go

കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ നെഹ്റു പ്രസംഗിച്ച പറമ്പ് വാങ്ങി താമരക്കുളം തീർത്ത തോപ്പിൽ ഭാസി

തോപ്പിൽ ഭാസി,  എം.എൻ.ഗോവിന്ദൻ നായർ
തോപ്പിൽ ഭാസി, എം.എൻ.ഗോവിന്ദൻ നായർ
SHARE

രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളെ കാണണമെന്നായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ്. വർഷം 1951–52.

ജവഹർലാൽ നെഹ്റു കേരളത്തിലെത്തി. അന്നു തിരുക്കൊച്ചി സംസ്ഥാനമാണ്. മാവേലിക്കര മണ്ഡലമായിട്ടില്ല. ഭരണിക്കാവ് എന്ന ദ്വയാംഗ മണ്ഡലമാണ് നിലവിലുള്ളത്. മണ്ഡലത്തിൽ എവിടെ വേദി വേണമെന്നായി കോൺഗ്രസ് ചർച്ച. ഒടുവിൽ തീരുമാനിച്ചു, വള്ളികുന്നം മതി. അവിടം കമ്യൂണിസ്റ്റ് കോട്ടയാണ്. കോട്ടയിൽ വിള്ളലുണ്ടാക്കാൻ നെഹ്റുവിന്റെ പ്രസംഗവേദി നിശ്ചയിച്ചു. വള്ളികുന്നം ചന്തയ്ക്കു സമീപത്തെ ഒരു പറമ്പിൽ വേദിയൊരുക്കി. 

അന്നു അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി എം.എൻ.ഗോവിന്ദൻ നായരാണ്. നെഹ്റു കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു. പ്രസംഗം കഴിഞ്ഞു നെഹ്റു മടങ്ങി. തിരഞ്ഞെടുപ്പു നടന്നു. കോൺഗ്രസ് പ്രതീക്ഷിച്ച ഫലമായിരുന്നില്ല. സിപിഐ സ്ഥാനാർഥി എം.എൻ.ഗോവിന്ദൻ നായർ വിജയിച്ചു. 

ആ തിരഞ്ഞെടുപ്പ‍് ഫലം അവിടെ നിന്നില്ല. അതിന്റെ ക്ലൈമാക്സ് ഇനിയാണ്. അന്നു കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി നെഹ്റു പ്രസംഗിച്ച പറമ്പ് തോപ്പിൽ ഭാസി വിലയ്ക്കു വാങ്ങി, വീടുവച്ചു. നെഹ്റുവിനായി വേദിയൊരുക്കിയ സ്ഥലത്ത് അദ്ദേഹം ഒരു താമരക്കുളം വെട്ടി.

നെഹ്റു പഞ്ചവത്സര പദ്ധതിയിൽ അണക്കെട്ടുകൾക്കു പ്രാധാന്യം നൽകിയ സമയത്താണ് തോപ്പിൽ ഭാസി ‘പുതിയ ആകാശം, പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്. അതിന്റെ അവതരണം ഡൽഹിയിൽ നടന്നു. നാടകം കാണാൻ ഭാസി നെഹ്റുവിനെ ക്ഷണിച്ചു. അദ്ദേഹമെത്തി, നാടകം കണ്ടു, ഭാസിയെ അനുമോദിച്ചു. ഭാസി തിര‍ികെ നാട്ടിലെത്തുമ്പോൾ ഒരു ചിത്രം കൈവശമുണ്ടായിരുന്നു. നെഹ്റുവിനൊപ്പം ഭാസി നിൽക്കുന്ന ചിത്രം. ആ ചിത്രം വള്ളികുന്നത്തെ വീടിന്റെ പൂമുഖത്ത് തോപ്പിൽ ഭാസി സ്ഥാപിക്കുകയും ചെയ്തു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama