go

മീൻപിടിത്തത്തിന് 2 ദിവസം ‘അപ്രഖ്യാപിത അവധി’

Alappuzha News
പണിമുടക്കിനെ തുടർ‌ന്ന് പ്രവർത്തന രഹിതമായ തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം.
SHARE

അമ്പലപ്പുഴ ∙ തുടർ‌ച്ചയായി രണ്ടു ദിവസത്തെ പണിമുടക്കിൽ മത്സ്യബന്ധന മേഖല പൂർണമായും നിലച്ചു. തോട്ടപ്പള്ളി തുറമുഖം, വള‍‍ഞ്ഞവഴിതീരദേശം, പുന്നപ്ര ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങളിൽ നിന്നു വള്ളങ്ങളൊന്നും കടലിൽ പോയില്ല. കായംകുളം, ആയിരം തെങ്ങ് എന്നിവിടങ്ങളിൽ‌ നിന്നു മീൻ കൊണ്ടു വന്നു തോട്ടപ്പള്ളി തുറമുഖത്തു നടന്നിരുന്ന വിൽപനയും ഉണ്ടായില്ല. 

അതേസമയം, ദേശീയപാത അരികിൽ‌ മീൻ വിറ്റവർക്കു മെച്ചപ്പെട്ട വില കിട്ടി. പൊന്തു വള്ളത്തിൽ കിട്ടിയ മീനുകളാണ് ഇവയിലധികവും. കടൽ ശാന്തമായതിനാൽ പൊന്തു വള്ളത്തിൽ ആയാസം കൂടാതെ  പോകാനായി. മത്തി കിലോയ്ക്കു 150 രൂപ, അയല 240, ചെമ്മീൻ 350, പൊടിമീൻ 100 എന്നിങ്ങനെയാണു വിറ്റുപോയത്. വാഹനങ്ങളിലെത്തി പച്ച മീൻ വാങ്ങിക്കാൻ ഗുണഭോക്താക്കൾക്കുമായി.പണിമുടക്കായതിനാൽ ബോട്ടുകളും കടലിൽ പോയില്ല. ഇന്നു ബോട്ടുകൾ കടലിൽ പോകുന്നതോടെ മേഖല വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

സമുദ്രോൽപന്ന മേഖല: നഷ്ടം കോടികൾ

സമുദ്രോൽപന്ന കയറ്റുമതിശാലകൾ പ്രവർത്തിക്കുന്ന അരൂർ മേഖലയിൽ ഹർത്താലും പണിമുടക്കും കാരണമുണ്ടായതു കോടികളുടെ നഷ്ടം. പണിമുടക്കുമൂലം 20 കോടിരൂപയുടെ നഷ്ടമാണു പീലിങ് മേഖലയിൽ മാത്രം ഉണ്ടായത്. ഹർത്താലിൽ നിന്നും പണിമുടക്കിൽ നിന്നും വിട്ടുനിൽക്കാൻ ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയും അനുബന്ധ സംഘടനകളും തീരുമാനം എടുത്തിരുന്നു. എന്നാൽ മതിയായ പൊലീസ് സംരക്ഷണം ലഭിക്കാഞ്ഞതോടെ ഭൂരിഭാഗം കയറ്റുമതി ശാലകളും പീലിങ് ഷെഡുകളും അടഞ്ഞു കിടന്നു.

ചെമ്മീൻ തൊണ്ടുകൾ സംസ്കരിക്കുന്ന കൈറ്റീൻ ശാലകൾ തുറക്കാഞ്ഞതു പീലിങ് ഷെ‍ഡുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. ചേർത്തല താലൂക്കിലെ 400 പീലിങ് ഷെഡുകൾ കഴിഞ്ഞ മാസം 24മുതൽ ഇന്നലെ വരെ കുറച്ചുദിവസം മാത്രമാണു പ്രവർത്തിച്ചത്. 

അടിക്കടിയുള്ള ഹർത്താൽ സമുദ്രോൽപന്ന മേഖലയെ ഏറെ ബാധിക്കുന്നു. 24നു ശേഷം 100 കോടി രൂപയുടെ നഷ്ടമാണു കയറ്റുമതി മേഖലയിൽ ഉണ്ടായത്. ചില സ്ഥലങ്ങളിൽ പീലിങ് തൊഴിലാളികൾ എത്തിയെങ്കിലും ചെമ്മീൻ തൊണ്ടുകൾ സംസ്കരിക്കുന്ന കൈറ്റീൻ ശാലകൾ പ്രവർത്തിക്കാതായതോടെ ഇവർക്കു മടങ്ങേണ്ടി വന്നു. 

 വി.പി.ഹമീദ്, 

ചേംബർ ഓഫ് കേരള സീ ഫുഡ് ഇൻഡസ്ട്രി

സംസ്ഥാന പ്രസിഡന്റ് 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama