മുഹമ്മ ∙ ഹൈദരാബാദിൽ നടന്ന ദേശീയ പവർ ലിഫ്റ്റിങ് മത്സരത്തിൽ എ.ബി വിലാസം എച്ച്എസ്എസിലെ നാലു കായികതാരങ്ങൾ സ്വർണ മെഡലുകൾ കരസ്ഥമാക്കി. ഏഷ്യൻ പവർ ലിഫിറ്റിങ് ചാംപ്യൻഷിപ്പിൽ എ.ബി വിലാസം ജിംനേഷ്യത്തിൽ പരിശീലനം നേടിയ അഞ്ചു വിദ്യാർഥിനികൾ 20 മെഡലുകൾ കരസ്ഥമാക്കിയതിനു പിന്നാലെയാണ് ഇത്തവണത്തെ വിജയം. പ്ലസ്ടു വിദ്യാർഥിനി എസ്.ഭാഗ്യലക്ഷ്മിയെ സ്ട്രോങ് ഗേളായി ഈ മത്സരത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തു.
പുത്തനങ്ങാടി കുന്നേവെളി കുഞ്ഞുമോൻ- അജിത ദമ്പതികളുടെ മകൾ അജീഷ 72 കിലോവിഭാഗത്തിലും, തടുത്തുവെളി പാണ്ടിയാംവെളി പ്രസാദിന്റെയും താരയുടെയും മകൾ നവ്യപ്രസാദ് 84 കിലോയിലും, പൂജവെളി ഇറുക്കംവെളി ശിവദാസിന്റെയും തിലകമ്മയുടെയും മകൾ എസ്. ഭാഗ്യലക്ഷ്മി 52 കിലോയിലും ചാണിവെളി കുഞ്ഞുമോന്റെയും സുനിയുടെയും മകൾ സോന കുഞ്ഞുമോൻ 47 കിലോയിലും ഓരോ സ്വർണം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ആറു സ്വർണം നേടിയപ്പോൾ ഇതിൽ നാലും എ.ബി വിലാസം ജിംനേഷ്യത്തിൽ കായിക അധ്യാപകൻ വി സവിനയന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ വിദ്യാർഥിനികൾക്കാണു ലഭിച്ചത്. ഇവർ എല്ലാവരും കൂലിപ്പണിക്കാരുടെ മക്കളാണ്. അജീഷ, നവ്യപ്രസാദ്, ഭാഗ്യലക്ഷ്മി എന്നിവർ ഹയർ സെക്കൻഡറി വിഭാഗത്തിലും സോന കുഞ്ഞുമോൻ ഒൻപതാം ക്ലാസിലും പഠിക്കുന്നു.