go

സ്പീക്കർ സ്ഥാനം രാജ‍ിവച്ച് വക്കം ആലപ്പുഴയിലെത്തി; പിന്നാലെ കപ്പലും ട്രെയിനും വന്നു!

alappuzha-vakkom-purushothaman
വക്കം പുരുഷോത്തമൻ
SHARE

1984 ൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ വക്കം പുരുഷോത്തമൻ സംസ്ഥാന നിയമസഭാ സ്പീക്കറാണ്. സ്പീക്കർ സ്ഥാനം രാജ‍ിവച്ച് വക്കം നേരെ ആലപ്പുഴയിലേക്കു വണ്ടി കയറി. അന്ന് ആലപ്പുഴ വഴി ട്രെയിനില്ല. തുറമുഖത്താണെങ്കിൽ  കപ്പൽ അടുക്കുന്നുമില്ല.

സിറ്റിങ് എംപി സുശീല ഗോപാലനെയാണു സിപിഎം വീണ്ടും പരീക്ഷിച്ചത്. വക്കത്തിന് അതൊരു പ്രശ്നമായി തോന്നിയില്ല. മത്സരത്തിനു കച്ചകെട്ടിയിറങ്ങുന്നതിനു മുൻപു തന്നെ വക്കത്തിന് ആലപ്പുഴയുമായി ആത്മബന്ധമുണ്ടായിരുന്നു. അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷിമന്ത്രി ആയിരിക്കുമ്പോഴാണ് ആലപ്പുഴയിൽ തരിശു കിടന്ന 1000 ഏക്കർ പാടത്തു തൊഴിലാളികളെ സംഘടിപ്പിച്ചു വക്കം പുരുഷോത്തമൻ കൃഷിയിറക്കിയത്. അന്ന് അതൊരു വിപ്ലവമായിരുന്നു.

ദീർഘകാലമായി കപ്പലടുക്കാത്ത ആലപ്പുഴ തുറമുഖത്ത് കപ്പലടുപ്പിക്കും എന്നായിരുന്നു വക്കത്തിന്റെ ആദ്യ തിരഞ്ഞെടുപ്പു വാഗ്ദാനം. വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്ന തീരദേശ റെയിൽപാത യാഥാർഥ്യമാക്കുമെന്നു രണ്ടാമത്തെ വാഗ്ദാനം. പോസ്റ്ററിലും നോട്ടിസിലും കപ്പലും ട്രെയിനും സ്ഥാനം പിടിച്ചു.

സ്ഥാനാർഥിയായത് എങ്ങനെയെന്നു ചോദിച്ചാൽ 92–ാം വയസ്സിലും വക്കം പറയും– ‘ഞാനങ്ങ് ആലപ്പുഴയിലേക്ക് പുറപ്പെടുകയായിരുന്നു...’

ആ പുറപ്പെടൽ ആലപ്പുഴ വഴി ഡൽഹിയിലേക്കായിരുന്നു. സുശീല ഗോപാലനെ 37764 വോട്ടിനു പരാജയപ്പെടുത്തി വക്കം പാർലമെന്റിലെത്തി. എംപിയായി ഒരു വർഷം പൂർത്തിയാക്കുന്നതിനു മുൻപു തന്നെ ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തു. എംപി എന്ന നിലയിൽ വക്കം പുരുഷോത്തമൻ നടത്തിയ ഇടപെടലുകളായിരുന്നു ആലപ്പുഴയിലേക്കു കപ്പലടുപ്പിച്ചത്. 

alappuzha-vakkom-purushothaman

കേന്ദ്ര ഷിപ്പിങ് കോർപറേഷന്റെ സഹായത്തോടെ, അരിയുമായെത്തിയ കപ്പലിനെ ആലപ്പുഴക്കാർ ആഹ്ലാദാരവങ്ങളോടെയാണു സ്വീകരിച്ചത്.

 വർഷങ്ങളായി ആലപ്പുഴയിൽ മത്സരിക്കുന്നവരുടെ പ്രകടനപത്രികയിലെ സ്ഥിരം വാഗ്ദാനമായിരുന്നു ആലപ്പുഴ വഴി തീരദേശ റെയിൽപാത. അതിന്റെ ജോലി തുടങ്ങിയത് പക്ഷേ, വക്കം പുരുഷോത്തമൻ പാർലമെന്റിൽ എത്തിയ ശേഷമാണ്. അതിനു മുൻപു ലക്ഷങ്ങൾ മാത്രമായിരുന്ന കേരളത്തിനുള്ള റെയിൽവേ വിഹിതം കോടികളാക്കി വർധിപ്പിക്കാൻ കാരണമായതും വക്കത്തിന്റെ ഇടപെടലുകളാണ്.

 റെയിൽവേ ഉപദേശകസമിതി അംഗവും പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി ചെയർമാനുമായ‍ിരുന്നു വക്കം. 1989 ൽ സിപിഎമ്മിന്റെ കെ.വി.ദേവദാസിനെ പരാജയപ്പെടുത്തി പാർലമെന്റിലെത്തിയ വക്കത്ത‍ിനു 1991 ൽ തിരിച്ചടികിട്ടി. മറ്റെല്ലായിടത്തും രാജീവ് ഗാന്ധി തരംഗം വീശിയ അക്കൊല്ലം ആലപ്പുഴയിൽ സിപിഎമ്മിന്റെ നവയൗവനമായി രംഗത്തെത്തിയ ടി.ജെ.ആഞ്ചലോസ് വക്കം പുരുഷോത്തമനെ 14,075 വോട്ടിനു പരാജയപ്പെടുത്തി ലോക്സഭയിലെത്തി.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama