go

പാടത്തിനി കൊയ്ത്തുപാട്ടുകൾ...

Alappuzha News
നാളെ കൊയ്ത്ത് തുടങ്ങുന്ന ഹരിപ്പാട് കരുവാറ്റ ചാലുങ്കൽ പാടം. പ്രളയത്തിനു ശേഷം വിത്ത് ഇറക്കി കൃഷി ചെയ്ത ആദ്യ കൊയ്ത്താണു വരുന്നത്. നല്ല വിളവ് ഉണ്ടായതായി കർഷകർ പറയുന്ന പാടത്തു കതിരുകൾ പൂർണ വളർച്ചയെത്തി നിൽക്കുകയാണ്
SHARE

ആലപ്പുഴ ∙ വിളവെടുപ്പിനു തയാറായ നെൽപ്പാടങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കാൻ 18നു വിപുലമായ യോഗം ചേരും. ജില്ലാ കലക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രശ്നങ്ങളും ചർച്ച ചെയ്യും. കൃഷി വകുപ്പ് ചീഫ് എൻജിനീയറും പങ്കെടുക്കും.

അടുത്ത മാസം അവസാനത്തോടെ മാത്രമേ കൂടുതൽ യന്ത്രങ്ങൾ വേണ്ടിവരൂ എന്നാണു കൃഷി അധികൃതരുടെ വിലയിരുത്തൽ. നാളെ കൊയ്ത്തു തുടങ്ങുന്നതു കരുവാറ്റയിൽ മാത്രമാണ്. മറ്റു മിക്ക പാടങ്ങളിലും അടുത്ത മാസം അവസാനം മുതൽ ഏപ്രിൽ ആദ്യം വരെയായിരിക്കും കൊയ്ത്ത്. അപ്പോഴേക്കും ആവശ്യത്തിനു യന്ത്രങ്ങൾ എത്തിക്കാമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽനിന്നു കൊയ്ത്തു യന്ത്രങ്ങൾ എത്തിക്കാനാണ് ആലോചന. അവിടെ പ്രവർത്തനക്ഷമമായ യന്ത്രങ്ങൾ വളരെ കുറച്ചേ ഉണ്ടാവൂ എന്നതിനാൽ തമിഴ്നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ബാക്കി എത്തിക്കും.

യന്ത്രങ്ങൾക്കുക്ഷാമമുണ്ടാവില്ല

ഇത്തവണ പലയിടത്തും വിളവെടുപ്പു നേരത്തേയായതിനാൽ യന്ത്രങ്ങൾക്കു ക്ഷാമം വരില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുൻ വർഷങ്ങളിൽ ഒരേ സമയം ഒട്ടേറെ സ്ഥലങ്ങളിൽ വിളവെടുപ്പു നടന്നപ്പോഴാണു യന്ത്രങ്ങൾക്കു ക്ഷാമമുണ്ടായത്.

പ്രളയത്തിനു ശേഷം, ഒക്ടോബറിലാണു മിക്ക പാടങ്ങളിലും കൃഷിയിറക്കിയത്. അവ അടുത്ത മാസം അവസാനം കൊയ്യും. നവംബർ, ഡിസംബർ മാസങ്ങളിൽ കൃഷിയിറക്കിയ പാടങ്ങളുമുണ്ട്. വളരെ കുറച്ചു പാടങ്ങളിലേ ഇനി വിതയ്ക്കാനുള്ളൂ.

Alappuzha News
ചെന്നിത്തല രണ്ടാം ബ്ലോക്കു പാടശേഖരത്തിൽ പോത്തിനെ ഉപയോഗിച്ചു നിലമുഴുന്നു

കുട്ടനാട് കൊയ്ത്തിനൊരുങ്ങി;ആശങ്ക ഒഴിയാതെ കർഷകർ

പ്രളയം കെടുത്തിയ സ്വപ്നങ്ങൾക്കുമേൽ കർഷകർ വിതച്ച പ്രതീക്ഷകൾ കുട്ടനാട്ടിൽ കൊയ്ത്തിനൊരുങ്ങുകയാണ്. വിളഞ്ഞു നിൽക്കുന്ന പാടങ്ങളിൽ കൊയ്ത്തിനൊരുങ്ങുമ്പോഴും പ്രതിബന്ധങ്ങൾ പ്രളയം പോലെ മുന്നിലുണ്ട്.

കൈകാര്യച്ചെലവ്

നെല്ല് സംഭരണം ആരംഭിച്ച് 2 വർഷം കഴിഞ്ഞപ്പോൾ മുതൽ കൈകാര്യച്ചെലവ് വർധിപ്പിക്കണമെന്നു കർഷകർ ആവശ്യപ്പെടുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ല. കർഷകർ ക്വിന്റലിന് 100– 200 രൂപ ചെലവഴിക്കുമ്പോൾ അവർക്കു ലഭിക്കുന്നതു വെറും 12 രൂപ മാത്രം. കൊയ്ത്തിനു ശേഷം ക്കി ചാക്കിൽ നിറയ്ക്കുന്നതുവരെ കർഷകർക്കുണ്ടാകുന്ന ചെലവാണിത്. സംഭരണ വേളയിൽ മില്ലുടമകളാണ് തുക നൽകുന്നത്. കർഷകരിൽ നിന്നു നെല്ലു സംഭരിച്ചു കഴിഞ്ഞാൽ പിആർഎസ് നൽകുന്ന മുറയ്ക്ക് ഈ തുകയും നൽകും. 

ചുമട്ടുകൂലി

കർഷകർ പാടത്ത് കൊയ്തു കൂട്ടുന്ന നെല്ല് എത്രയും പെട്ടെന്നു സിവിൽ സപ്ലൈസിനു കൈമാറാൻ തൊഴിലാളികൾ ആവശ്യപ്പെടുന്ന ചുമട്ടുകൂലിയാണു കർഷകർ നൽകുന്നത്. ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടെങ്കിലും സമയത്ത് നടപ്പാകില്ല. ലേബർ ഓഫിസർ, യൂണിയൻ നേതാക്കൾ, കർഷകർ എന്നിവർ ഒന്നിച്ചെടുക്കുന്ന തീരുമാനം നടപ്പിലാക്കിയാൽ ആശ്വാസമാകും.

Alappuzha News
വിത കഴിഞ്ഞ പള്ളിപ്പാട് കരീലിൽ പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നു.

സംഭരണം

കൊയ്ത്തു കഴിഞ്ഞാൽ സംഭരണമാണ് കർഷകരുടെ ഏറ്റവും വലിയ പ്രശ്നം . ഒന്നിച്ചു കൊയ്ത്തു  നടക്കുന്നതിനാൽ എല്ലാ പാടത്തു നിന്നും സമയത്തിനു സംഭരിക്കാൻ കഴിയില്ല. നെല്ല് ദിവസങ്ങളോളം പാടത്ത് കൂട്ടി കാവലിരിക്കണം. കാലാവസ്ഥ പ്രതികൂലമായാൽ മില്ലുകാരുടെ ചൂഷണത്തിന് ഇരയാകും പലവിധ കാരണങ്ങളാൽ മില്ലുകാർ അധിക തൂക്കം നെല്ല് ആവശ്യപ്പെടും തർക്കിച്ചാൽ നെല്ലെടുക്കാതെ കർഷകരെ കഷ്ടപ്പെടുത്തും.

എന്തേ ഇത് കേരളത്തിൽ പറ്റുന്നില്ല

സർക്കാർ വക കൊയ്ത്ത് മെതി യന്ത്രങ്ങൾ ആവശ്യത്തിലേറെയുണ്ടെങ്കിലും കുട്ടനാട്ടിൽ കൊയ്ത്ത് നടക്കണമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയെത്തുന്ന യന്ത്രങ്ങളെ ആശ്രയിക്കണം. മറ്റു സംസ്ഥാനങ്ങളിൽ വർഷങ്ങളായി യന്ത്രങ്ങൾ 

സംരക്ഷിക്കുന്ന മാതൃക കേരളത്തിൽ  ചെയ്യാൻ കഴിയാത്തതെന്തെന്ന കർഷകരുടെ ചോദ്യത്തിന് ഉത്തരമില്ല. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള യന്ത്രം രണ്ടും മൂന്നും ഇടനിലക്കാർ കൈമറിഞ്ഞ് കുട്ടനാട്ടിൽ എത്തുമ്പോൾ ചെലവ് മണിക്കൂറിന് 1750 രൂപയാകും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഈ നിരക്കിൽ കൊയ്ത്ത് നടക്കൂ.

കേരളത്തിലെ സർക്കാർ യന്ത്രം കൊണ്ട് കൊയ്ത്തു നടത്തിയാൽ മണിക്കൂറിന് 1250 രൂപയിൽ താഴെയേ ചെലവാകുകയുള്ളൂ. 2014 ലെ പുഞ്ചക്കൃഷിക്കു ശേഷം അമ്പലപ്പുഴയിലും കെയ്കോയുടെ വർക്‌ഷോപ്പിലുമായി 156 യന്ത്രങ്ങൾ തള്ളിയിരിക്കുകയാണ്. ആർക്കു വേണ്ടിയാണ് ഉദ്യോഗസ്ഥർ ഇവ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന ചോദ്യത്തിന് ആരു മറുപടി നൽകും?

അതു പഴയൊരു കാലം

തൊഴിലാളികളുടെ മേളമായിരുന്നു കുട്ടനാട്ടിലെ പഴയ കൊയ്ത്തുകാലം. ആയിരക്കണക്കിനു തൊഴിലാളികൾ പാടങ്ങളിൽ നിറയും. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള 4 മാസത്തെ പ്രയത്നത്തിന്റെ വിളവെടുപ്പുകാലം കൂടിയായിരുന്നു അക്കാലം.

‘കൊയ്ത്തിനിറങ്ങും പെണ്ണാളേ, കൊയ്തെടുക്കും നെല്ലാളേകാലം പോയതറിഞ്ഞില്ലേ, കൊയ്ത്തു വന്നതറിഞ്ഞില്ലേ?..’അറുപതുകാരൻ വർഗീസ് ആന്റണി, അമ്മ പാടിക്കൊയ്ത പാട്ടുകൾ ഓർത്തുപാടി. കുട്ടനാട്ടിലെ പഴയ കൊയ്ത്തുകാലം നല്ല പാട്ടിന്റെ കാലം കൂടിയാണ്. വിശപ്പിന്റെയും വെയിലിന്റെയും കാഠിന്യം അവർ മറന്നു പാടത്തു പണിയെടുത്തത് പാട്ടു നൽകിയ ഊർജം കൊണ്ടാണ്.

വിതയ്ക്കാനും കൊയ്യാനും ഞാറടിക്കാനും എല്ലാം വെവ്വേറെ പാട്ടുകൾ കുട്ടനാട്ടിലെ സാധാരണക്കാരായ തൊഴിലാളികൾക്കുണ്ടായിരുന്നു. കൊയ്തെടുത്ത കറ്റ അടുത്തുള്ള പുരയിടങ്ങളിലേക്കു മാറ്റിയ ശേഷം ഉയർത്തിക്കെട്ടിയ തടികളിൽ പിടിച്ചു നിന്നു ചവിട്ടിയും മെതിച്ചും തൊഴിലാളികൾ തന്നെ കറ്റയിൽ നിന്നു നെല്ലു വേർതിരിക്കും.

തൊഴിലിന്റെ കൂലി അന്നു നെല്ലു തന്നെയായിരുന്നു. കൂലിയായി പതവും തീർപ്പും വാങ്ങി പിരിയുമ്പോൾ അടുത്ത പുഞ്ചക്കൃഷിക്കായുള്ള കാത്തിരിപ്പും തുടങ്ങും.

മെതിച്ചെടുക്കുന്ന നെല്ലിൽ ഉടമയ്ക്ക് ഏഴു പറ നെല്ല് കൊടുക്കുമ്പോൾ ഒരു പറ നെല്ലും ഒരു ചങ്ങഴിനെല്ലും ഒരു നാഴി നെല്ലും തൊഴിലാളിക്ക് എന്നതായിരുന്നു അക്കാലത്തെ പതം.നെല്ല് ഉണക്കിയെടുക്കുന്നതും അധ്വാനമാണ്. ചിക്കുപായകളിൽ നെല്ല് പരത്തി വെയിലത്തിടും. നെല്ലു കൊത്താൻ പറവകളെത്തും. അവയെ ഓടിക്കാൻ ജോലിക്കാർ കാവൽ നിൽക്കും.

ഉണക്ക നെല്ല് അറകളിലും പത്തായങ്ങളിലുമാക്കി കാത്തു സൂക്ഷിക്കും. നല്ല വില കിട്ടുമ്പോൾ വിറ്റഴിക്കും. ഇപ്പോൾ യന്ത്രങ്ങൾ കൊയ്തു മെതിച്ചു വേർതിരിക്കുന്ന നെല്ല് വയൽ വരമ്പിൽത്തന്നെ മില്ലിലേക്കുള്ള യാത്ര തുടങ്ങുകയാണ്. 

കുട്ടനാട്ടിൽ ഉണ്ടായിരുന്ന നൂറുകണക്കിനു മില്ലുകളും നെല്ല് പുഴുക്കു ശാലകളും പൂട്ടി. ആയിരക്കണക്കിനു തൊഴിലാളികൾ മറ്റു തൊഴിൽ തേടി പോയി.

നല്ല വിളവ് പ്രതീക്ഷകൃഷി 30,000 ഹെക്ടറിൽ

ഇത്തവണ നല്ല വിളവുണ്ടാകുമെന്നാണു കൃഷി വകുപ്പ് അധികൃതർ പറയുന്നത്. മൊത്തം 30,000 ഹെക്ടറിൽ കൃഷിയിറക്കുകയാണു ലക്ഷ്യം. ഇതിൽ 28,500 ഹെക്ടറിൽ വിതച്ചു കഴിഞ്ഞു. മുൻ വർഷത്തെക്കാൾ 7,000 ഹെക്ടർ അധികമാണ് ഇത്തവണ കൃഷിയിറക്കുന്നത്.

ഓരുവെള്ളത്തിന്റെയും മറ്റും ഭീഷണി കാര്യമായി ഉണ്ടായില്ലെന്നതും ഇക്കൊല്ലം പ്രതീക്ഷ നൽകുന്നു. ഓരുവെള്ളം കയറാറുള്ള കരുവാറ്റയിലും പുറക്കാട്ടുമാണ് ഇക്കൊല്ലം ആദ്യം കൃഷിയിറക്കിയത്. സെപ്റ്റംബർ 22ന് ആയിരുന്നു അത്. തോട്ടപ്പള്ളി സ്പിൽവേ വഴി ഓരുവെള്ളം കയറുമോ എന്ന ആശങ്കയുണ്ടായിരുന്നു. മണൽച്ചിറയുണ്ടാക്കിയും മറ്റും തടയിട്ടിരുന്നു.

ആഴ്ച തോറും കളർകോട്ടെ ലബോറട്ടറിയിൽ ഈ പ്രദേശത്തെ വെള്ളം പരിശോധിക്കുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമീപം ഉപ്പിന്റെ അംശം വളരെ കുറവാണെന്നാണു കണ്ടെത്തിയത്. സ്പിൽവേയിൽനിന്നു വളരെ അകലെയുള്ള പാടങ്ങളിൽ ഇതിലും കുറവായിരിക്കുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ തണ്ണീർമുക്കം ബണ്ടിനു സമീപം ഓരുവെള്ളമുണ്ട്. എങ്കിലും വെള്ളം കുട്ടനാടു വരെ ഒഴുകിയെത്തുമ്പോഴേക്കും ഉപ്പിന്റെ അളവു കുറയുമെന്നും അവർ പറയുന്നു.

വിത കഴിഞ്ഞ പാടത്ത് വെള്ളം;116 ഏക്കറിൽ പ്രതിസന്ധി

വിത കഴിഞ്ഞ പാടത്തെ വെള്ളം വറ്റിക്കാൻ കഴിയാത്തത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. പള്ളിപ്പാട് കരീലിൽ പാടത്തെ116 ഏക്കറിലാണ് ദിവസങ്ങളായി വിത്ത് വെള്ളത്തിനടിയിൽ കിടക്കുന്നത്. വിതച്ച് 4 ദിവസം കഴിഞ്ഞ പാടത്ത് ഉറവ മൂലം വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് എത്രയും വേഗം വറ്റിച്ചാൽ മാത്രമേ വിത്ത് കിളിർക്കുകയുള്ളൂ. എന്നാൽ പാടത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള മോട്ടോറും പമ്പും പ്രവർത്തിക്കുന്നില്ല. ഇതാണ് വെള്ളം വറ്റിക്കുന്നതിന് തടസ്സമായത്. ഇന്നലെ വൈകിട്ട് ഒരു മോട്ടോർ ശരിയാക്കി വെള്ളം വറ്റിക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ട് മോട്ടോറു പ്രവർത്തിച്ചാൽ രണ്ടു ദിവസത്തിൽ കൂടുതൽ വേണം വെള്ളം വറ്റിക്കാൻ.

പാട്ടത്തിനെടുത്തും പലിശയ്ക്ക് പണമെടുത്തുമാണ് പലരും ഇവിടെ കൃഷി ചെയ്യുന്നത്. 75 ചെറുകിട കർഷകരാണ് കരീലിൽ പാടത്ത് കൃഷി ചെയ്യുന്നത്. പാടത്തെ വെള്ളം അച്ചൻ കോവിലാറിലേക്ക് പമ്പ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

∙ ചെന്നിത്തല, മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തെ പാടത്തു നിലമൊരുക്കിനു ബുദ്ധിമുട്ടേറുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ എക്കൽ ശേഖരം പാടത്ത് കെട്ടിക്കിടക്കുന്നതാണ് കാരണം. ട്രാക്ടറും മണ്ണുമാന്തിയുമിറക്കി നിലമൊരുക്കൽ നടത്തിയെങ്കിലും ഇവ എത്തിപ്പെടാൻ കഴിയാത്ത പാടങ്ങളിൽ കർഷകർ പോത്തുകളെയാണ് ഉപയോഗിച്ചത്. ഒരേക്കർ നിലമുഴാൻ മൂന്നു മണിക്കൂർ വരെ വേണ്ടിവരും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama