സമയത്തിൽ ഡിഎംആർസിയായിരുന്നു മേൽപാലം നിർമിച്ചത്.

ഇടപ്പള്ളി മേൽപാലം

ഇടപ്പള്ളി വഴി യാത്ര ചെയ്തിട്ടുള്ളവർ മനസ്സറിഞ്ഞു ശപിച്ചിട്ടുണ്ടാവും ഗതാഗതക്കുരുക്കിനെ. തിരക്ക് ഇപ്പോഴും പൂർണമായി ഒഴിവായില്ലെങ്കിലും ആശ്വാസമുണ്ട്. ഇടപ്പള്ളിയിൽ വന്ന മേൽപാലമാണു കാരണം. അതും മെട്രോയുടെ സൗഭാഗ്യം തന്നെ.ഇടപ്പള്ളിയിൽ എന്നെങ്കിലും ഒരിക്കൽ മേൽപാലം വരുമായിരുന്നു. വൈറ്റില മേൽപാലത്തിന്റെ കാര്യത്തിലെ അനിശ്ചിതത്വം കാണുമ്പോൾ അത് എത്രമാത്രം നീണ്ടുപോകുമായിരുന്നുവെന്നു വേഗം  മനസ്സിലാവും.ഒരു ദേശീയപാതയിൽ നിന്നു മറ്റൊരു ദേശീയപാത ആരംഭിക്കുന്ന ജംക്‌ഷനാണിത്.

മെട്രോ പാളം കടന്നുപോകേണ്ടതുകൊണ്ട് അവിടെ മേൽപാലം അടിയന്തരമായി പണിയേണ്ടിവന്നു. ഡിഎംആർസി യെ നിർമാണച്ചുമതല ഏൽപ്പിച്ചു. പൊതുമരാമത്തു വകുപ്പും കെഎംആർഎല്ലും റോഡ്ഫണ്ട്  ബോർഡും പണം മുടക്കി.ഗതാഗതം അൽപം  പോലും തടസ്സപ്പെടുത്താതെ നാലുവരി മേൽപാലവും അതിനു നടുവിൽ മെട്രോയ്ക്കു പാളവും പൂർത്തിയായി. ഇത്രയും തിരക്കേറിയ ജംക്‌ഷനിൽ ഒരു പ്രശ്നങ്ങളുമില്ലാതെ മേൽപാലം നിർമിക്കാൻ ഡിഎംആർസിക്കല്ലാതെ മറ്റാർക്കു കഴിയുമെന്നു നഗരവാസികൾ ചോദിച്ചാൽ അദ്ഭുതപ്പെടേണ്ട.

വരുന്നുണ്ട്,ഇനിയും പദ്ധതികൾ

ആലുവ, ഇടപ്പള്ളി, കളമശേരി, വൈറ്റില– ദേശീയപാതയിലെ ഇൗ നാലു ജംക്‌ഷനുകൾ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കാനൊരുങ്ങുകയാണ് കെഎംആർഎൽ. നിർമാണം ഉടൻ തുടങ്ങും. െമട്രോയ്ക്കു പണം വായ്പ നൽകിയ എഎഫ്ഡി യുടെ പ്രത്യേക പാക്കേജാണിത്.വാട്ടർമെട്രോയിൽ നിന്നു മെട്രോ ട്രെയിനിലേക്കു യാത്രക്കാരെ നയിക്കുന്ന  ഇടനാഴിയായി  ഹോസ്പിറ്റൽ റോഡിൽ  വോക്‌വേയും നിർമ്മിക്കാൻ പോവുകയാണ് . ബോട്ട് ജെട്ടിയിൽ നിന്നു പാർക് അവന്യൂ റോഡ് വഴി ഹോസ്പിറ്റൽ റോഡിലൂടെ മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനിലേക്ക്. ബോട്ടിറങ്ങുന്നവർക്കു നടപ്പാതയിലൂടെ സുരക്ഷിതമായി നടന്നു മെട്രോയിൽ കയറാം.

കുഴിയില്ലാതെയും റോഡ് പണിയാം

കടലിലെ തിരയെണ്ണുകയെന്നു കേട്ടിട്ടുണ്ടാവും. എണ്ണിയാലുമെണ്ണിയാലും തീരാത്തത്ര തിരകളുള്ളതിനാലാണ് അങ്ങനെയൊരു പറച്ചിൽ. കൊച്ചിയിലാകുമ്പോൾ ഇതു റോഡിലെ കുഴിയെണ്ണുകയെന്നും പറയാമായിരുന്നു.കൊച്ചിയിലെ റോഡുകളിൽ അത്രയ്ക്കു കുഴിയായിരുന്നു. ഓരോ വർഷവും നഗരസഭ പത്തോ ഇരുപതോ ലക്ഷം രൂപ മുടക്കി റോഡുകൾ ടാർ ചെയ്യും. രണ്ടുമാസം കഴിയുമ്പോഴേക്കും എല്ലാം പഴയ പടിയാവും. നിറയെ കുഴികൾ.

മെട്രോ നിർമാണത്തിനു മുന്നോടിയായി, നഗരത്തിലുണ്ടാവുന്ന തിരക്കു കുറയ്ക്കാൻ കെഎംആർഎൽ നഗരസഭയുടെ മുപ്പതോളം പ്രധാന റോഡുകൾ ടാർചെയ്തു. അഞ്ചു വർഷം മുൻപ്. ഇന്നും ഒരു തകരാറുമില്ലാതെ ആ റോഡുകൾ നഗരത്തിൽ കിടക്കുന്നു. ബിറ്റുമിൻ മെക്കാർഡം ബിറ്റുമിൻ കോൺക്രീറ്റ് (ബിഎംബിസി )നിലവാരത്തിൽ ചെറു റോഡുകളും ടാർ ചെയ്യാമെന്നു നഗരത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തതു മെട്രോയാണ്. നഗരവാസികൾ നല്ല റോഡ് കണ്ടു പരിചയിച്ചതുകൊണ്ടാവാം, ഇപ്പോൾ പ്രധാന റോഡുകളെങ്കിലും നഗരസഭ ബിഎംബിസി നിലവാരത്തിലാണു ചെയ്യുന്നത്. കൊച്ചി നഗരസഭ  മാത്രമല്ല, സമീപ മുനിസിപ്പാലിറ്റികളും ഇതേ മാതൃക പിന്തുടരുന്നു.മെട്രോയുടെ പേരിൽ കൊച്ചിക്കു കിട്ടിയ ആദ്യ സമ്മാനമാണ്  ഇൗ ബിഎംബിസി റോഡുകൾ. മെട്രോയെപ്പോലെ, ഇന്നും തകർക്കാനാവാത്ത കരുത്ത്.

പച്ചാളത്തൊരു പാലം

പച്ചാളം വഴിയോ, വടുതല വഴിയോ മെട്രോ കടന്നുപോകുന്നില്ല. എന്നിട്ടും പച്ചാളത്തിനും കിട്ടി മെട്രോയുടെ തൊട്ടുതലോടൽ, ഒരു മേൽപാലം.നഗരത്തിന്റെ വടക്കുഭാഗമാണ്, ഒരുകാലത്ത് നഗരത്തിന്റെ തിരക്കു മുഴുവൻ അവിടെയായിരുന്നു. ഇതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം. രണ്ടു റെയിൽവേ ഗേറ്റിൽ നഗരത്തിന്റെ വടക്കുഭാഗം കുരുങ്ങിക്കിടന്നു.

കുരുക്കു തീർന്നില്ല. നഗര നവീകരണ പദ്ധതിയിൽ പച്ചാളത്ത് നാലുവരിയിൽ മേൽപാലം പണിയാൻ പണം കിട്ടി. പണി തുടങ്ങാൻ പോലുമൊത്തില്ല. അതിനു കാരണങ്ങൾ പലതുണ്ട്. ആ അനിശ്ചിത്വത്തിൽ നിന്നാണു പച്ചാളം മേൽപാലം വരുന്നത്.ഡിഎംആർസിയുടെ നിർമാണത്തിന്റെ മേന്മകളൊന്നും ഇല്ലാതെ പാലം പണിയേണ്ടിവന്നതു ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ മൂലമാണ്. നേർവരയിൽ പണിത പാലമല്ലിത്. എങ്കിലും ഇതു വലിയൊരു ആശ്വാസം തന്നെ.  ട്രെയിൻ പോകുന്നതു കാത്ത് മണിക്കൂറോളം കിടക്കേണ്ടല്ലോ.

സ്ട്രീറ്റ് സ്കേപ്പ്

പനമ്പിള്ളി നഗർ അറ്റത്ത്, ശിഹാബ് തങ്ങൾ റോഡിലും കസ്തൂർബാ നഗറിലേക്കുള്ള വഴിയിലും വീതിയുള്ള റോഡുകൾ വാഹനങ്ങളുടെ പാർക്കിങ് സ്ഥലമായിരുന്നു. അവിടെ വോക്‌വേ നിർമിക്കുന്നുവെന്നു കേട്ടപ്പോൾ എല്ലാ കോണുകളിൽ നിന്നും എതിർപ്പായിരുന്നു. 22 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ ഏറ്റെടുത്ത സ്ഥലത്തു റോഡിന്റെ വീതി പകുതിയാക്കി നടപ്പാത പണിയുകയോ? ഹൈക്കോടതിയിൽ വരെ കേസ് എത്തി. തീർപ്പും വന്നു. ഇന്ന് ഒരു കിലോമീറ്ററോളം നീളത്തിൽ ആളുകൾക്കു നടക്കാൻ രാജ്യാന്തര നിലവാരത്തിലൊരു വോക് ‌വേ. കൂടെ സൈക്കിൾ ട്രാക്കും. പുൽത്തകിടികളും പൂച്ചെടികളുമൊക്കെയായി കൊച്ചിക്ക് ഇതൊരു ഇന്റർനാഷനൽ സ്പേസ് ആണ്.

cochin-Panampilly-Nagar-Walkway-Night


കൊച്ചി മെട്രോ ഒരു മാതൃക നിർമിച്ചുവെന്നേയുള്ളു, നഗരത്തിന്റെ ഇനിയുള്ള ഭാഗത്തേക്കു പകർത്താൻ. നഗരത്തിന്റെ ഇടങ്ങളിൽ കാൽനടയാത്രക്കാരും സൈക്കിൾ യാത്രികരും ഉണ്ടെന്നും ആളുകൾക്കു വീടിനു പുറത്തിറങ്ങി ഇരിക്കാൻ അൽപ്പം ഇടംവേണമെന്നും കൊച്ചി എത്ര വേഗമാണു പഠിച്ചത്. അതു പഠിപ്പിച്ചത് ഇൗ സ്ട്രീറ്റ് സ്കേപ്പ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.