go

വെറൈറ്റി കൃഷി, സൂപ്പർ വിളവ്...

Alappuzha News
വീടിന്റെ ടെറസിൽ കെ.എസ്. ഷെറഫും ഭാര്യ സീനത്തും
SHARE

പുന്നപ്രയിലെ കാർഷിക വിപ്ലവം

പുന്നപ്ര അൽ സബാഹിൽ കെ.എസ്.ഷെറഫും ഭാര്യ സീനത്തുമാണു കൃഷിഭൂമിയിൽ അവസാനിക്കാത്ത പരീക്ഷണങ്ങളൊരുക്കുന്നത്.  ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്ലവറും എന്നിവ വീടിന്റെ മേൽക്കൂരയിൽ 1200 ചതുരശ്ര അടി ഭാഗത്തു കൃഷി ചെയ്താണ് ഇവർ വ്യത്യസ്തരാവുന്നത്. ആഴ്ചയിലൊരിക്കൽ വിളവെടുത്തു പറവൂരിലെ ഉഴവിന്റെ വിപണിയിലെത്തിക്കും. ആഴ്ചയിൽ 5 കിലോയെങ്കിലും‌ ഓരോന്നും വിൽക്കാനാകുന്നുണ്ടെന്നു മിൽമ ജീവനക്കാരൻ കൂടിയായ ഷെറഫ് പറയുന്നു. ഭാര്യ സീനത്ത് മനോരമ വനിത അടുക്കളത്തോട്ടം മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. മക്കളായ ഷിയാസും ഷിഹാസും ഷിബിനാസും കൃഷിയോട് പ്രിയമുള്ളവർ തന്നെ. 

മുസംബിക്കഥ

Alappuzha News
കൽപകവാടി ഫാമിലെ മുസംബി

മുസംബി കൃഷിയിൽ വിജയഗാഥ രചിച്ചാണു കരുവാറ്റ കൽപകവാടിയിൽ അംബു വർഗീസ് വൈദ്യൻ കൃഷിയിടത്തിൽ പുതുമ വിരിയിച്ചത്. കരുവാറ്റ മങ്കുഴി കാഞ്ഞിരംപറമ്പിൽ കൽപകവാടി ഫാമിലാണ് 20 വർഷത്തോളം പഴക്കമുള്ള 100 മുസംബിയുള്ളത്. അപ്പൂപ്പൻ എം.എസ്.ജോസഫാണ് ഇവ നട്ടു വളർത്തിയത്.

Alappuzha News
ഫാമിലെ മുസംബി മരവും അംബു വർഗീസ് വൈദ്യനും

പ്രതിവർഷം 1500 മുതൽ 2000 കിലോവരെ മുസംബി ലഭിക്കും. വലിയ പരിചരണം കൂടാതെ നമ്മുടെ നാട്ടിൽ മുസംബി കൃഷി ചെയ്യാമെന്നാണ് അംബു വർഗീസ് വൈദ്യന്റെ അനുഭവ സാക്ഷ്യം. കീടങ്ങളുടെ ശല്യമില്ല. വേനൽകാലത്ത് വെള്ളം നനച്ചു കൊടുക്കണം. ചാണകവും എല്ലുപൊടിയും മാത്രമാണു വളമെന്നും അംബു വർഗീസ് വൈദ്യൻ പറഞ്ഞു. 

സോയ സിംപിളാണ്

Alappuzha News
മാക്കേക്കടവ് പുരുഷപുരം ഡി. സുരേഷ് സോയാബീൻ കൃഷിയിടത്തിൽ

കിഴക്കനേഷ്യൻ വിളയായ സോയാബീൻ മാക്കേക്കടവിലും വിളയിക്കുകയാണു ജലസേചനവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മാക്കേക്കടവ് പുരുഷപുരം ഡി. സുരേഷ്. മാസങ്ങൾക്കു മുൻപു സുഹൃത്തിന്റെ വീട്ടിൽ നിന്നു വിത്തെടുത്തു പാകിയതാണ്. ജൈവ വളവും വെള്ളവും പരിപാലവും നൽകിയതോടെ ഒരുമാസം കൊണ്ടു ചെടി പൂവിട്ടു. കുലയായാണു ഫലമുണ്ടാകുന്നത്. ഒരു തവണ നടുന്നതു മൂന്നു മാസത്തോളം ഫലം നൽകുമെന്നു സുരേഷ് പറയുന്നു. പ്രോട്ടീൻ കൂടുതലുള്ള സോയബീൻ  മണ്ണിലെ നൈട്രജൻ അളവ് കൂട്ടും. വനമേഖലയിൽ വളരുന്ന ആഴംപനയും (കാട്ടു തെങ്ങ്) സുരേഷിന്റെ കൃഷികളിലൊന്നാണ്. 

കാണാവിളകളുടെ കഞ്ഞിക്കുഴി

Alappuzha News
വിളവെടുപ്പ് നടത്തിയ സവാളയുമായി ശുഭകേശൻ കൃഷിയിടത്തിൽ.

കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഹരിത വിപ്ലവം സൃഷ്ടിച്ച കർഷകനാണ് എസ്എൻ പുരം ശ്രുതിനിലയത്തിൽ കെ.പി.ശുഭകേശൻ. വ്യത്യസ്തമായ കൃഷി രീതികൾ പരീക്ഷിച്ചു സവാള, വെളുത്തുള്ളി, കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ അദ്ദേഹം തന്റെ കൃഷിയിടത്തിൽ വിളയിച്ചെടുത്തു. ഒക്ടോബർ, നവംബർ മാസങ്ങളിലാണു സവാള കൃഷി. കാന്തല്ലൂരിൽ തോട്ടം കാണാൻ പോയതോടെ വെളുത്തുള്ളി കൃഷിയും തുടങ്ങി. കഞ്ഞിക്കുഴി പയർ വിത്ത് ഉൽപാദനം ഇത്തവണ10 ക്വിന്റലിലധികമായിരുന്നു. വിത്തുകളുടെ ചില്ലറ വിൽപന കൂടാതെ പുറംനാടുകളിലേക്കു തപാൽവഴിയും അയച്ചുകൊടുക്കാറുണ്ട്. 9744024981. 

പിസ്ത, കിവി

Alappuzha News
പിസ്ത കൃഷിയിടത്തിൽ രാജേന്ദ്രനും ഭാര്യ ലേഖയും.

നാട്ടിൽ കേൾക്കാത്ത വിളകളുമായി നേട്ടം കൊയ്യുകയാണു  ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി നാരായണീയത്തിൽ എൻ.രാജേന്ദ്രനും പത്നി ലേഖ രാജേന്ദ്രനും.  ഇറാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സുലഭമായി കൃഷി ചെയ്യുന്ന പിസ്ത, കിവി, ബർ, കിന്റൽ ഗ്വാ തുടങ്ങിയവയാണു കൃഷി ചെയ്യുന്നത്. സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണു തൈകൾ എത്തിച്ചത്. നാടൻ ഫലങ്ങളും, നാടൻ പച്ചക്കറികളും ഒപ്പമുണ്ട്. മഴമറകൃഷിയുമുണ്ട്. പ്രളയത്തിൽ തൈകൾ നശിച്ചെങ്കിലും വീണ്ടും സംഘടിപ്പിക്കുകയായിരുന്നു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama