കടലിലും കരയിലും കണ്ണീർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alappey-fishing കുരുക്കഴിയാതെ ജീവിതം: പുന്നപ്ര ഗലീലിയ കടൽത്തീരത്തു മീൻ പിടിക്കാനിട്ട വലയിൽ കുരുങ്ങിയ ചവറുകൾ നീക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ. ചിത്രം: ജാക്സൺ ആറാട്ടുകുളം.

ആലപ്പഴ ∙ പറവൂർ ഗലീലിയാ കടപ്പുറത്തു ചെറു ലോറികളിലായി വള്ളങ്ങൾ കൊണ്ടിറക്കുകയാണ്. ലോറിയിൽ നിന്നു ട്രോളിയിലാക്കി, തുടർന്നു മരത്തടികൾ നിരത്തി തീരം വരെയെത്തിക്കും. ഇന്നു പുലർച്ചെ കടലിലേക്കു പ്രതീക്ഷകളുടെ ചാകര തേടി പോകാനുള്ളതാണ്. ലക്ഷക്കണക്കിനു രൂപയുടെ മീൻ കോരിയെടുക്കേണ്ട സീസൺ അവസാനിക്കാറായിട്ടും മഴക്കോളും കൊടുങ്കാറ്റും മാത്രമേ കടലിൽ കിട്ടുന്നുള്ളൂവെന്നു മത്സ്യബന്ധന തൊഴിലാളികൾ പരിഭവം പറയുന്നു.

കാട്ടൂർ തീരത്തെയാണു സമുദ്രത‍‍ാരം വള്ളം. കാട്ടൂരിൽ കടൽ ഇടഞ്ഞപ്പോൾ ശാന്തമായിരുന്ന തിരുവിഴയിലേക്കു വള്ളവുമായി തിരിച്ചു. തിരുവിഴയിൽ രണ്ടു ദിവസമായി തീരത്തേക്ക് അടുക്കാനാകാത്തത്ര കലിയിലാണു തിരയടിക്കുന്നത്. അങ്ങനെയാണു ഗലീലിയാ തീരത്തേക്കെത്തിയതെന്നു സംഘത്തിലെ സേവ്യർ പറഞ്ഞു.

ഒന്നല്ല, ഒട്ടേറെ വള്ളങ്ങൾ ഇങ്ങനെ കോളു തേടി തീരംവിട്ടു തീരത്തേക്കു പാഞ്ഞു കൊണ്ടിരിക്കുന്നു. ട്രോളിങ് നിരോധന കാലം വറുതിയുടെ കനൽക്കാലം കൂടിയാണെന്നു മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. കാട്ടൂരിൽ ഇത്തവണ മത്തിയായിരുന്നു കോള്. തിരുവിഴയിലുമുണ്ടായിരുന്നു മത്തി. പറവൂരിൽ ഇന്നലെ കൊഴുവയാണു കിട്ടിയത്. ചിലർക്കു മത്തിയും കിട്ടി.

∙ തീരം വിട്ടു തീരങ്ങളിലേക്ക് പായുന്നവർ
പുന്നപ്ര ചള്ളി കടപ്പുറം പൂരം കഴിഞ്ഞ ഉത്സവപ്പറമ്പു പോലെ വിജനമാണ്. നിരന്നു കിടക്കുന്ന ചെറുതും വലുതുമായ നൂറോളം വള്ളങ്ങൾ. രണ്ടു ദിവസമായി തീരത്തു കുത്തിയുയരുന്ന തിരയാണ്. തീരം വിട്ടു മത്സ്യബന്ധന തൊഴിലാളികളിൽ പലരും കായംകുളത്തേക്കും നീണ്ടകരയിലേക്കും പോയി.

വാടി കടപ്പുറത്തു നിന്നാണു കടലിലേക്കു പോകുന്നതെന്നു രക്തേശ്വരി വള്ളത്തിലെ മുരുകൻ പറയുന്നു. ഇന്നലെ ചെമ്മീനും കൊഴുവയുമായിരുന്നു കായംകുളത്തു കിട്ടിയത്. ചിലർക്കു പതിനഞ്ചു കുട്ട ചെമ്മീനും അൻപതു കുട്ട കൊഴുവയും കിട്ടി. ചിലർക്ക് ഒന്നും കിട്ടിയില്ല. ഇതാണ് ഇപ്പോൾ കടലിന്റെ അവസ്ഥ.

∙ രാവു പുലരുവോളം അധ്വാനം, കൈയിൽ കാൽക്കാശില്ല
പരാശക്തി വള്ളത്തിൽ കടലിൽ പോയിരുന്നയാളാണു വീണാധരൻ. കടലിടഞ്ഞതോടെ കടലിൽപ്പോക്കു കഴിയാതായി. പകരം ഓട്ടോറിക്ഷ ഓടിക്കുകയാണ്. ചന്തയിൽ നിന്നു മീനെടുത്തു വീടുകളിലെത്തിക്കുന്നതാണ് ഇപ്പോഴത്തെ ജോലി. കടലിൽ മണിക്കൂറുകൾ പണിയെടുത്താലും അന്നത്തെ അന്നത്തിനുള്ളതാകില്ലെന്നു മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. ഇന്നലെ പുന്നപ്രയിൽ നിന്ന് 5000 രൂപ വാടക നൽകി പതിനഞ്ചു പേർ വാടി കടപ്പുറത്തേക്കു പോയിരുന്നു.

പുലർച്ചെ രണ്ടു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പന്ത്രണ്ടു മണിക്കൂറോളം ഇളകി മറിയുന്ന കടലിൽ അത്യധ്വാനം ചെയ്തവർക്കു കിട്ടിയത് ആളൊന്നിന് 200 രൂപ മാത്രം. മൂന്നു മാസമായി ചള്ളി കടപ്പുറത്തു കാര്യമായ പണി കിട്ടിയിട്ട്. അതുകൊണ്ടു തന്നെ പലരും കൂടുതൽ കൂലി ലഭിക്കുന്ന മറ്റു തൊഴിലുകളിലേക്കു തിരിയുന്നു. ചിലർ മേസ്തിരിപ്പണിക്കു പോകുമ്പോൾ ചുമടെടുപ്പ്, കെട്ടിട നിർമാണം, പെയിന്റിങ് തുടങ്ങിയ ജോലികളിലേക്കു തിരിഞ്ഞവരുമുണ്ട്. കടലിൽ കോളുണ്ടെങ്കിൽ അവർ തിരിച്ചെത്തും.

∙ ചാകര വന്നു, മീനില്ല
പുന്നപ്ര, പറവൂർ, നീർക്കുന്നം പ്രദേശങ്ങളിലെല്ലാം ചാകര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാകരയെന്നാൽ എക്കലും തീരത്തെ വളക്കൂറുള്ള മണ്ണും മറ്റും വന്ന് അടിഞ്ഞു തിരയിളക്കം കുറയുന്ന പ്രതിഭാസമാണ്. പക്ഷേ, തീരത്തു മീൻ മാത്രമില്ല. ചാകര വന്നിട്ടും മീൻ ലഭിക്കാത്തതു തീരദേശത്തെ സങ്കടത്തിരയിലാക്കുന്നുണ്ട്. 25 പേർക്കു കയറ‍ാവുന്ന മഹാദേവൻ വള്ളം രണ്ടു ദിവസമായി കടലിൽ ഇറങ്ങുന്നില്ല. മീൻ ഇല്ലാത്തതു തന്നെ പ്രധാന കാരണം.

കനത്ത തിരയിളക്കത്തെ മറികടന്നു കടലിലേക്കിറങ്ങിയാലും വലയിലൊന്നും തടയില്ല. പൊഴികൾ മുറിച്ചതിനാൽ തീരത്തു നിന്നു ചവറും മാലിന്യങ്ങള‍ും കടലിലേക്ക് ഒഴുകുന്നതും കൂട‍ിയിട്ടുണ്ട്. തീരത്തോടു ചേർന്നു പൊന്തു വള്ളങ്ങളിൽ വലയിടാൻ പോകുന്നവരുടെ വലയിൽ ചവറും പാഴ് വസ്തുക്കളും കയറി വല നശിക്കുന്നതു പതിവാണെന്നു വല വൃത്തിയാക്കുകയായിരുന്ന പോപ്പും പൊന്നനും പറഞ്ഞു.

∙ ട്രോളിങ് നിരോധനം, സർക്കാരിന്റെ സഹായമെവിടെ?
ട്രോളിങ് നിരോധന കാലത്തു മത്സ്യബന്ധന തൊഴിലാളികൾ പട്ടിയിണിലാകാതിരിക്കാൻ സർക്കാർ പ്രഖ്യാപിക്കുന്ന പഞ്ഞമാസ ധനസഹായം പലപ്പോഴും കിട്ടാറില്ലത്രേ. പലരും ഇടയ്ക്കു ചെറു വള്ളങ്ങളിൽ ജോലിക്കു പോകുന്നതിലൂടെ കൈയിൽ ചെറിയ വരുമാനം വരുമ്പോൾ സർക്കാരിന്റെ വാഗ്ദാനത്തെക്ക‍ുറിച്ചു കാര്യമായി അന്വേഷിക്കില്ല. ചിലർക്ക് ഒന്നോ രണ്ടോ മാസത്തിനുശേഷം ധനസഹായം ലഭിക്കും, ചിലർക്കു കിട്ടുകയുമില്ല.

ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ട്രോളിങ് നിരോധനത്തോടെ ട്രോളറുകളും മോട്ടോർ ബോട്ടുകളും കടലിൽ ഇറങ്ങില്ലെന്നതിനാൽ മത്സ്യക്കൊയ്ത്ത് ലക്ഷ്യമിടുന്ന സാധാരണ മത്സ്യബന്ധന തൊഴിലാളികൾക്ക് ഇത്തവണ തീരത്തു നിന്നു കാര്യമായൊന്നും കിട്ടുന്നില്ല. തീരക്കടലിൽ മത്സ്യലഭ്യത വളരെ കുറഞ്ഞുവെന്നു തൊഴിലാളികൾ പറയുന്നു. 90% വള്ളക്കാർക്കും ചെലവു കാശു പോലും ലഭിക്കുന്നില്ലെന്നു തൊഴിലാളികൾ.

വൈപ്പിൻ മുതൽ വടക്കോട്ട് ചൂടു സമയത്തും തെക്കോട്ട് മഴ സമയത്തും മത്സ്യ ലഭ്യത കൂടുന്നതായാണു വർഷങ്ങളായുള്ള അനുഭവം എന്നാൽ കാലവർഷത്തിനു വ്യതിയാനം വന്നതോടെ ഇതും താളം തെറ്റി. പ്രതികൂല കാലാവസ്ഥയിൽ ജീവൻ പോലും പണയം വച്ച് മത്സ്യബന്ധനത്തിനിറങ്ങുന്നവരെ കടൽ പന്നികളുടേയും മാക്രികളുടേയും ശല്യം പ്രതിസന്ധിയിലാക്കുന്നു.

∙ മീൻവില കുതിക്കുന്നു
ട്രോളിങ് നിരോധനം അരമാസം പിന്നിട്ടപ്പോഴേക്കും മീൻ വില വിപണിയിൽ കുതിച്ചുയർന്നു. ട്രോളിങ് നിരോധന കാലത്തു പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾക്കും കായൽ മീൻ പിടിക്കുന്നവർക്കും ലഭിക്കുന്ന മത്സ്യമാണു പ്രധാന ആശ്രയം. ഇവയ്ക്കു തൊട്ടാൽ പൊള്ളുന്ന വിലയാണ്. മത്തി, നത്തോലി, കിളിമീൻ തുടങ്ങിയവയ്ക്ക് 200 രൂപയ്ക്കു മുകളിലാണു വില.

ട്രോളിങ് നിരോധനം മേയ് 31ന് അവസാനിച്ച തമിഴ്‌നാട്ടിലെ രാമേശ്വരം, പോണ്ടിച്ചേരി, തൂത്തുക്കുടി തുടങ്ങി കന്യാകുമാരി വരെയുള്ള തമിഴ്‌നാട്ടിലെ കിഴക്കൻ മേഖലകളിൽ നിന്നു വിപണിയിൽ മീൻ എത്തുന്നുണ്ട്. കേരളത്തിലേതു പോലെ തന്നെ തമിഴ്‌നാട്ടിലെ തെക്കൻ മേഖലകളായ മുട്ടം, കുളച്ചൽ തുടങ്ങിയ ഭാഗങ്ങളിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ഇവിടെ നിന്നുള്ള മീൻ വരവും നിലച്ചു. ട്രോളിങ് നിരോധനത്തിനു മുൻപു തന്നെ വിപണിയിൽ മീൻ വില കൂടുതലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.