go

ഐതിഹ്യപ്പെരുമയിൽ ശിലാസ്ഥാനം; ചെങ്ങന്നൂരമ്പലത്തിൽ തിരക്കേറുന്നു

Alappuzha News
ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ കൂത്തമ്പലത്തറയ്ക്കടുത്ത് ശിലാസ്ഥാനത്തിൽ കയറി നിന്നു തൊഴുന്ന ഭക്തൻ.
SHARE

ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ കൂത്തമ്പലത്തറയോടു ചേർന്നു തെക്കു ഭാഗത്ത് ഒരു കരിങ്കല്ല് കാണാം. കല്ലിൽ വലതു കാൽ ഉറപ്പിച്ച് ഇടതു കാൽ മടക്കി വലതുകാലിലേക്കു വച്ചു നിന്നു തൊഴുന്ന ഭക്തരെ കണ്ട് ക്ഷേത്രത്തിൽ ആദ്യമായെത്തുന്നവർ അത്ഭുതം കൂറും. ഭക്തിയും വിശ്വാസവും ഇഴചേർന്ന ആചാരത്തിനു പിന്നിലെ ഐതിഹ്യം ഇതാണ്; 

വിഷചികിൽസയിൽ അഗ്രഗണ്യരായിരുന്നു കറത്തേടത്ത് മുരിങ്ങൂർ കുടുംബം. ഇക്കാലത്തു വിഷചികിൽസയിലും മാന്ത്രികപ്രവൃത്തികളിലും പ്രശസ്തനായ ആൾവാർ (അവധൂതൻ) ക്ഷേത്രത്തിലെത്തി. തന്നോടു മൽസരിക്കാൻ മുരിങ്ങൂർ കുടുംബത്തെ വെല്ലുവിളിച്ചു. ആൾവാരെ നേരിടാൻ 12 വയസ് പ്രായമുള്ള ബാലൻ മാത്രമേ കുടുംബത്തിൽ ഉണ്ടായിരുന്നുള്ളൂ.

പരിചയക്കുറവും ഭയവും മൂലം ദേവിയിൽ അഭയം പ്രാപിച്ച ബാലന് അന്നു രാത്രി സ്വപ്നദർശനമുണ്ടായി. അറയ്ക്കകത്ത് അടപ്പോടു കൂടിയ ചെമ്പുകുഴൽ എടുക്കാനും അതിലൂടെ സർപ്പത്തെ പുറത്തിറക്കാൻ ആൾവാരോട് ആവശ്യപ്പെടണമെന്നുമായിരുന്നു സ്വപ്നത്തിൽ ദേവി നൽകിയ ദർശനം. കുഴലിൽ നിന്നു പുറത്തു ചാടിയ ചെറിയ സർപ്പത്തെ അടക്കാൻ കഴിയാതെ തോൽവി സമ്മതിച്ച ആൾവാർ മാപ്പ് അപേക്ഷിച്ചതിനെ തുടർന്നു ദിവ്യസർപ്പത്തെ ബാലൻ കുഴലിലേക്ക് ആവാഹിച്ചു. 

തുടർന്ന് ആൾവാർ തന്റെ കൈവശമുണ്ടായിരുന്ന സിദ്ധൗഷധങ്ങളും ഗ്രന്ഥങ്ങളും നാട്യമണ്ഡപത്തിനു (കൂത്തമ്പലം) തെക്ക് കുഴിയെടുത്ത് മൂടിയതായാണ് ഐതിഹ്യം.  ഇതിനു മുകളിൽ സ്ഥാപിച്ച ശിലയിൽ കയറി നിന്ന് ശ്രീകോവിലിന്റെ സ്തൂപികയിൽ നോക്കി നഞ്ചുണ്ടദേവാ നമഃശിവായ എന്നു പരമശിവനെ സ്മരിക്കുന്നവർക്ക് അന്നേ ദിവസം വിഷഭയം ഉണ്ടാകില്ലെന്ന് ആശീർവദിക്കുകയും ചെയ്തതായായി വിശ്വസിക്കപ്പെടുന്നു. 

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 6 നു പുരാണപാരായണം, 8 നു ശ്രീബലി, വൈകിട്ട് 5 നു കാഴ്ചശ്രീബലി, 6 നു ദീപാരാധന, ദീപക്കാഴ്ച, 7 നു സംഗീതസദസ് –അശ്വിൻ ഉണ്ണികൃഷ്ണൻ. 9 നു നടനവിസ്മയം–2019–കലാമന്ദിർ സ്കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക്, ബുധനൂർ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama