പത്തേമാരിക്കാലത്തു നിന്ന് മെട്രോ ട്രെയിനിലേക്കുള്ള കൊച്ചിയുടെ യാത്രാചരിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-mattancherry മട്ടാഞ്ചേരി ബോട്ട് ജെട്ടി

കൊച്ചി ∙ അൻപതോ അറുപതോ വർഷം പിന്നിലേക്കു കാലം ചെറുതായൊന്നു മറിച്ചുനോക്കിയാൽ കാണാം കൊച്ചിക്കായലിൽ തിങ്ങിനിറഞ്ഞു കിടക്കുന്ന പത്തേമാരികൾ.റാന്തൽവിളക്കുകൾ തിരിതാഴ്ത്തി, പായ് ഒതുക്കിക്കെട്ടി, ഒരു രാത്രി മുഴുവൻ നീണ്ട തുഴച്ചിലിന്റെ ആലസ്യമകറ്റാൻ കരപറ്റാനൊരുങ്ങുന്ന വഞ്ചിക്കാർ. പത്തേമാരികളിൽ നിറയെ  പല നാടുകളിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളും വിളകളും. ലക്ഷ്യം, എറണാകുളം മാർക്കറ്റും മട്ടാഞ്ചേരിയിലെ കൂറ്റൻ പാണ്ടികശാലകളും.പത്തേമാരിക്കാലത്തുനിന്നു ഇന്നു കാണുന്ന കൊച്ചിയിലേക്കു നോക്കിയാൽ അദ്ഭുതം  തോന്നും, കാലം കൊച്ചിയെ അത്രക്കങ്ങു മാറ്റിക്കളഞ്ഞു.

cochin-rick-hi-res

ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ചേർന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര കേന്ദ്രമായിരുന്നു പഴയകൊച്ചി. അതിരുകൾ വളർന്ന് അതൊരു വലിയ ഭൂമികയായി, ആലുവയും അങ്കമാലിയും, പറവൂരും ദ്വീപുകളുമൊക്കെ ചേർന്ന വിശാലകൊച്ചിയാണ് ഇന്നു കൊച്ചി.ക്രിസ്തുവിനും മുൻപു പുരാതന ചരിത്രത്തിൽ ലോകസഞ്ചാരികളാൽ കൊച്ചിയുടെ പേരും വ്യാപാരപ്പെരുമയും കുറിച്ചിട്ടിട്ടുണ്ട്. ഗ്രീക്കുകാരും അറബികളും ചൈനക്കാരും ഇവിടെ വ്യാപാരത്തിനെത്തിയിരുന്നെന്ന് ആ ചരിത്രം പറയുന്നു.

കായലിന്റെ കിഴക്കേക്കര– എറണാകുളം. നെൽവയലുകളും വെള്ളക്കെട്ടും മൽസ്യത്തൊഴിലാളി ഗ്രാമങ്ങളുമായി കിടന്ന വിശാലമായ പരപ്പ്. ഗതാഗതത്തിൽ വന്ന മാറ്റമാണു കൊച്ചിയെ മാറ്റിമറിച്ചത്. കേരളം പിറന്നുവീഴുമ്പോൾ ചെറു പട്ടണമായിരുന്നു ഇത്, ആലപ്പുഴയ്ക്കും കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നിൽ.ഇന്നോ?

കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 60 % നൽകുന്ന വ്യാപാര നഗരം. ഇന്ത്യയിൽത്തന്നെ അതിവേഗം വികസിക്കുന്ന നഗരങ്ങളിൽ മുന്നിൽ.വെണ്ടുരുത്തിയെന്നൊരു ചെറു ദ്വീപിനെ ആധുനിക തുറമുഖമായി വികസിപ്പിച്ചതോടെ മട്ടാഞ്ചേരിയുടെ വ്യാപാരപ്പെരുമ അപ്പാടെ കായലിന്റെ കിഴക്കേക്കരയിലേക്കു മാറി. പാലങ്ങൾ, റോഡുകൾ, വിമാനത്താവളം, പുതിയ റെയിൽവേ ലൈനുകൾ, ഫ്‌ളൈഓവറുകൾ..... കാണെക്കാണെ കൊച്ചി മാറി, ഇപ്പോഴിതാ മാറ്റത്തിന്റെ പുതിയൊരു മുഖവുമായി കൊച്ചി മെട്രോയും.

cochin-car

മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി

നൂറ്റാണ്ടുകളുടെ പഴക്കമുള്ള വ്യാപാരപ്പെരുമ, വിദേശ ശക്തികളുടെ അധിനിവേശം... രാജ്യത്തിനകത്തും പുറത്തുനിന്നും ഇവിടെ വർത്തക സംഘങ്ങളെത്തി വാണിജ്യം നടത്തി.
ഡച്ചും പോർച്ചുഗീസും ബ്രിട്ടിഷുകാരും ഇൗ മണ്ണിൽ ആധിപത്യമുറപ്പിച്ചു. കുറേയേറെ അവർ കൊണ്ടുപോയപ്പോൾ അവരിൽ നിന്നു ചിലതെല്ലാം നമുക്കുകിട്ടി.ഫോർട്ട‌്കൊച്ചി ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റിയായത് അങ്ങനെ. സ്കൂളുകളും സ്ഥാപനങ്ങളും  നിർമിച്ചു. റോഡുകൾ പണിതു.  പഴയകൊച്ചി ഇന്നു ലോകമറിയുന്ന പൈതൃകടൂറിസം കേന്ദ്രമാണ്.

cochin-boat-jetty1

എറണാകുളം ബോട്ട് ജെട്ടി

ഇന്നും  ഇൗ നഗരത്തിൽ മാറ്റമില്ലാതെ നിൽക്കുന്നതും ഇൗ ജെട്ടിതന്നെ. കൊടുങ്ങല്ലൂരും ആലപ്പുഴയും കൊല്ലവുമായിട്ടായിരുന്നു അടുപ്പം. ആലുവയിൽ മാർത്താണ്ഡവർമ പാലവും മംഗലപ്പുഴ പാലവുമില്ല. കേരളത്തിനു വടക്കോട്ടുള്ള സഞ്ചാരം കൊടുങ്ങല്ലൂർവഴി. തെക്കോട്ടു പോകാൻ ഇടക്കൊച്ചി പാലവും അരൂർ– വൈറ്റില ദേശീയപാതയിലെ അഞ്ചു പാലങ്ങളുമില്ല. ആ യാത്ര കൊല്ലം വരെ നീണ്ടു. കൊച്ചിയിലേക്ക് ആളുകൾ വന്നതും പോയതും എറണാകുളം ജെട്ടിവഴിയാണ്. വ്യാപാരവും, സാഹിത്യവും സംസ്കാരവും, രാഷ്ട്രീയവും, വിനോദവും എല്ലാം ഇവിടെ കേന്ദ്രീകരിച്ചു. പിന്നീടു കെഎസ്ആർടിസി ബസ് സ്റ്റേഷൻ വന്നതും ഇവിടെയാണ്.

cochin-nippen-boat

വിശാലമായ കായൽപ്പരപ്പും കായലിലെ വൻതുരുത്തുകളും എല്ലാം ചേരുന്ന യാത്രാ സംവിധാനമായിരുന്നു കൊച്ചിയിലേത്. ബോട്ടുകൾ വരുംമുൻപുതന്നെ ദൂരെദിക്കുകളിൽ നിന്നു പത്തേമാരികളിൽ കൊച്ചിയിൽ ചരക്കെത്തിയിരുന്ന കാലം. യാത്രയ്ക്കും ഇതു തന്നെയാണു മാർഗം. ചരക്കുമായി വൈകുന്നേരം പത്തേമാരിയിറങ്ങിയാൽ പുലർച്ചെ കൊച്ചിയിലെത്താം. വൈകിട്ടു മടക്കം. ബോട്ടുകളെത്തിയതോടെ പത്തേമാരിക്കാലം കഴിഞ്ഞു. പാലങ്ങൾ വന്നതോടെ ബോട്ടുകളുടെ കാലവും. വാട്ടർമെട്രോ ആ പഴയ ബോട്ടുകാലം കൊണ്ടുവരുന്നതു കാത്തിരിക്കുകയാണു രണ്ടു നൂറ്റാണ്ടു പിന്നിട്ട എറണാകുളം ബോട്ട്ജെട്ടി.

cochin-jose-junction എറണാകുളം ജോസ് ജംക്‌ഷൻ

എറണാകുളം

എറണാകുളം കരയിലെ ആദ്യ ടാർറോഡ് ഷൺമുഖം റോഡാണ്. ചിറ്റൂർ മുതൽ രവിപുരം വരെയുള്ള ചിറ്റൂർ റോഡും നഗരത്തിലെ ആദ്യറോഡുകളിലൊന്നുതന്നെ. അന്നത്തെക്കാലത്തു കൊച്ചിരാജ്യത്തിന്റെ ഖജനാവിൽനിന്നു 60000 രൂപ ചെലവിട്ടായിരുന്നു റോഡ് ടാറിങ്.എറണാകുളം ഗെസ്റ്റ് ഹൗസ് അന്നുമുണ്ട്, കൊച്ചി ദിവാന്റെ താമസസ്ഥലം.

cochin-town

ബംഗ്ലാവിന്റെ മട്ടുപ്പാവിൽ നിന്നു നോക്കിയാൽ ഇപ്പോൾ ഹൈക്കോടതി ഇരിക്കുന്ന പ്രദേശം  മുതൽ തേവരവരെ ചിരട്ട കമിഴ്ത്തിവച്ചതുപോലുള്ള മൽസ്യത്തൊഴിലാളി കുടിലുകളായിരുന്നു. ശൗചാലയങ്ങളൊന്നും സ്വപ്നം കാണാൻപോലും കഴിയാതിരുന്ന കാലത്ത്, കായൽതീരമായിരുന്നു ഇവരുടെ ശൗചാലയം. ഇതു കണ്ടു മനസ്സു മടുത്ത ദിവാൻ ഷൺമുഖം ചെട്ടി മൽസ്യത്തൊഴിലാളികളെ പച്ചാളത്തേക്കു മാറ്റി താമസിപ്പിച്ചുവെന്നാണു കഥ.

ഹൈക്കോടതി മുതൽ പാലാരിവട്ടം വരെയുള്ള ബാനർജി റോഡ് പണ്ടു വലിയൊരു തോടാണ്, പുഞ്ചത്തോട്. എംജി റോഡ് പുഞ്ചപ്പാടമാണ്. സെന്റ് ആൽബർട്സ് സ്കൂൾ ഇരിക്കുന്നിടം തുമ്പപ്പറമ്പ്. പുല്ലേപ്പടിയിലേക്ക് ആളുകൾക്കു പോകാൻ ഭയം, വസൂരി കാട്ടുതീപോലെ പടർന്നുപിടിച്ച കാലത്ത്, അകാല ചരമമടഞ്ഞവരെ കുഴിച്ചിട്ട സ്ഥലം.

നഗരത്തിന്റെ അടയാളങ്ങളായി ഇന്നു കാണുന്നതൊന്നും അന്നില്ല. മറൈൻഡ്രൈവില്ല, ഷൺമുഖം റോഡാണു കായലിന്റെ അതിര്. പാലങ്ങളില്ല, വാഹനമില്ല, കാൽനടയാത്ര മാത്രം ശരണം. വളഞ്ഞമ്പലത്തിന് അപ്പുറത്തേക്കു നഗരമില്ല. പനമ്പിള്ളി നഗർ മുതൽ പേട്ട വരെ വയലുകളാണ്. തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം ശിവക്ഷേത്രത്തിലേക്കു വിശാലമായൊരു മൺ ബണ്ട് ഉണ്ട്, രാജകുടുംബാംഗങ്ങൾ എസ്ആർവി സ്കൂളിലേക്കും മഹാരാജാസ് കോളജിലേക്കും പോകുന്നത് അതുവഴിയാണ്. രാജകുടുംബാംഗങ്ങൾക്കു ക്ഷേത്ര ദർശനത്തിനു പോകാൻ ഉണ്ടാക്കിയതാണ്  ഇടപ്പള്ളി തോട്. 1913 ലാണ് എറണാകുളത്തു നിന്നു തൃശൂർക്കു കല്ലിട്ടുറപ്പിച്ച ഒരു  റോഡ് നിർമിക്കുന്നത്, കൊച്ചി രാജ്യത്തിന്റെ ഖജനാവിൽ നിന്ന് 80000 രൂപ അതിനായി ചെലവിട്ടു.  

തിരുക്കൊച്ചി രാജ്യത്തെ പൊതുമരാമത്തു  മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പൻ 70 അടി  വീതിയിൽ എംജി റോഡ് നിർമിക്കാൻ തുടങ്ങിയപ്പോൾ ജനം ചോദിച്ചു, എന്തിനാണ് ഇത്രയും വീതിയിൽ ഒരു റോഡ്. ആ ചോദ്യം അന്നു പ്രസക്തമായിരുന്നു. അതിലൂടെ ഓടിക്കാനുള്ള വാഹനങ്ങൾ അന്നു കൊച്ചിയിലില്ല. 70 അടിയല്ല, 700  അടി വീതിയിൽ നിർമിച്ചാലും കൊച്ചിക്ക് അതു മതിയാവില്ലെന്നു പിന്നെ കാലം തെളിയിച്ചു.
 

വെണ്ടുരുത്തിയിൽ നിന്നു വല്ലാർപാടത്തേക്ക്

വൻ വെള്ളപ്പൊക്കത്തിൽ പെരിയാർ ദിശമാറിയൊഴുകിയാണു കൊച്ചി തുറമുഖമുണ്ടായത്, സ്വാഭാവിക തുറമുഖം. ചെറു കപ്പലുകൾ മാത്രം അടുത്തിരുന്ന തുറമുഖത്തെ ആധുനിക തുറമുഖമാക്കിയതു സർ റോബർട്ട് ബ്രിസ്റ്റോ എന്ന തുറമുഖ  എൻജിനീയർ.1920 ഏപ്രിൽ 13 നു  കൊച്ചിയിലെത്തിയ ബ്രിസ്റ്റോ ഡൊറോത്തിയെന്ന ചെറു ബോട്ടിൽ കൊച്ചിക്കായലിലാകെ ഒന്നു കറങ്ങി. പല ബക്കറ്റുകളിൽ സൂക്ഷിച്ച, വിവിധ നിറത്തിലുള്ള അറക്കപ്പൊടിയുമായിട്ടായിരുന്നു യാത്ര. ഓരോ തുരുത്തുകൾക്കു സമീപവും ഇൗ പൊടികൾ കായലിൽ വിതറി, വെള്ളത്തിന്റെ ഒഴുക്കു മനസിലാക്കി.

cochin-boat

ഒഴുക്കിനു വിഘാതമായി നിന്ന ചില തുരുത്തുകൾ നീക്കി, പുതിയ തുരുത്തുകൾ ഉണ്ടാക്കി, അഴിമുഖത്തുണ്ടായിരുന്ന മണൽത്തിട്ടകീറി ആഴത്തിൽ ചാലുണ്ടാക്കി, ഇതെല്ലാം കൊണ്ടുവന്നിട്ടതു വെണ്ടുരുത്തിയെന്ന ചെറു ദ്വീപിനോടു ചേർന്ന്. ആ വെണ്ടുരുത്തി ദ്വീപാണ് ഇന്നത്തെ വില്ലിങ്ഡൻ ഐലൻഡ്. 800 ഏക്കർ വിസ്തൃതിയിൽ നികത്തിയെടുത്ത ആ വലിയ ദ്വീപിൽ കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്നു.

കൊച്ചിയുടെ വളർച്ചയിൽ നിർണായകം കൊച്ചി തുറമുഖമാണ്. തുറമുഖത്തെ ബന്ധിപ്പിച്ചു വെണ്ടുരുത്തിപ്പാലവും മട്ടാഞ്ചേരി പാലവും നിർമിച്ചു. കായലിനു കുറുകെ നിർമിച്ച പാലത്തിൽ യാത്ര ചെയ്യാൻ ആളുകൾ ഭയന്നപ്പോൾ ബ്രിസ്റ്റോ ഭാര്യയുമൊത്തു സ്വന്തം കാറിൽ യാത്ര ചെയ്തു പാലത്തിലെ ആദ്യയാത്രക്കാരനായി.കാലം കുറേകടന്നുപോയി, ഇടത്തരം കപ്പലുകളിൽ നിന്നു ലോകം കൂറ്റൻകപ്പലുകളിലേക്കു മാറിയപ്പോൾ കൊച്ചി തുറമുഖവും മാറി. ഐലൻഡിന്റെ മറുകരയിൽ വല്ലാർപാടത്തു പുതിയ കണ്ടെയ്നർ ടെർമിനൽ ഉയർന്നു. ഇപ്പോൾ കൊച്ചിയുടെ കടൽവ്യാപാരം   വല്ലാർപാടം  വഴിയാണ്.

ഐലൻഡിൽ നിന്ന് നെടുമ്പാശേരിയിലേക്ക്

ആകാശത്തൊരു മുരളലുമായി റോയൽ എയർഫോഴ്സിന്റെ ഡെക്കോട്ട വിമാനം വില്ലിങ്ഡൻ ഐലൻഡിലെ റൺവേയെ മുത്തമിടുമ്പോൾ ഗതാഗതചരിത്രത്തിൽ അതൊരു പുതിയ ചരിത്രമായിരുന്നു. അതിനു മുൻപേ കൊച്ചിയിൽ വിമാനമിറങ്ങിയിട്ടുണ്ട്, 1926 ൽ. 1943 ലാണ് ഐലൻഡിൽ നാവിക വിമാനത്താവളം തുടങ്ങുന്നത്. പിന്നീട് ഏറെക്കാലം കൊച്ചിയുടെ  ആകാശ സഞ്ചാരങ്ങൾ ഐലൻഡ് വഴിയായിരുന്നു. ഐലൻഡിലേക്കുള്ള പാച്ചിലിൽ വാത്തുരുത്തി റെയിൽവേ ഗേറ്റിൽ കുടുങ്ങി കുറേ നേരം. വൻകിട വിമാനങ്ങളൊന്നും ഇറങ്ങാൻ സൗകര്യമില്ലാത്തത് ഐലൻഡ് വിമാനത്താവളത്തിന്റെ പോരായ്മയായിരുന്നു എന്നും. അങ്ങനെ പുതിയ വിമാനത്താവളമെന്ന ആലോചന യാഥാർഥ്യമായി, അങ്കമാലിക്കടുത്ത് നെടുമ്പാശേരിയിൽ.

സർക്കാർ കാര്യമായി പണം മുടക്കാതെ, വിദേശ മലയാളികളുടെ സഹകരണത്തിൽ, അവരുടെ സംഭാവന കൊണ്ടു രാജ്യത്ത് ഇതുവരെയില്ലാത്ത പുതിയൊരു മോഡൽ. 1994 ൽ തറക്കല്ലിട്ട് 99 ൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ആദ്യ വിമാനം വന്നിറങ്ങി. ചെറു വിമാനത്തിൽ കയറി ചെന്നൈയിലും മുംബൈയിലും ഇറങ്ങി ആളുകൾ വിദേശരാജ്യങ്ങളിലേക്കു പോയ കാലം മാറി. ഇന്നു കൊച്ചിയിൽ നിന്ന് ഏതു രാജ്യത്തേക്കും ഇന്നു നേരിട്ടു പറക്കാം.

കൊച്ചിയെ മാറ്റിയത് ഗതാഗതം

ജലഗതാഗതത്തിൽ നിന്നു റെയിൽവേയിലേക്ക്. അവിടെനിന്നു വിമാനത്തിലേക്ക്. ഇപ്പോഴിതാ മെട്രോയിലേക്കും. നഗര ഗതാഗതത്തിന്റെ ഏതാണ്ട് എല്ലാ മാർഗങ്ങളും കൊച്ചിയിലുണ്ട്. സൈക്കിൾ റിക്ഷകളും സൈക്കിളുകളും ഏതാനും കാറുകളും മാത്രമുണ്ടായിരുന്ന നഗരത്തിൽ രണ്ടോമൂന്നോ റോഡുകൾ മാത്രം ഉണ്ടായിരുന്ന കാലം മാറി. ഇന്നു റോഡില്ലാത്ത പ്രദേശമില്ല. സൈക്കിൾ റിക്ഷകൾ  ഓട്ടോറിക്ഷകളായി. വാഹനമില്ലാതിരുന്ന റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞുകവിഞ്ഞു.

cochin-ksrtc-stand എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ്

ദ്വീപുകളെ പാലങ്ങൾ ബന്ധിപ്പിച്ചു. ആലുവയിൽ മാർത്താണ്ഡവർമപാലവും മംഗലപ്പുഴ പാലവും വടക്കോട്ടു വഴിതെളിച്ചു. ഇടക്കൊച്ചിപാലം തെക്കുദേശവുമായി കൊച്ചിയെ ബന്ധിപ്പിച്ചു. ചമ്പക്കരയിൽ പാലം വന്നതോടെ കിഴക്കോട്ടുള്ള യാത്രയുമായി. അരൂരിൽ നിന്ന് അഞ്ചു പാലം പണിത് വൈറ്റിലയിലൂടെ ഇടപ്പള്ളിക്കു ബൈപാസ് വന്നു. വെണ്ടുരുത്തിപ്പാലവും മട്ടാഞ്ചേരി പാലവും ചരിത്ര വിസ്മയങ്ങളായി ഇന്നും നിലകൊള്ളുന്നു.

വരാപ്പുഴപാലം ചിറ്റൂർ ഫെറി അവസാനിപ്പിച്ചു. പാലങ്ങളിൽ ഏറ്റവും വിപ്ലവമുണ്ടാക്കിയത് ഗോശ്രീ പാലം. ബോൾഗാട്ടി, വല്ലാർപാടം, വൈപ്പിൻ കരകളെ ബന്ധിപ്പിച്ച, പതിറ്റാണ്ടുകൾ നീണ്ട സ്വപ്നം. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ പാലം   കൊച്ചിയിലാണ്– വേമ്പനാട് റെയിൽവേ പാലം.ഏതാണ്ട് എല്ലാ റെയിൽവേ ഗേറ്റുകൾക്കു മുകളിലും മേൽപാലങ്ങളായി. പാലങ്ങളില്ലാത്ത തുരുത്തുകളില്ലെന്നായി. ഒരു കാലത്ത് ഇല്ലായ്മയായിരുന്നു പ്രശ്നമെങ്കിൽ ഇന്നു ധാരാളിത്തമാണു പ്രശ്നം, വാഹനങ്ങളുടെ. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു പൊതു ഗതാഗതത്തിലേക്കുള്ള മാറ്റത്തിനാണു തുടക്കമിടുന്നത്, മെട്രോയിലൂടെ.

വിറ്റുപെറുക്കി നിർമിച്ച റെയിൽ പാളം

ഷൊർണൂർ–  എറണാകുളം റെയിൽപ്പാത കൊച്ചിയെ ഇന്ത്യയുമായി ബന്ധിപ്പിച്ചു. ബോട്ട്കാലത്തിൽ നിന്നു റെയിൽപ്പാളങ്ങളിലേക്കു കൊച്ചി ഓടിക്കയറിയതിനു പിന്നിലെ ചരിത്രം ജനസേവകരായിരുന്ന ഒരു രാജകുടുംബത്തിന്റെ ത്യാഗത്തിന്റേതാണ്.മദ്രാസിൽ (ചെന്നൈ) നിന്നു ഷൊർണൂരിലേക്ക് എത്തുന്ന ട്രെയിൻ കൊച്ചിയിലേക്കു കൊണ്ടുവരണമെന്നു കൊച്ചിരാജാവ് ബ്രിട്ടിഷുകാരോട് അഭ്യർഥിച്ചപ്പോൾ, ചെലവു വഹിക്കാമെങ്കിൽ അതാവാമെന്നായിരുന്നു മറുപടി. സംഘടിപ്പിക്കാവുന്ന അത്രയും പണം കൊച്ചി രാജ്യം സംഘടിപ്പിച്ചു. എന്നിട്ടും തികയാതെ വന്നപ്പോൾ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളിൽ 14 ഉം, സമീപ ക്ഷേത്രങ്ങളിലെ ആഭരണങ്ങളും വിറ്റു റെയിൽവേ ലൈൻ ഉണ്ടാക്കാൻ പണം കണ്ടെത്തി.

cochin-train

1899 ൽ റെയിൽപാതയുടെ നിർമാണം തുടങ്ങി. 1902 ജൂൺ രണ്ടിനു ഗുഡ്സ് ട്രെയിൻ കൊച്ചിയിലെത്തി, ഹൈക്കോടതി കെട്ടിടത്തിനു പുറകിലെ ഓൾഡ് റെയിൽവേ സ്റ്റേഷനിൽ. അതേവർഷം ജൂലൈ 16 നു യാത്രാവണ്ടികളെത്തി. 1935 ൽ ബ്രോഡ് ഗേജ് ആയി. ഒറ്റവരിപ്പാത ഇരട്ടപ്പാതയായി. 1940 ൽ കൊച്ചിക്കായൽ കടന്നു റെയിൽവേ വില്ലിങ്ഡൻ ഐലൻഡിലെത്തി. തുറമുഖത്തിന്റെ വികസനത്തെ ഇതു ചെറുതൊന്നുമല്ല സഹായിച്ചത്.പിന്നീടു കോട്ടയത്തേക്കും ആലപ്പുഴയിലേക്കും എറണാകുളത്തു നിന്നു റെയിൽപ്പാതയായി. ആദ്യം ട്രെയിനെത്തിയ റെയിൽവേ സ്റ്റേഷൻ ഇടിഞ്ഞുപൊളിഞ്ഞു വിസ്മൃതിയിലായി, ഹാർബർ ടെർമിനസും അങ്ങനെ തന്നെ. പകരം സൗത്തിലും നോർത്തിലുമായി രണ്ടു റെയിൽവേ സ്റ്റേഷൻ വന്നു.

1342

‌പ്രാചീന സൗകര്യങ്ങളോടെ കൊച്ചി തുറമുഖമായി

1902 ജൂൺ 2

വടക്കുനിന്ന് ചരക്കുതീവണ്ടി കൊച്ചിയിലെത്തി. ജൂലൈ 16ന് യാത്രാവണ്ടികളും.

1930

എട്ടു സീറ്റുള്ള ബസുകൾ കൊച്ചിയിൽ


1940

കൽക്കരി കത്തിച്ചോടുന്ന 20 സീറ്റുള്ള ബസുകളെത്തി


1956 ഒക്ടോബർ 17

എറണാകുളം– കോട്ടയം പാതയിലൂടെ  ആദ്യ ട്രെയിൻ ഓടി

1968 നവംബർ 1

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.