go

ജലക്ഷാമം; കുട്ടനാട്ടിൽ ആശങ്ക

alappuzha-jalarekha
എല്ലാം ജലരേഖ: അമ്പലപ്പുഴ കോമന കടപ്പുറത്ത് കടലാക്രമണത്തിൽ തകർന്ന ജല അതോറിറ്റിയുടെ പൈപ്പിൽ നിന്നു വെള്ളം ശേഖരിച്ചു മടങ്ങുന്ന വീട്ടമ്മ. ആഴ്ചയിൽ 2 ദിവസം മാത്രമാണ് ഇവിടെ കുടിവെള്ളം ലഭിക്കുന്നത്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ.
SHARE

കുട്ടനാട് ∙ ജലാശയങ്ങളിലെ ജലനിരപ്പു താഴ്ന്നു തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കുന്നു. തണ്ണീർമുക്കം ബണ്ട് അടച്ചതോടെ ഒരടി മുതൽ ഒന്നരയടിവരെ ജലനിരപ്പു താഴ്ന്ന അവസ്ഥയിലാണ്.

നാട്ടുതോടുകളെ ആശ്രയിക്കുന്ന കർഷകരാണു ദുരിതത്തിലായത്. പോളയും മാലിന്യവും അടിഞ്ഞുകൂടി പല തോടുകളുടെയും ആഴം ക്രമാതീതമായി കുറഞ്ഞു. കൃഷിയിടങ്ങളിലേക്കു വെള്ളം കയറ്റുന്ന തൂമ്പുകൾ പലതും ജലനിരപ്പിനു മുകളിലായി. നെൽച്ചെടികൾ നശിക്കാതിരിക്കാൻ കൃഷിയിടം ഉണങ്ങാതെ സൂക്ഷിക്കണമെന്നാണു കൃഷി ഓഫിസർമാർ അറിയിച്ചിട്ടുള്ളത്. 

എന്നാൽ, ചില പാടശേഖരങ്ങളിൽ വെള്ളം കയറ്റാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണു കർഷകർ. കുട്ടനാട്ടിലെ ഭൂരിപക്ഷം കൃഷിയിടങ്ങളിലും നെല്ല് കതിരണിഞ്ഞ നിലയിലാണ്. വിളവെടുക്കാൻ ഒരു മാസംകൂടി വേണം. വേനൽ ഇനിയും കടുത്താൽ വലിയ കൃഷിനാശമെന്ന ഭീതിയിലാണു കർഷകർ.

കുടിവെള്ളത്തിനും കുട്ടനാട്ടിൽ കടുത്ത ക്ഷാമമുണ്ട്. ജല അതോറിറ്റിയുടെ ശുദ്ധജലം മിക്ക പഞ്ചായത്തുകളിലും ലഭ്യമല്ല.

കൂടുതൽ ആഴത്തിൽ കുഴൽ ഇടുന്നു

തൃക്കുന്നപ്പുഴ ∙ ഭൂഗർഭ ജലനിരപ്പിൽ കുറവു വന്നതു മൂലം ശുദ്ധജലവിതരണ പദ്ധതികളിലെ കുഴൽക്കിണറുകളിൽ ജല അതോറിറ്റി കൂടുതൽ ആഴത്തിൽ കുഴലുകൾ സ്ഥാപിക്കുന്നു.

തൃക്കുന്നപ്പുഴ പണ്ടാരച്ചിറ, പുളിക്കീഴ്, ചേലക്കാട് എൻടിപിസി, ചേപ്പാട് ഏവൂർ കുഴൽക്കിണറുകളിലാണു അധികമായി കുഴലുകൾ സ്ഥാപിച്ചത്.

മറ്റു കുഴൽക്കിണറുകളിൽ നിന്നു ജലം ലഭിക്കാതെ വന്നാൽ അധികമായി കുഴലുകൾ സ്ഥാപിക്കും. കുഴലുകളുടെ നീളം 6 മീറ്റർ വീതമാണു വർധിപ്പിച്ചത്. ജലനിരപ്പ് വീണ്ടും താഴുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ ആഴത്തിൽ കുഴലുകൾ താഴ്ത്തേണ്ടി വരുമെന്നു ജല അതോറിറ്റി വ്യക്തമാക്കി. 

150 കുടുംബങ്ങൾക്ക്  രണ്ടാഴ്ചയായി കുടിവെള്ളമില്ല

അമ്പലപ്പുഴ ∙ പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കല്ലിട്ടക്കാട് ജംക്‌ഷൻ മുതൽ കിഴക്കോട് താമസിക്കുന്ന 150 കുടുംബങ്ങൾക്ക് രണ്ടാഴ്ചയായി കുടിവെള്ളം കിട്ടുന്നില്ല. കുഴൽക്കിണറുകളും കിണറും വറ്റിവരണ്ടു. പഞ്ചായത്തിന്റെ വണ്ടിയിൽ വെള്ളം എത്തിക്കാറുണ്ടെങ്കിലും ഉപയോഗശൂന്യമാണെന്ന് ഗുണഭോക്താക്കൾ പറയുന്നു. പ്രാഥമിക ആവശ്യങ്ങൾക്കു പോലും കിലോമീറ്ററുകൾ‌ അകലെനിന്നു വെള്ളം കൊണ്ടുവരേണ്ട സാഹചര്യമാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama