പായട്ടെ, ആ പായ്ക്കപ്പൽ വീണ്ടും....

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-ship2009

ഓർമച്ചാലിൽ ഒരു പായ്ക്കപ്പൽ കുതിച്ചുപായുകയാണ്. അതിനു പിന്നാലെയാണ് പ്രഫ. ജോർജ് മേനാശ്ശേരി. പഴയ ചെങ്കടൽ കപ്പൽപാതയിലൂടെയാണ് ആ സ്മൃതിയാത്ര. ആ പാതയെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളിലാണ് അദ്ദേഹമിപ്പോൾ. അതിന്റെ ഭാഗമായി അധികാരികൾക്കു മുൻപിൽ ഒട്ടേറെ നിർദേശങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. തൃശൂർ സെന്റ് തോമസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം തലവനായി വിരമിച്ച പ്രഫ ജോർജ് ഏറെക്കാലമായി മുസിരിസ്– ചെങ്കടൽ യാത്രയുടെ സ്വപ്നങ്ങളിലാണ്.

വെറും സ്വപ്നമല്ല, പഠനങ്ങളും ചർച്ചകളുമെല്ലാമായി പദ്ധതി സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമം. കുറച്ചുനാൾ വിശ്രമ ജീവിതത്തിനായി അദ്ദേഹമിപ്പോൾ ന്യു ഡൽഹിയിലാണ്. പക്ഷേ, ഇന്ദിരാപുരം കബാന വിൻസർ പാർക്കിലെ അപാർട്മെന്റിലിരിക്കുമ്പോഴും വിശ്രമത്തിനു രണ്ടാം സ്ഥാനം മാത്രം. പ്രാചീന കപ്പൽപാത തന്നെയാണു മനസ്സിൽ. അതിന്റെ പഠനങ്ങൾക്കാണു പ്രഥമസ്ഥാനം. തലസ്ഥാന നഗരിയിലെ വിവിധ കോളജുകളിലും സ്ഥാപനങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കുന്നുമുണ്ട്.

പ്രഫ. ജോർജ് മേനാശ്ശേരിയും ഭാര്യ മാഗിയും. ചിത്രം: സിബി മാമ്പുഴക്കരി പ്രഫ. ജോർജ് മേനാശ്ശേരിയും ഭാര്യ മാഗിയും. ചിത്രം: സിബി മാമ്പുഴക്കരി

ആധുനിക സാങ്കേതികവിദ്യകൾ പ്രചാരത്തിലാകും മുൻപ് 1978ൽ വത്തിക്കാനിലെത്തി പോപ്പിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തിട്ടുമുണ്ട് അദ്ദേഹം. അതോടൊപ്പം തന്നെ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ചരിത്രം രേഖപ്പെടുത്തുന്ന ക്രിസ്ത്യൻ എൻസൈക്ലോപീഡിയയുടെ എഡിറ്ററുമാണ്.

വീണ്ടും തെളിയണം ആ കപ്പൽപാത

2300 വർഷങ്ങൾക്കു മുൻപും കേരളത്തിലെ മുസിരിസ് പ്രദേശം ലോക പ്രശസ്തമായിരുന്നു. ഇൗജിപ്തിലെയും യെമനിലെയും ചെങ്കടൽത്തീര പ്രദേശങ്ങളുമായി നിരന്തരം നടത്തിയിരുന്ന വ്യാപാരം തന്നെയായിരുന്നു പ്രശസ്തിക്കു കാരണം. ആ വാണിജ്യ ഇടപാടുകളും സാംസ്കാരിക കൈമാറ്റങ്ങളും ലോകശ്രദ്ധയിലേക്കെത്തിച്ചത് പായ്ക്കപ്പൽ യാത്രകളായിരുന്നു. അന്നത്തെ രീതിയിലുള്ള ഒരു പായ്ക്കപ്പൽ യാത്ര പുനരാവിഷ്കരിക്കുകയാണ് ജോർജ് മേനാശ്ശേരിയുടെ ലക്ഷ്യം. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം.

പ്രഫ. ജോർജ് മേനാശ്ശേരി പ്രഫ. ജോർജ് മേനാശ്ശേരി

പരമ്പരാഗത രീതിയിലുള്ള പായ്ക്കപ്പൽ നിർമിച്ച്മുസിരിസ് ചെങ്കടൽ യാത്ര സംഘടിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെയും കേരള ചരിത്ര അസോസിയേഷന്റെയും ആവശ്യം. കേന്ദ്ര പ്രതിരോധ മന്ത്രാലയം കേരള– കേന്ദ്ര ടൂറിസ്റ്റ്, സാംസ്കാരിക വകുപ്പുകൾ മുന്നോട്ട് വന്നാൽ ഇതു നടപ്പാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ കാതലൊത്ത മരങ്ങളും കയറും ഉപയോഗിച്ച് ആണികൾ ഉപയോഗിക്കാതെ കോഴിക്കോട്ടെ ബേപ്പൂരിൽ ഉരു ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. ഉരു നിർമാണത്തിൽ കാലങ്ങൾക്കപ്പുറം മുതൽ പ്രശസ്തമാണ് ബേപ്പൂർ.
ആദ്യ നൂറ്റാണ്ടുകളിൽ ഇൗജിപ്തിൽനിന്ന് കേരളത്തിലെത്താൻ 40 ദിവസമാണ് വേണ്ടിയിരുന്നത്.

എന്നാൽ സാങ്കേതിക വിദ്യകളുടെ കടന്നുവരവും കപ്പൽപാതകളിലെ തടസ്സങ്ങൾ പഴയപോലെ ഇല്ലാത്തതിനാലും ഇന്നതിന് 27 ദിവസം മാത്രം മതി. പഴയ പായ്ക്കപ്പലുകളുടെ അതേ രൂപത്തിൽത്തന്നെ ഇപ്പോഴും നിർമാണം സാധ്യവുമാണ്. ഇത്തരത്തിൽ ഒരു യാത്ര പുനരാവിഷ്കരിക്കുന്നതു വഴി ലോകത്തിലെ രണ്ടു വാണിജ്യ മേഖലകൾ തമ്മിലുള്ള സാംസ്കാരിക, വാണിജ്യ കൈമാറ്റങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്കെത്തിക്കാമെന്നു ജോർജ് മേനാശ്ശേരി പറയുന്നു. ഇത്തരത്തിൽ ഒരു പായ്ക്കപ്പൽ പുനരാവിഷ്കരിച്ചു ലോകയാത്ര നടത്തിയതിനെക്കുറിച്ചും ജോർജ് മേനാശ്ശേരി പറയുന്നു.

ആദ്യനൂറ്റാണ്ടുകളിൽ വ്യാപാര ആവശ്യങ്ങളുമായി ഉലകം ചുറ്റുകയും പിന്നീട് കാലപ്പഴക്കത്തിൽ തകരുകയും ചെയ്ത ജ്യുവൽ ഓഫ് മസ്കറ്റ് ആണ് പുനരാവിഷ്കരിച്ചത്. ഒമാൻ ഭരണകൂടവും സിംഗപ്പുർ സർക്കാരും ചേർന്നാണ് പായ്ക്കപ്പൽ വീണ്ടും ഉണ്ടാക്കിയത്. ബേപ്പൂരിലെ ഉരു നിർമാതാക്കളാണു നിർമാണത്തിന് നേതൃത്വം വഹിച്ചത്. ഇൗ പായ്ക്കപ്പൽ പഴയ വാണിജ്യപാതയിലൂടെ ചരിത്രയാത്ര നടത്തിയത് 27 ദിവസം കൊണ്ടായിരുന്നു. പുനരാവിഷ്കരിച്ച ഇൗ കപ്പൽ ഇപ്പോൾ സിംഗപ്പുരിലെ നാവിക ചരിത്ര മ്യൂസിയത്തിലാണുള്ളത്. ഒട്ടേറെപ്പേരാണ് ഇതു കാണാനായി എത്തുന്നത്.

ഇത്തരത്തിലൊരു ചരിത്രയാത്ര കേരളത്തിലെ മുസരിസിൽനിന്ന് ചെങ്കടൽവഴി ഇൗജിപ്തിലേക്കോ യെമനിലേക്കോ നടത്തിയാൽ അതു ടൂറിസം വികസനത്തിന് ഏറെ ഗുണകരമാണ്. ആധുനിക സൗകര്യങ്ങളില്ലാതെ പഴയ സംവിധാനങ്ങളുമായുള്ള സാഹസിക പായ്ക്കപ്പൽ യാത്ര വൻ വിജയമായിരിക്കും. കേരളത്തിന്റെ സംസ്കാരവും പ്രൗഢിയുമൊക്കെ ലോകത്തിന്റെ മുന്നിലെത്തിക്കാൻ വലിയൊരു നിമിത്തമാകും അത്. ചരിത്രാന്വേഷികളും സാഹസ പ്രിയരുമടക്കം യാത്രയിൽ പങ്കെടുക്കാൻ ഒട്ടേറെപ്പേരെത്തുമെന്ന് ഉറപ്പാണ്. ഇതുവഴി കേരളത്തിന്റെ ടൂറിസം സാധ്യതകളും വലിയതോതിൽ വർധിക്കുമെന്നും അദ്ദേഹം ഉറപ്പു പറയുന്നു.

ഇൗ ചരിത്രയാത്രയ്ക്ക് നാവികസേനയിലെ ഉന്നത അധികാരികളുടെ അനുവാദം കിട്ടേണ്ടതുണ്ട്. ഇത്തരത്തിൽ ഇന്ത്യയുടെ പെരുമയുയർത്തുന്ന പരമ്പരാഗത കാര്യങ്ങൾ സംരക്ഷിക്കുന്നതിനും പുറംലോകത്തെ അറിയിക്കുന്നതിനും മുൻകയ്യെടുക്കുന്ന നാവികസേന ഇതിനും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ജോർജ് മേനാശ്ശേരി. കേരളത്തിൽ പട്ടണം പ്രദേശത്തെ പര്യവേഷണത്തിനു നാവികസേന മുൻകയ്യെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ക്രിസ്ത്യാനികളെക്കുറിച്ച് എല്ലാം

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രം വരച്ചുകാട്ടുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് പ്രഫ. ജോർജ് മേനാശ്ശേരി. അദ്ദേഹം തയാറാക്കിയ ക്രിസ്ത്യൻ സർവവിജ്ഞാനകോശങ്ങൾ ഇൗ മേഖലയിൽ ലോകത്തു ലഭിക്കുന്നവയിൽ മികച്ചവയാണ്. അദ്ദേഹം നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും ഇൗ സർവവിജ്ഞാനകോശങ്ങളിൽ വരച്ചിട്ടപ്പോൾ ഇൗ മേഖലയിൽ തെളിഞ്ഞുവന്നത് കാണാമറയത്തിരുന്ന ഒട്ടനേകം വിവരങ്ങൾ. ഇതു തെളിയിക്കുന്നതിനായി കേരളത്തിലങ്ങളോമിങ്ങോളം വിവിധ യാത്രകളും പര്യവേഷണങ്ങളും അദ്ദേഹം നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയിൽ പലതും കാക്കനാട് സെന്റ് തോമസ് മൗണ്ടിലുള്ള ക്രിസ്ത്യൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

1969ൽ ബെംഗളൂരുവിൽ നടന്ന ക്രിസ്ത്യൻ സമ്മേളനത്തിലാണ് ആദ്യമായി കേരളത്തിലെ ക്രിസ്ത്യാനികളുടെ വിവരങ്ങളും ചരിത്രവും രേഖപ്പെടുത്തണമെന്ന ആലോചനയുണ്ടായത്. അന്ന് ആ ചുമതല ജോർജ് മേനാശ്ശേരിയെ ഏൽപിച്ചു. ചെറിയൊരു ബുക്‌ലെറ്റ് തയാറാക്കാം എന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാൽ അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ ചെറിയൊരു പുസ്തകം മതിയാകില്ല ഇൗ ചരിത്രങ്ങൾ രേഖപ്പെടുത്താനെന്നു മനസ്സിലായി. ഒടുവിൽ എഴുതിയെഴുതി വന്നപ്പോൾ വലിയൊരു എൻസൈക്ലോപീഡിയയായി. 1973ൽ സെന്റ് തോമസ് ക്രിസ്ത്യൻ എൻസൈക്ലോപീഡിയ പുറത്തിറങ്ങി. ഇപ്പോളത് മൂന്നു വാല്യമായിക്കഴിഞ്ഞു.

1982ലും 2009ലും രണ്ടും മൂന്നും വാല്യങ്ങൾ പുറത്തിറങ്ങി. തോമാപ്പീഡിയ എന്നാണ് എൻസൈക്ലോപീഡിയ അറിയപ്പെടുന്നത്. മൂന്നാം പതിപ്പിനു നസ്രാണി എന്നാണ് പേരിട്ടിരിക്കുന്നത്. ഇൗ രംഗത്തു ഗവേഷണം നടത്തുന്നവർക്ക് അമൂല്യ വഴികാട്ടിയാണ് ഇൗ എൻസൈക്ലോപീഡിയകൾ.
കേരളത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലെ പ്രാചീന ചുവർചിത്രങ്ങളെക്കുറിച്ചും ശിൽപങ്ങളെക്കുറിച്ചുമൊക്കെ ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട് ജോർജ് മേനാശ്ശേരി.

പിറവം, വേലൂർ, കോട്ടയം ചെറിയപള്ളി, വലിയപള്ളി, ചേപ്പാട്, അകപ്പറമ്പ്, അങ്കമാലി, എടത്വ തുടങ്ങിയ ഒട്ടനേകം പള്ളികളിലെ ചുവർചിത്രങ്ങളെക്കുറിച്ചും ശിൽപങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പഠനങ്ങൾ പള്ളികളിലെ ചിത്രാഭാസങ്ങൾ എന്നപേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലങ്ങളോമിങ്ങോളം പ്രശസ്തമായ പല പള്ളികളിലുമുള്ള ആന ശിൽപങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പഠിച്ചിട്ടുണ്ട്. ആനയും നസ്രാണിയുമെന്ന പുസ്തകത്തിൽ ഇതു കൃത്യമായി പ്രതിപാദിപ്പിക്കുന്നുണ്ട്.

വത്തിക്കാനിൽ, കാലങ്ങൾ മുൻപേ

മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവ് ചടങ്ങ് ഇത്രയേറെ പ്രശസ്തമാകുന്നതിനു വർഷങ്ങൾക്കു മുൻപേ വത്തിക്കാനിൽ അക്കാര്യം നേരിൽക്കാണാൻ പോയ ആളാണ് ജോർജ് മേനാശ്ശേരി. 1978ൽ ജനകീയ മാർപ്പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ സ്ഥാനലബ്ധി മനോരമയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്തത് അദ്ദേഹമാണ്. വത്തിക്കാനിലെത്തിയ ജോർജിനെ കാത്തിരുന്നതു വെല്ലുവിളികളായിരുന്നു. 1300 പത്രലേഖകരാണു പല രാജ്യങ്ങളിൽ നിന്നായി എത്തിയത്. വാർത്ത അയയ്‌ക്കാൻ ആകെയുള്ളതു നാലു ടെലിപ്രിന്ററുകൾ മാത്രം.

അതാകട്ടെ വാർത്താ ഏജൻസിളുടെ കയ്യിലും. ഒടുവിലൊരു വഴി തുറന്നുകിട്ടി. വത്തിക്കാൻ സിറ്റിയിലെ പോസ്‌റ്റ് ഓഫിസിൽനിന്നു ടെലിപ്രിന്റർ വഴിയാണ് അന്നു വാർത്ത അയച്ചത്. മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനു മുൻപുള്ള കുർബാനയുടെ പടം എടുക്കാൻ അവസരം ലഭിച്ച 14 പേരിൽ ജോർജ് മേനാശ്ശേരിയുമുണ്ടായിരുന്നു. പിന്നീട് ഒട്ടേറത്തവണ റോം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യസന്ദർശനം തന്നെയാണ് എന്നും മനസ്സിൽ കുറിച്ചിട്ടിരിക്കുന്നത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മരണശേഷം നടന്ന കോൺക്ലേവിലും പങ്കെടുത്തു.

അന്നാണ് വെളുത്ത പുക ഉയരാനുള്ള അടുപ്പും ചിമ്മിനിയുമൊക്കെ കാണാനായതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പല സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനായിരുന്ന പ്രഫ.ജോർജിനെ തേടി ഒട്ടേറെ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. പുത്തൻവേലിക്കര വാഴപ്പള്ളിൽ കുടുംബാംഗമായ ഭാര്യ മാഗിയും അദ്ദേഹത്തോടൊപ്പം ഡൽഹിയിലുണ്ട്. ഏതാനും മാസം കൂടി ഇവിടെ തുടരാനാണ് തീരുമാനം. നഗരത്തിലെ ചില കോളജുകളിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറുകളിലും ക്ലാസുകളിലും പങ്കെടുക്കണം. അതിനുശേഷം തിരികെ നാടായ തൃശൂർ ഒല്ലൂരിലേക്കു മടങ്ങും. ജിജോ, ജിജി, ജോജി, ജോജോ, ജിജ എന്നിവരാണ് മക്കൾ. 11 പേരക്കിടാങ്ങളുമുണ്ട് ജോർജ് – മാഗി ദമ്പതികൾക്ക്.

Your Rating: