go

ചിറകടി മാറാതെ ആ തബല

alp-youth-festvel
അഭിജിത്ത് സായിക്കു ലഭിച്ച സമ്മാനങ്ങൾക്കൊപ്പം അമ്മ സഹജ.
SHARE

ആലപ്പുഴ ∙ ആ തബല ഇപ്പോഴും പറവകളുടെ ചിറകടിയൊച്ച കേൾപ്പിക്കുന്നുണ്ട്. അഭിജിത് സായിയുടെ വിരലുകളെ പരിചയിച്ച തബല ഇപ്പോൾ അനന്തിരവൻ സൂര്യനാരായണൻ വായിച്ചുതുടങ്ങിയിരിക്കുന്നു. അഭിജിത് അങ്ങനെ മാന്നാർ ബുധനൂരിലെ സായി നിവാസ് എന്ന വീടിന്റെ താളമാകുന്നു; മരിച്ചു 11 വർഷത്തിനു ശേഷവും.

അഭിജിത് സായിയെ മറക്കാറായിട്ടില്ല. 2007 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽനിന്ന് ആസ്വാദകർ ഒപ്പം കൂട്ടിയ നോവായിരുന്നു. കണ്ണൂരിൽ, കടുത്ത പനി മറന്നുള്ള പെരുക്കമായിരുന്നു അഭിജിത്തിന്റേത്. പനിക്കപ്പുറം രക്താർബുദം അവന്റെ 13 വയസ്സുള്ള ഉടലിൽ പെരുക്കുന്നുണ്ടെന്ന് അധികമാരും അറിഞ്ഞില്ല. സി ഗ്രേഡ് നൽകിയ മത്സരഫലത്തിനെതിരെ അപ്പീൽ നൽകാൻ ചിലർ ശ്രമിച്ചപ്പോൾ അഭിജിത് പറഞ്ഞത്, ‘ഒന്നും വേണ്ട. എനിക്കു പോകണം, ശാന്തമായ ഒരിടത്തേക്ക്’ എന്നാണ്.

ആ വിസ്മയ വിരലുകളുടെ ഉടമയെ അന്ന് ആസ്വാദകർ അറയ്ക്കൽ കൊട്ടാരത്തിലെ ദർബാർ ഹാളിലേക്കു കൊണ്ടുപോയി. അവിടെ, തബലയിൽനിന്ന് അവന്റെ വിരലുകൾ പറത്തിവിട്ട പ്രാവിൻപറ്റത്തിന്റെ ചിറകടി കേട്ടു ചിലർ കരഞ്ഞു. എല്ലാവരും വീർപ്പടക്കി. മടങ്ങുമ്പോൾ അഭിജിത് പറഞ്ഞു: ജില്ലാ കലോത്സവത്തിൽ ജയിച്ചാൽ അടുത്ത വർഷവും കാണാം.

അതുണ്ടായില്ല. 2007 ജൂൺ 18 ന്, രക്താർബുദം അഭിജിത്തിനെ എന്നെന്നേക്കുമായി വിളിച്ചുകൊണ്ടുപോയി.
രണ്ടര വയസ്സു മുതൽ താളം തുടിച്ച വിരലുകളായിരുന്നു അവന്റേത്. തബല അഭ്യസിക്കാൻ കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി. ആദ്യമായി അഭിജിത്തിനെ തബലയിൽ ചേർത്തു വച്ച പിതാവ് ജയപ്രകാശും (62) 17 ദിവസം മുൻപു ഹൃദയാഘാതം മൂലം മരിച്ചു. വീട്ടിൽ അച്ഛൻ ജയപ്രകാശിന്റെ തബലയുണ്ടായിരുന്നു.

അതിലായിരുന്നു അഭിജിത്തിന്റെ ആദ്യതാളം. 4 വയസ്സു മുതൽ ഗുരുകുലം അശോകനും പിന്നീട് തിരുവനന്തപുരത്തെ കേഷ്കർ മനോഹറും അവനെ പഠിപ്പിച്ചു. അമ്മ സഹജ അഭിജിത്തിന്റെ തബലയും സമ്മാനങ്ങളുമെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നു. അഭിജിത്തിന്റെ വിരലുകൾ നിശ്ചലമായ ശേഷം ജയപ്രകാശ്, മകൾ പ്രിയങ്കയുടെ മകൻ സൂര്യനാരായണനു ഗുരുവായി.

അഭിജിത്തിന്റെ മരണശേഷവും ജയപ്രകാശ് കലോത്സവങ്ങളിലെ തബല മത്സരങ്ങളുടെ സദസ്സിലുണ്ടായിരുന്നു. കഴിഞ്ഞ വർഷവും മത്സരം കാണാൻ പോയി. മാഞ്ഞുപോയ മകന്റെ വിരൽവേഗത്തിനു സ്മാരകമായി ജയപ്രകാശ് കലോത്സവങ്ങളിൽ എവർ റോളിങ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്, തബലയിലെ വിജയിക്ക്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama