go

കുറ്റിക്കാട്ടിൽ പെട്രോൾ ബോംബ്; പൊലീസ് പരിശോധന നടത്തി, ഒരു മണിക്കൂറിനകം അതേയിടത്ത് ആയുധങ്ങൾ, ദുരൂഹത

search
SHARE

മാവേലിക്കര ∙ ചെട്ടികുളങ്ങര പേളയിൽ റോഡരികിലുള്ള കുറ്റിക്കാട്ടിൽ നിന്നു പെട്രോൾ ബോംബ് കണ്ടെത്തി. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മയുടെ പേള രാധേയം വീടിനു സമീപത്തെ ആൾത്താമസമില്ലാത്ത വീടിനു മുന്നിലെ കുറ്റിക്കാട്ടിൽ ഇന്നലെ രാവിലെ എട്ടരയോടെ ആണു പ്ലാസ്റ്റിക് കവറിൽ ബോംബ് കണ്ടെത്തിയത്. ഇതേ വീടിന്റെ കുളിമുറിയിൽ നിന്നാണു നവംബർ 25നു സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്

വീടിനു സമീപത്തെ റോഡിൽ രണ്ടു പേർ ബൈക്കിൽ വന്നതു കണ്ടു സമീപത്തു താമസിക്കുന്നയാൾ നോക്കിയപ്പോൾ ബൈക്ക് തിരിച്ചു വേഗത്തിൽ ഓടിച്ചു പോയി. തുടർന്നാണു ബോംബ് കണ്ടത്. എസ്ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധിച്ചപ്പോൾ കവറിൽ അമിട്ടും 2 ലീറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയിൽ അര ലീറ്റർ പെട്രോളും തിരിഉറപ്പിച്ച ബീയർ കുപ്പിയിൽ പകുതി പെട്രോളും കണ്ടെത്തുകയായിരുന്നു. നാട്ടുകാർ നൽകിയ സൂചന അനുസരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആയുധങ്ങൾ കണ്ടെത്തിയത് പരിശോധന നടന്ന് ഒരു മണിക്കൂറിനകം അതേയിടത്ത് പൊലീസ് പരിശോധന നടത്തി ഒന്നും കണ്ടെത്താതെ മടങ്ങിയ സ്ഥലത്തുനിന്ന് ഒരു മണിക്കൂറിനു ശേഷം ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇന്നലെ രാവിലെ പേളയിൽ റോഡരികിലെ കുറ്റിക്കാട്ടിൽനിന്നു പ്ലാസ്റ്റിക് കവറിൽ പെട്രോൾ ബോംബും അമിട്ടും കണ്ടെത്തിയതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസിനോടു ഈരേഴയിലെ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്നു ചിലർ സൂചിപ്പിച്ചു. തുടർന്നു പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒരു മണിക്കൂറിനു ശേഷം അവിടെ ആയുധമുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നും ചില പ്രാദേശിക സിപിഎം നേതാക്കൾ പൊലീസിനെ അറിയിച്ചു.

എസ്ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ആർഎസ്എസ് നേതാവിന്റെ വീടിന്റെ കുളിമുറിയുടെ മേൽക്കൂരയ്ക്കു മുകളിൽ ബാഗ് കാണപ്പെട്ടു. ഇതിനുള്ളിൽ പെട്രോൾ നിറച്ച 7 കുപ്പികൾ, ചുരിക, വാൾ എന്നിവ കണ്ടെത്തി.
ആദ്യം പരിശോധിച്ചപ്പോൾ ഇല്ലാതിരുന്ന ബാഗ് രണ്ടാമതു പരിശോധന നടത്തിയപ്പോൾ എങ്ങനെയെത്തി എന്നതാണു പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ആർഎസ്എസ് നേതാവ് രാവിലെ 6.30 നു ജോലിക്കായി കൊല്ലത്തു പോയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സമീപത്തെ വസ്തുവിന്റെ അതിർത്തിയിലാണു വീടിന്റെ കുളിമുറി. ആരെങ്കിലും ബാഗ് അവിടെ കൊണ്ടു വെച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം സംബന്ധിച്ചു രാത്രി വരെ പൊലീസ് കേസ് എടുത്തിട്ടില്ല.

ആസൂത്രിതശ്രമമെന്ന് പൊലീസ്

 പ്രദേശത്തു സംഘർഷം സൃഷ്ടിക്കാൻ ആസൂത്രിതശ്രമമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പാർട്ടികളുടെ നേതൃത്വം അറിയാതെ ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടത്തുകയാണെന്ന സംശയത്തിലാണു പൊലീസ്.

വൈദ്യുതി മുടങ്ങിയെന്ന് നാട്ടുകാർ

പേളയിൽ പെട്രോൾ ബോംബ് കണ്ടെത്തിയ പ്രദേശത്തു കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലായിരുന്നെന്നു നാട്ടുകാർ. രാത്രി വൈകി വൈദ്യുതി വിഛേദിക്കപ്പെട്ടെങ്കിലും നാട്ടുകാർ ആരും ശ്രദ്ധിച്ചിരുന്നില്ല.

ചെട്ടികുളങ്ങര: സമാധാനത്തിലേക്ക് ആര് വഴിതുറക്കും?

കർശനമായ നിയമ നടപടി മാത്രമാണു ചെട്ടികുളങ്ങരയിലെ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള പോംവഴി – പൊലീസിനും രാഷ്ട്രീയ നേതാക്കൾക്കും ഒരേ സ്വരം. ഇക്കാര്യത്തിൽ സമാന അഭിപ്രായം പറയുമ്പോഴും പാർട്ടികൾ പരസ്പരം പഴി ചാരുന്നുമുണ്ട്.

ചെട്ടികുളങ്ങരയിലെ സംഭവങ്ങൾക്കു ശരിക്കും രാഷ്ട്രീയ ബന്ധമുണ്ടോ എന്നതിൽ സംശയമുണ്ട്. രാഷ്ട്രീയത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധർ ചെയ്യുന്നത് എന്ന നിഗമനം പൊലീസിനുണ്ട്. നിരീക്ഷണവും കർശന നടപടിയുംകൊണ്ടേ പ്രശ്നങ്ങൾ തീരൂ.പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. സംശയമുള്ളവരെ നേരിട്ടും നിരീക്ഷിക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കില്ല.

 അനീഷ് വി.കോര, മാവേലിക്കര

ഡിവൈഎസ്പി

ബിജെപി ബന്ധമുള്ള ക്രിമിനലുകളാണു സംഘർഷമുണ്ടാക്കുന്നത്. ഒരു കാരണവുമില്ലാതെയാണു പഞ്ചായത്ത് പ്രസിഡന്റിന്റെയും പാർട്ടി പ്രവർത്തകന്റെയും വീടിനു നേരേ ആക്രമണം നടത്തിയത്. ബാക്കി പ്രതികളെ കൂടി പിടിച്ചാൽ പ്രശ്നം തീരും. ചർച്ച ചെയ്തിട്ടു കാര്യമില്ല. ബിജെപി നേതാക്കൾ പറഞ്ഞാലും കേൾക്കാത്തവരാണു പ്രശ്നത്തിനു പിന്നിൽ. സിപിഎം പ്രവർത്തകർ ഒരു കുഴപ്പത്തിനും പോകരുതെന്നു കർശനമായി നിർദേശിച്ചിട്ടുണ്ട്.

 ആർ.നാസർ, സിപിഎം ജില്ലാ സെക്രട്ടറി

ചെട്ടികുളങ്ങരയിൽ സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണം. അക്രമികൾക്കെതിരേ പൊലീസ് ശക്തമായ നടപടിയെടുക്കണം. അക്രമത്തിലൂടെ പിടിച്ചു നിൽക്കാനാണു രണ്ടു പാർട്ടികളുടെയും ശ്രമം. പ്രശ്നങ്ങൾ തുടരാൻ കാരണം പൊലീസിന്റെ നിഷ്ക്രിയത്വമാണ്. കർശന നടപടിയെടുത്തു ജനങ്ങൾക്കു സമാധാനമായി ജീവിക്കാൻ വഴിയൊരുക്കണം.

എം.ലിജു, ഡിസിസി പ്രസിഡന്റ്

അക്രമത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നു പൊലീസ് വകുപ്പ് ഉൾപ്പെടെ ഭരിക്കുന്ന പാർട്ടി പറയുന്നു. പക്ഷേ, ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും അമർച്ച ചെയ്യാൻ പൊലീസിനു കഴിയുന്നില്ല.

പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത ചിലർ സിപിഎമ്മിൽ ഉണ്ടെന്നാണ് ഇതിനർഥം. ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ പൊലീസ് തയാറാകണം. നിർദേശങ്ങൾ വയ്ക്കണം. പക്ഷേ, പൊലീസ് അതു ചെയ്യുന്നില്ല.

കെ.സോമൻ, ബിജെപി

ജില്ലാ പ്രസിഡന്റ്

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama