go

ഇല്ലായ്മയും പരാധീനതകളും ചേർന്നാൽ മാവേലിക്കര ഫൈൻ ആർട്സ് കോളജ് ആയി

Alappuzha News
ശതാബ്ദി പിന്നിട്ട മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിന്റെ പ്രവേശന കവാടം
SHARE

മാവേലിക്കര ∙ ശതാബ്ദി പിന്നിട്ട ഫൈൻ ആർട്സ് കോളജ് ഇപ്പോഴും പരാധീനതകളുടെ നടുവിൽ. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ മകൻ ആർട്ടിസ്റ്റ് രാമവർമ രാജ സ്ഥാപിച്ച പെയിന്റിങ് സ്കൂളാണു പിന്നീടു ഫൈൻ ആർട്സ് കോളജ് ആയി മാറിയത്. പഴക്കവും പെരുമയും ഏറെയുണ്ടെങ്കിലും കോളജ് ഇപ്പോഴും പരാധീനതകളുടെ നടുവിലാണ്. 

ലൈബ്രേറിയൻ തസ്തികപോലും ഇവിടെയില്ല. പെയിന്റിങ് വിഭാഗത്തിൽ ഗ്രാഫിക്സ് പഠിപ്പിക്കാൻ സ്ഥിരം അധ്യാപകനില്ല. താൽക്കാലിക അധ്യാപകരെ വെച്ചാണു നിലവിൽ പഠിപ്പിക്കുന്നത്. നാലു ബാച്ചുകളിലായി പാശ്ചാത്യ, ഇന്ത്യൻ കലാ ചരിത്രം, വിഷ്വൽ ആർട്സ് തുടങ്ങിയ 5 വിഷയങ്ങൾ പഠിപ്പിക്കുന്നതും ഒരേയൊരു അധ്യാപകനാണ.് 

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവർക്കു ഹോസ്റ്റലും ഇല്ല. ഹോസ്റ്റൽ പണിയാനുള്ള സ്ഥലം ക്യാംപസിലില്ല. ഇതിനായി സ്ഥലം കണ്ടെത്തുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനൊന്നും നടപടിയായില്ല. വിദ്യാർഥികൾ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയാണ്.

100 വർഷം പഴക്കമുള്ള സ്ഥാപനത്തിൽ ഇപ്പോഴും ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) എന്ന ബിരുദ കോഴ്സ് മാത്രമാണുള്ളത്. ബിരുദാനന്തര ബിരുദ കോഴ്സോ, ബിരുദ തലത്തിൽ പുതിയ കോഴ്സുകളോ ഇവിടെയില്ല. ചരിത്ര അധ്യാപകർക്കു സ്ഥാനക്കയറ്റം പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മികച്ച കലാകാരന്മാരെ സൃഷ്ടിക്കുന്ന സ്ഥാപനത്തിൽ സ്റ്റുഡിയോ അറ്റൻഡർ പോലുമില്ല. 

ഭൗതിക സാഹചര്യങ്ങളുടെ പരാധീനതകളും സ്ഥാപനത്തിന്റെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ശുചിമുറികൾ കൃത്യമായി പ്രവർത്തിക്കുന്നവയല്ലെന്ന ആരോപണമുണ്ട്. പ്രശ്ന പരിഹാരത്തിനു ആരും മുൻകൈയെടുക്കുന്നില്ലെന്നാണു കലാവിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതി.  

വിഷ്വൽ ആർട്സ് സെന്റർ മാറ്റില്ല: ആർ. രാജേഷ് എംഎൽഎ

മാവേലിക്കര ∙ കേരള സർവകലാശാലയുടെ രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് മാവേലിക്കരയിൽ നിന്നു മാറ്റില്ലെന്നും സ്ഥലം കണ്ടെത്തി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആർ.രാജേഷ് എംഎൽഎ പറഞ്ഞു. 

 2011ലാണു സ്ഥാപനം ആരംഭിച്ചത്. അന്നു ഇതിനു വേണ്ടി പ്രത്യേകമായി സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. സ്ഥാപനം ആരംഭിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഉള്ളതിനാലാണു രവിവർമ കോളേജിന്റെ ഭാഗമായ സ്ഥലത്ത് ആരംഭിച്ചത്. നിലവിൽ ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളിലാണ്. സർവകലാശാല അധികാരികളുമായി വിഷയം സംസാരിച്ചിട്ടുണ്ട്. ‌

ദേശീയ സ്ഥാപനം എന്ന നിലയിലേക്കു സ്ഥാപനത്തെ മാറ്റുന്നതിനായി നടപടികൾ തുടരുകയാണ്. സ്ഥാപനം കാര്യവട്ടത്തേക്ക് മാറ്റണം എന്ന താല്പര്യം ചില വ്യക്തികൾക്കുണ്ടെങ്കിലും അതനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു. 

സെന്റർ മാറ്റുന്നത് വഞ്ചന: സംസ്കാര സാഹിതി

മാവേലിക്കര ∙ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി രാജാരവിവർമ സെൻറർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് മാവേലിക്കര നിന്നു മാറ്റുന്നതു വഞ്ചനയാണെന്നു കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് പറഞ്ഞു. 

സ്ഥലം കണ്ടെത്തുന്നതിനു  സർവകലാശാല സെനറ്റ് അംഗം കൂടിയായ ജനപ്രതിനിധി ഏഴുവർഷമായി തയാറാകാതിരുന്നതു മാവേലിക്കരയിലെ ചിത്രകലാ സ്നേഹികളോടു കാട്ടിയ വഞ്ചനയാണ്.ഈരേഴ ക്ലോറൈഡ് ഫാക്ടറി വളപ്പിലെ സ്ഥലം ഏറ്റെടുത്തു വിഷ്വൽ ആർട്സ് സെന്റർ മാവേലിക്കരയിൽ തന്നെ നിലനിർത്തണമെന്നു അനി വർഗീസ് ആവശ്യപ്പെട്ടു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama