go

പത്തനംതിട്ട– ആലപ്പുഴ ജില്ലാതിർത്തിയിൽ ഭൂചലനം; എൺപതോളം വീടുകൾക്കു വിള്ളൽ

നെഞ്ചുകീറി: ഇന്നലെ രാവിലെയുണ്ടായ ഭൂചലനത്തിൽ ആലപ്പുഴ പാലമേൽ കഞ്ചുകോട് രാജേഷ് ഭവനിൽ രാമകൃഷ്ണൻ വീടിന്റെ ഭിത്തി വിണ്ടുകീറിയതു പരിശോധിക്കുന്നു. ചിത്രം: മനോരമ.
SHARE

പത്തനംതിട്ട/ആലപ്പുഴ ∙ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലും ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലും ഇന്നലെ രാവിലെയുണ്ടായ ഭൂചലനത്തെ തുടർന്ന് ഒട്ടേറെ വീടുകൾക്കു നാശം. അടൂർ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും ചാരുംമൂടിന്റെ കിഴക്കൻ മേഖലയിലുമാണ് രാവിലെ പത്തരയ്ക്ക് വലിയ ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി.

ചലനം 20 സെക്കൻഡ് നീണ്ടു. വീടുകളിൽനിന്ന് ആളുകൾ പുറത്തേക്കോടി. പ്രളയം കാര്യമായി ബാധിക്കാത്ത പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ഭൂചലന സമയത്ത് വിറകു വെട്ടിക്കൊണ്ടിരുന്ന പ്ലാവിള വടക്കേതിൽ അബ്ബാസിന് (35) കയ്യിൽ നിന്ന് കോടാലി തലയിൽ വീണു പരുക്കേറ്റു. പഴകുളം പടിഞ്ഞാറ് പ്ലാംവിളയിൽ വീട്ടിൽ ലൈലാ ബീവി കട്ടിലിൽനിന്നു തെറിച്ചു താഴെ വീണു.

പത്തനംതിട്ട ജില്ലയിലെ പഴകുളം പടിഞ്ഞാറ് ഭാഗത്തു മാത്രം 40 വീടുകൾക്കും ആലപ്പുഴ ജില്ലയിലെ തണ്ടാനുവിള, കഞ്ചുകോട്, മറ്റപ്പള്ളി, പുലിക്കുന്ന്, നൂറനാട്, കുമാരപുരം തുടങ്ങിയ പ്രദേശങ്ങളിലെ മുപ്പതോളം വീടുകൾക്കും നാശമുണ്ട്. കുരമ്പാല ഭാഗത്തും വീടുകൾക്കു കേടുപറ്റി. എൺപതോളം വീടുകൾക്കു വിള്ളൽ വീണു. ചിലയിടങ്ങളിൽ ഭിത്തി പിളർന്നുമാറി. കൂടുതലും പുറംഭിത്തികൾക്കാണു നാശം. ചില വീടുകളിൽ ഓടുകൾ ഇളകി വീണു. ഒരു വീട്ടിൽ അടുക്കളയിലെ സ്ലാബുകൾ അകന്നുമാറി. 

ഭൂകമ്പമാപിനിയിൽ മൂന്നിൽ താഴെ

ഭൂചലനം ഭൂകമ്പമാപിനിയിൽ മൂന്നിൽ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മൂന്നിൽ കൂടുതലുണ്ടെങ്കിൽ മാത്രമേ ഔദ്യോഗികരേഖകളിൽ ഭൂചലനം ഉൾപ്പെടുത്തുകയുള്ളൂവെന്നും അവർ പറഞ്ഞു. 

അസമിലുണ്ടായ ഭൂചലനത്തെ തുടർന്നുള്ള തുടർചലനമാകാം കേരളത്തിൽ അനുഭവപ്പെട്ടതെന്നാണ് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധർ നൽകുന്ന സൂചന. മാന്റിൽ റിഫ്ലക്‌ഷനെ തുടർന്ന് ഭൂകമ്പം അനുഭവപ്പെടുന്ന സ്ഥലത്തു നിന്ന് ഏറെ ദൂരെയുള്ള മേഖലകളിലും ചെറിയ പ്രകമ്പനങ്ങളുണ്ടാകാറുണ്ടെന്നു വിദഗ്ധർ പറയുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama