go

പകിട്ടൊഴിഞ്ഞ് കയർപിരിമേഖല; ഉൽപാദനത്തിലും കുറവ്

Alappuzha News
പൊള്ളാച്ചിയിൽ നിന്ന് സ്വകാര്യ കയർ ഉൽപ്പാദകർ പല്ലന ആറ്റിൽ കെവി ജെട്ടിയിൽ എത്തിച്ച ചകിരിക്കെട്ടുകൾ കയർപിരിക്കുന്നതിനായി തൊഴിലാളികളുടെ വീടുകളിൽ എത്തിക്കുന്നതിനു വള്ളത്തിൽ കയറ്റുന്നു.
SHARE

മുതുകുളം∙ കയർ ഉൽപാദനരംഗം അനാകർഷകമായതോടെ സഹകരണസംഘങ്ങളെ കൂടാതെ സ്വകാര്യ കയർ ഉൽപാദകർക്കായി കയർപിരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുന്നു. ഇതുമൂലം സ്വകാര്യമേഖലയിലും കയർ ഉൽപാദനത്തിൽ വലിയകുറവ് ഉണ്ടായി.  നേരത്തെ കയർ വ്യവസായ സംഘങ്ങൾക്കും സ്വകാര്യ ഉൽപാദകർക്കും  കയർപിരിക്കുന്നത് ഒട്ടേറെ തൊഴിലാളികളുടെ മുഖ്യ തൊഴിലായിരുന്നു. എന്നാൽ  ഇപ്പോൾ തൊഴിലുറപ്പു ജോലിക്കു ശേഷമുളള ഇടവേളകളിലും തൊഴിൽ ഉറപ്പ് ജോലി ഇല്ലാത്ത ദിവസങ്ങളിലുമാണു മിക്ക തൊഴിലാളികളും കയർപിരിക്കുന്നത്.

Alappuzha News

നേരത്തെ 30 കിലോ വീതം തൂക്കം വരുന്ന  800 കെട്ട് ചകിരിയുടെ കയർ, തൊഴിലാളികൾ മാസം പിരിക്കുമായിരുന്നുവെങ്കിൽ ഇപ്പോൾ 200 കെട്ട് ചകിരിയുടെ കയർ ഉൽപാദനം പോലും നടക്കുന്നില്ലെന്നു സ്വകാര്യ കയർ ഉൽപാദകൻ പാനൂർ ആഞ്ഞിലിത്തറ അബ്ദുൽ റഹ്മാൻ പറഞ്ഞു. പല്ലന, പാനൂർ, കിഴക്കേക്കര വടക്ക് തുടങ്ങിയ ഭാഗങ്ങളിലെ തൊഴിലാളികളാണു ചകിരി നൽകുമ്പോൾ കയർപിരിച്ച് നൽകുന്നത്. 

സഹകരണ സംഘങ്ങളിലെ കയർ ഉൽപാദനത്തിൽ  ഇരുപത്തഞ്ച് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. കൂടുതൽ വേതനം സംഘങ്ങൾക്കു കയർപിരിക്കുന്നതിലൂടെയാണെങ്കിലും സ്വകാര്യ ഉൽപാദകരോടാണു തൊഴിലാളികൾക്കു താൽപര്യം  സംഘങ്ങൾക്കായി കയർപിരിക്കുന്ന തൊഴിലാളികൾ സംഘം ചകിരിക്കെട്ടുകൾ എത്തിക്കുന്ന കേന്ദ്രത്തിൽ നിന്നു സ്വന്തം നിലയിൽ ചകിരിക്കെട്ടുകൾ വീടുകളിലെത്തിച്ചുപിരിച്ചു സംഘങ്ങളിലെത്തിക്കണം. സ്വകാര്യ കയർ ഉൽപാദകരാകട്ടെ ചകിരിക്കെട്ടുകൾ തൊഴിലാളികളുടെ വീടുകളിലെത്തിക്കും.  ആഴ്ചയിലൊരിക്കൽ വീടുകളിലെത്തി കയർ കൊണ്ടുപോവുകയും പിരിച്ച കയറിന്റെ വേതനം രൊക്കം നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ വേതനം മുൻകൂറായും നൽകും. 

പുതുതലമുറ കയറിനെ കൈവിട്ടു

കയർ ഉൽപാദനത്തിൽ കുറവ് വന്നതോടെ കയറിന് ആവശ്യം വർധിച്ചതായി തൃക്കുന്നപ്പുഴയിലെ സ്വകാര്യ ഉൽപാദകൻ സോൾ സി തൃക്കുന്നപ്പുഴ പറഞ്ഞു. എന്നാൽ സഹകരണസംഘങ്ങളിലും സ്വകാര്യ കയർഉൽപാദകർക്കുമായി കയർപിരി നടത്തുന്നവരുടെ എണ്ണം കുറയുന്നത് പ്രതിസന്ധിയിലേക്കു നയിക്കുകയാണ്.

നേരത്തെ മുതൽ കയർപിരിച്ചു വന്നവർ മാത്രമേ ഈ മേഖലയിൽ ഇപ്പോഴുള്ളു. പുതിയതലമുറയിൽപ്പെട്ടവർ ഈ രംഗത്തേയ്ക്ക് വരുന്നില്ല. കയർ ഉൽപാദന രംഗം ആകർഷകമാക്കാൻ സംഘങ്ങളുമായി ബന്ധപ്പെടുത്തി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും കാര്യമായ പ്രയോജനമില്ല. കയർ ഉൽപാദനം തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

ചകിരിക്ഷാമം രൂക്ഷം

ചകിരി ക്ഷാമം പരിഹരിക്കാനുള്ള സർക്കാർ നടപടികളും എങ്ങുമെത്തുന്നില്ല. 30 കിലോ തൂക്കം വരുന്ന ഒരുകെട്ട് പൊള്ളാച്ചി ചകിരി നാട്ടിലെത്തിക്കുമ്പോൾ 900 രൂപ വില വരുന്നുണ്ട്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama