ചെങ്ങന്നൂർ ഇടനാട്ട് കാണാം, ആണിക്കല്ലോടെ ഇളകിപ്പോയൊരു വീടിന്റെ ദുരന്തചിത്രം. ഫ്യൂജൈറയിൽ ജോലി ചെയ്യുന്ന കെ.സി.ടൈറ്റസിന്റെ കല്ലോടിക്കുഴിയിൽ വീട്. ടൈറ്റസിന്റെ ഭാര്യ റെന്നിയും എട്ടിലും അഞ്ചിലും പഠിക്കുന്ന മക്കളും അപ്പച്ചനും അമ്മച്ചിയുമായിരുന്നു വീട്ടിൽ. മൂന്നര വർഷം മുൻപു മാത്രം നിർമിച്ച വീട്ടിലേക്ക് ഇരച്ചെത്തിയ പ്രളയജലം അടിത്തറ അപ്പാടെ തട്ടിത്തകർത്തു.

ബന്ധുവീട്ടിലേക്കു താമസം മാറ്റിയ കുടുംബം ആഴ്ചകൾ കഴിഞ്ഞ് തിരികെ എത്തിയെങ്കിലും മുൻവശം ഉപയോഗിക്കാൻ ഇനിയും ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. വീടിനകത്തെ നാശനഷ്ടങ്ങളുടെ ചെലവു വേറെ. ആർക്കും വിശ്വസിക്കാനാവാത്ത നഷ്ടമുണ്ടായ ഈ വീടു കാണാൻ കേന്ദ്ര സംഘമടക്കം എത്തി.
ഇടനാട് എട്ടാം വാർഡിലെ ശ്രീജിത്ത് ഭവനം കണ്ടാൽ അതിപുരാതന കാലത്തിന്റെ ശേഷിപ്പാണെന്നു തോന്നും. മേൽക്കൂരയ്ക്കും ഒന്നര മീറ്റർ ഉയരെവരെ പ്രളയമെത്തി. വീടിനകത്തും മേൽക്കൂരയിലും മുഴുവൻ ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരം. ഉപയോഗിക്കാവുന്ന ഒന്നും ഇനിയീ വീട്ടിലില്ല. കൂലിപ്പണിക്കാരനായ രാധാകൃഷ്ണനും 21, 19 വയസ്സു വീതമുള്ള മക്കളുമായിരുന്നു ഈ വീട്ടിൽ. കുറച്ചകലെ താമസമില്ലാതെ കിടന്ന വീട് ഉപയോഗിക്കാൻ അനുവാദം കിട്ടിയതുകൊണ്ട് താൽക്കാലിക ആലയമായി.

‘പാത്രങ്ങളൊന്നും കഴുകി ഉപയോഗിക്കാൻ പറ്റില്ല. കഴുകി പത്തു മിനിറ്റ് കഴിയുമ്പോൾ വീണ്ടും അതിൽ ചെളി പുള്ളികുത്തിയപോലെ തെളിഞ്ഞുവരും’–രാധാകൃഷ്ണൻ പറഞ്ഞു. പാത്രങ്ങൾ കൂട്ടമായി ചാക്കിലാക്കി പരുമലയിലെ കടയിൽ കൊടുത്തു. ഏറെ ദിവസം പനി പിടിച്ച് ആശുപത്രിയിലായ രാധാകൃഷ്ണൻ ഇപ്പോഴും ജോലിക്കു പോയിത്തുടങ്ങിയിട്ടില്ല.
മങ്കൊമ്പ് താമാട്ടുതറ ജോഷിയുടെ വീടിന്റെ ചിത്രം മനോരമയിലൂടെ ലോകം കണ്ടതാണ്. പ്രളയം ഇറങ്ങിപ്പോയപ്പോൾ ജോഷിക്കും കുടുംബത്തിനും ദുരിതവും നഷ്ടവും കൂടിയെന്നതു മാത്രം ബാക്കി. മൂന്നു സെന്റിലെ വീട്ടിൽ കുറേ ഷീറ്റുകൾ കൂടി ഇളകിപ്പോയി. ഭാര്യ ശ്രീദേവിയും മക്കൾ ശ്രീക്കുട്ടനും ശ്രീഹരിയുമടങ്ങിയ കുടുംബം ഓരോ കാറ്റിനെയും മഴയെയും പേടിച്ചു കഴിയുന്നു.

മോട്ടോർ ജോലിക്കാരനായ ജോഷി ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. വീടിന്റെ മുൻവശം എപ്പോഴും വെള്ളം കയറിക്കിടക്കും. താൽക്കാലിക തടിപ്പാലത്തിലൂടെ സർക്കസുകാരെപ്പോലെ വേണം വീട്ടിലെത്താൻ. 10,000 രൂപ താൽക്കാലിക സഹായം കിട്ടിയതുകൊണ്ട് വീടൊന്നും നന്നാക്കാൻ കഴിഞ്ഞില്ല. ചുറ്റുപാടും അൽപം മണ്ണിട്ടപ്പോൾത്തന്നെ 13,500 രൂപയായി. ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിവച്ച് ജോഷി ജോലിക്കു പോയിത്തുടങ്ങിയെങ്കിലും, എപ്പോൾ കരകയറുമെന്നറിയാതെ ഈ കുടുംബം ദുരിതത്തിന്റെ നടുക്കടലിലാണ്.
പുളിങ്കുന്ന് കണ്ണാടി കോണത്തുവാക്കൽ രാജുവും ഭാര്യ സിന്ധുവും മൂന്നു പെൺമക്കളും കഴിയുന്ന വീട്. ദിവസങ്ങളോളം വെള്ളം കയറിക്കിടന്ന് ഇറങ്ങിപ്പോയതാണ്. തറയാകെ പൊട്ടിത്തകർന്നു. ചായ്പ് ഏതു നിമിഷവും പിളർന്നുമാറാം. അതോടെ വീടിന്റെ ബാക്കി ഭാഗവും അപായത്തിലാകും.
വീടിനകം മുഴുവൻ ചോർച്ച വേറെ. കുട്ടികളുടെ പഠിത്തം നോക്കണോ വീടിന്റെ അറ്റകുറ്റപ്പണി ആലോചിക്കണോ എന്നറിയാതെ, കൂലിപ്പണിക്കാരനായ രാജു. പഞ്ചായത്തിൽനിന്ന് വന്നവർ രേഖപ്പെടുത്തിയത് ‘അൺഫിറ്റ്’ എന്നാണ്. എന്നുവച്ചാൽ താമസയോഗ്യമല്ലെന്ന്. ‘ഇവിടെ താമസിക്കാതെ എങ്ങോട്ടു പോകാൻ?’ എന്നു സിന്ധു കൈമലർത്തുമ്പോൾ ഉത്തരം നൽകാനാവുന്നില്ല.