go

താറാവിൻ കുഞ്ഞുങ്ങൾ ഇന്നലെയും ചത്തു: പരിശോധനയ്ക്ക് വിദഗ്ധ സംഘം

SHARE

ആലപ്പുഴ∙ കരൾ രോഗബാധയെ തുടർന്ന് ഇന്നലെയും താറാവിൻകുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു. കരുവാറ്റ വടക്ക് തോട്ടുകടവിൽ ചന്ദ്രന്റെ 150 താറാവിൻ കുഞ്ഞുങ്ങളും മാന്നാർ പടിഞ്ഞാറ് പാവുക്കര മാനാമ്പടവിൽ തോട്ടുനിലത്തു തോമസിന്റെ 1500 താറാവിൻകുഞ്ഞുങ്ങളുമാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിച്ചു.

തിരുവല്ല മഞ്ഞാടിയിൽ വിദഗ്ധ പരിശോധനയും നടത്തി. ഇവർ നിർദേശിച്ച മരുന്നുകൾ നൽകിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ചോറിൽ മരുന്നു കലക്കിയാണ് നൽകുന്നത്. മരുന്നു നൽകിയ ശേഷവും ഇവ ചാകുന്നുണ്ട്. രണ്ടായിരത്തോളം താറാവിൻ കുഞ്ഞുങ്ങൾ രോഗം ബാധിച്ചു തൂങ്ങി നിൽക്കുകയാണ്. തീറ്റയെടുത്ത ശേഷം തൂങ്ങിനിൽക്കുകയും തുടർന്ന് ചാകുകയുമാണ് രീതിയെന്ന് കർഷകർ പറയുന്നു.

അതേസമയം, തിരുവല്ലയിലെ പക്ഷിരോഗ നിർണയ ലബോറട്ടറിയിലെ വിദഗ്ധർ അടുത്ത ദിവസം ഈ മേഖലയിൽ നേരിട്ടു പരിശോധന നടത്തും. തീറ്റയിലെ പൂപ്പൽ വിഷബാധ മൂലമുള്ള കരൾ വീക്കമാണു താറാവിൻകുഞ്ഞുങ്ങൾ ചാകാൻ കാരണമെന്നാണു കണ്ടെത്തൽ. വിഷബാധ കോഴിത്തീറ്റയിൽ നിന്നാകമെന്നും കോഴിത്തീറ്റയിലുള്ള കപ്പലണ്ടി പിണ്ണാക്കിൽ പൂപ്പൽ ബാധിക്കാൻ സാധ്യത കൂടുതലാണെന്നും ഇവർ പറയുന്നു.

കരൾവീക്കത്തിനു കാരണമാകുന്ന മറ്റു ചില രോഗങ്ങളുമുണ്ടെങ്കിലും അവ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും അവ സംബന്ധിച്ചും ഡോക്ടർമാർ പരിശോധിക്കും. പ്രശ്നം ലാബിൽ അറിയിക്കാൻ വൈകിയെന്നും ഡോക്ടർമാർ പറഞ്ഞു. പള്ളിപ്പാട് സ്വദേശി അച്ചൻകുഞ്ഞ്, മാന്നാർ പാവുക്കര സ്വദേശി തോമസ് എന്നിവരുടെ താറാവിൻ കുഞ്ഞുങ്ങളെ ലാബിൽ എത്തിച്ചു പരിശോധിച്ച ശേഷം കർഷകർക്കു നിർദേശങ്ങൾ നൽകിയിരുന്നു. 3 ദിവസം മരുന്നു നൽകിയ ശേഷം സ്ഥിതി അറിയിക്കാൻ പറഞ്ഞെങ്കിലും കർഷകർ ബന്ധപ്പെട്ടില്ലെന്നും അവർ പറഞ്ഞു.

എന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച തീറ്റയിലെ പൂപ്പൽ ബാധയാണ് രോഗകാരണമെന്ന നിഗമനം കർഷകർ തള്ളി. ഇത്തരം തീറ്റ നൽകാത്ത താറാവുകൾക്കും രോഗബാധയുണ്ടെന്ന് അവർ പറഞ്ഞു. തിരുവല്ലയിലെ ലാബിൽ നിന്നു നിർദേശിച്ച മരുന്നു നൽകിയിട്ടും മാറ്റമില്ലെന്നും അവർ പറഞ്ഞു. റേഷൻ കടകളിൽ നിന്നും വാങ്ങിച്ച അരിയുടെ ചോറാണ് താറാവിൻകുഞ്ഞുങ്ങൾക്ക് നൽകുന്നതെന്നും ഇതു വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീറ്റകൾ വാങ്ങി നൽകിയിട്ടില്ലെന്നും പള്ളിപ്പാട് കുമ്പളത്ത് അജി വില്ലയിൽ അച്ചൻകുഞ്ഞ് പറഞ്ഞു.

പൂപ്പൽ താറാവുകൾക്കു കൊടുംവിഷം

താറാവുകളുടെ കാര്യത്തിൽ വിഷം കൊടുക്കുന്നതിനു തുല്യമാണു പൂപ്പൽ ബാധ. പൂപ്പൽ വിഷം ഗന്ധംകൊണ്ടു പോലും തിരിച്ചറിയാൻ പ്രയാസമാണ്. വളരെ ചെറിയ അളവു മതി മാരകമാകാൻ.പൂപ്പൽ വിഷം മറ്റു പക്ഷികളെക്കാൾ താറാവുകൾക്ക് 20 – 30 ഇരട്ടി കൂടുതൽ മാരകമാണെന്ന് വിദഗ്ധർ പറഞ്ഞു. പ്രത്യേകിച്ചും കുഞ്ഞുങ്ങൾക്ക്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama