ധോണിപുത്രി പാടിയ ആ പാട്ടിന്റെ കഥ...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം. ജി. ശ്രീകുമാർ, മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയവർ എം. ജി. ശ്രീകുമാർ, മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയവർ

 ഓർമകളിലെ ഒരു ഗാനത്തിന് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ മധുരം. 1992ൽ ചെന്നൈയിലെ വു‍ഡ്‌ലാൻഡ്സ് ഹോട്ടലിൽ ‘അദ്വൈതം’ എന്ന ചിത്രത്തിനു വേണ്ടി ഒരു പാട്ട് കംപോസ് ചെയ്യാനിരിക്കുകയാണ് സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയും. ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനും ഗായകൻ എം.ജി. ശ്രീകുമാറുമുണ്ട് കൂടെ.

എം.ജി. രാധാകൃഷ്ണൻ, കൈതപ്രം, എം.ജി. ശ്രീകുമാർ, ചിത്ര, മോനിഷ, പ്രിയദർശൻ എം.ജി. രാധാകൃഷ്ണൻ, കൈതപ്രം, എം.ജി. ശ്രീകുമാർ, ചിത്ര, മോനിഷ, പ്രിയദർശൻ

അമ്പലത്തിന്റെ പശ്ചാത്തലത്തിൽ ഒരു പാട്ടു വേണം. അമ്പലപ്പുഴക്കാരാണ് പ്രിയദർശനും എം.ജി. ശ്രീകുമാറും. അമ്പലപ്പുഴയോടുള്ള സ്നേഹം കൊണ്ട് ഇരുവരും പറഞ്ഞു–‘‘അമ്പലപ്പുഴ എന്ന വാക്കിൽ പാട്ടു തുടങ്ങണം.’’ ഗാനത്തിന്റെ സിറ്റ്വേഷൻ കൈതപ്രത്തോടു പറഞ്ഞപ്പോൾ ഉടൻ ആദ്യവരിയെഴുതി–‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ’. ആദ്യവരി കിട്ടിയപ്പോൾ അപ്പോൾ തന്നെ എം.ജി. രാധാകൃഷ്ണൻ ഈണവുമിട്ടു. കൈതപ്രം ഉടൻ അടുത്ത വരിയെഴുതി.

ധോണിയും സിവയും ധോണിയും സിവയും

ഈണവും തൊട്ടുപിന്നാലെയുണ്ടായി. ഈണമിട്ട ശേഷം പാട്ടെഴുതുന്ന പതിവുരീതിയിൽ നിന്നു വ്യത്യസ്തമായി വരികൾക്കു ശേഷം ഈണം പിറന്നു. കേട്ടുനിന്നവരെല്ലാം അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു– ഇതു ഹിറ്റാവും. ഉറപ്പ്.
അന്നേ ഹിറ്റായ ആ ഗാനം ഇപ്പോൾ ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ മകൾ സിവയിലൂടെ വീണ്ടും ഹിറ്റായതിൽ എം.ജി. ശ്രീകുമാറിന് ഉള്ളുനിറയെ സന്തോഷം.

കൈതപ്രം, എം. ജി.  രാധാകൃഷ്ണൻ കൈതപ്രം, എം. ജി. രാധാകൃഷ്ണൻ

ചെന്നൈ കോതണ്ഡപാണി സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റിക്കോർഡിങ്. എം.ജി.ശ്രീകുമാറും ചിത്രയും ഒരുമിച്ചു പാടി റിക്കോർഡ് ചെയ്യുകയായിരുന്നു. ഓർക്കെസ്ട്രയും ഉണ്ട്. ഇക്കാലത്ത് ഒരുമിച്ചു പാടി റിക്കോർഡ് ചെയ്യുന്നതെല്ലാം അപൂർവമായി. രാവിലെ ഏഴിനു നൊട്ടേഷനുകൾ നൽകി.

ഒരു മണിയോടെ പാട്ടിന്റെ റിക്കോർഡിങ് പൂർണമായി. വയലിൻ, ഓടക്കുഴൽ തുടങ്ങിയ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തവർ പാട്ടു കഴിഞ്ഞയുടൻ ഓടി കൺസോളിലേക്കു വന്നു. പാട്ടു മുഴുവനായി കേൾക്കാൻ. പാട്ടുകേട്ട് എല്ലാവരും അഭിനന്ദിച്ചു. സൂപ്പർ ഹിറ്റ് ഗാനമെന്ന് അവരെല്ലാം നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു.

ഈ ഗാനം സ്റ്റുഡിയോയിൽ കേട്ട് മോഹൻലാൽ ചോദിച്ചു. ‘‘സിനിമയിൽ ഈ ഗാനരംഗത്തിൽ ആരാണ്?’’ ജയറാമാണ് ഈ ഗാനരംഗത്തിലെന്നു പറഞ്ഞപ്പോൾ മോഹൻലാൽ മൗനമായിട്ടിരുന്നു.   പിന്നീട് ഗൾഫ് രാജ്യങ്ങളിൽ ‘മോഹൻലാൽ ഷോ’ എന്ന പേരിൽ 16 സ്ഥലങ്ങളിൽ ഷോ നടത്തിയപ്പോൾ എം.ജി. ശ്രീകുമാറിനൊപ്പം ഈ ഗാനം വേദികളിൽ പാടിയത് നടി മോണിഷയായിരുന്നു.

മോണിഷ നന്നായി പാടുമായിരുന്നു. മോണിഷയുമായി ഒന്നര മാസം പല വേദികളിൽ ഈ ഗാനം പാടിയത് എം.ജി. ശ്രീകുമാർ ഓർക്കുമ്പോൾ ഓർമകൾക്കു കണ്ണീർനനവ്. സഹോദരിയോടുള്ള സ്നേഹമായിരുന്നു മോണിഷയോട്. 1992ൽ സെവൻ ആർട്സിന്റെ ഒരു ചിത്രത്തിന്റെ പൂജ ചെന്നൈയിലെ താജ് ഹോട്ടലിൽ നടക്കുമ്പോഴാണ് മോണിഷയെ അവസാനമായി എം.ജി. ശ്രീകുമാർ കണ്ടത്. മൂന്നു ദിവസം കഴിഞ്ഞു കേട്ടത് മോണിഷയുടെ മരണവാർത്തയാണ്. ചേർത്തലയിലുണ്ടായ ആ വാഹനാപകടം തന്നിലേൽപിച്ച ആഘാതം വളരെ വലുതായിരുന്നെന്ന് എം.ജി. ശ്രീകുമാർ ഓർക്കുന്നു.

പിന്നീട് മലപ്പുറത്ത് ഒരു ഗാനമേളയിൽ എം.ജി. ശ്രീകുമാർ രാധികാ തിലകിനൊപ്പം ഈ ഗാനം പാടി. മോണിഷയുടെ ഓർമകൾ പാട്ടിനിടെ ശ്രീകുമാറിന്റെ കണ്ണുകൾ നിറച്ചു. കണ്ഠം ഇടറി. പാട്ട് പകുതിക്കുവച്ചു നിർത്തേണ്ടിവന്നു. ധോണിയുടെ മകൾ സിവ മലയാളികൾക്കു മുന്നിൽ ഈ പാട്ടിന്റെ മധുരം നീട്ടുമ്പോൾ എം.ജി.ശ്രീകുമാറിന്റെ മനസ്സും നിറയുന്നു. എങ്കിലും മനസ്സിന്റെ കോണിലെവിടെയോ നൊമ്പരം ഒളിച്ചിരിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.