go

20 കോടി വായ്പ കിട്ടിയിട്ടും പച്ചതൊടാതെ എക്സൽ ഗ്ലാസ്

Alappuzha News
6 വർഷത്തോളമായി അടഞ്ഞുകിടക്കുന്ന കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറി.
SHARE

കലവൂർ ∙ സർക്കാർ 20 കോടി കൊടുത്തിട്ടും കലവൂർ എക്സൽ ഗ്ലാസ് ഫാക്ടറി 6 വർഷമായി അടഞ്ഞുതന്നെ. നാനൂറോളം സ്ഥിരം ജീവനക്കാരുടെയും മുന്നൂറോളം അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാർഗമാണു തുരുമ്പെടുത്തു നശിക്കുന്നത്. 

സ്വകാര്യസ്ഥാപനമായിട്ടും കമ്പനി തുറന്നു പ്രവർത്തിക്കുന്നതിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ മുഖാന്തരം സർക്കാർ 19.5 കോടി വായ്പയായി കൊടുത്തിരുന്നു. 

എന്നാൽ കമ്പനി തുറന്നു പ്രവർത്തിപ്പിക്കാൻ മാനേജ്മെന്റ് തയാറായിട്ടില്ല. ഇപ്പോൾ പലിശ ഉൾപ്പെടെ 33 കോടിയോളം രൂപയുടെ ബാധ്യതയായി. 

ദേശീയപാതയോരത്ത് 4 ഏക്കറിലുള്ള കമ്പനിയിലെ യന്ത്രസാമഗ്രികളും നശിക്കുകയാണ്. ഉൽപാദനച്ചെലവ് ഉയർന്നതും പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റവും കാരണം ഗ്ലാസ് ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞെന്ന പേരിലാണു കമ്പനി അടച്ചുപൂട്ടിയത്. 6 കോടിയോളം രൂപയുടെ ഗ്ലാസ് ഉൽപന്നങ്ങൾ ഫാക്ടറിയിൽ കെട്ടികിടക്കുന്നുണ്ടെന്നാണു മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതു വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കൊടുത്തുതീർക്കാമെന്നും പറയുന്നു.

തൊഴിലാളികൾക്ക് നൽകാനുള്ളത് നാലുകോടി;സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം

നിലവിൽ പിരിഞ്ഞു പോയ തൊഴിലാളികൾക്കായി ഗ്രാറ്റുവിറ്റി അടക്കം 4 കോടി രൂപയാണു കമ്പനി കൊടുക്കാനുള്ളത്. ചേർത്തല പള്ളിപ്പുറത്തെ സർക്കാർ ഭൂമിയിൽ നിന്നു തുച്ഛമായ തുകയ്ക്കു നേരത്തെ കമ്പനിക്കു സിലിക്ക മണൽ കൊടുത്തിരുന്നു. 

മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കമ്പനി മാനേജ്മെന്റുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, കമ്പനി സർക്കാർ ഏറ്റെടുക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama