go

‘ഷാനിമോൾക്ക് ഭൂരിപക്ഷം 20,000’,‘ചിറ്റയത്തിന് 44,000 വോട്ടിന്റെ മുന്നേറ്റം'

Alappuzha News
SHARE

വിജയവും ഭൂരിപക്ഷവും കണക്കുകൂട്ടി പാർട്ടികളുടെ അവലോകന യോഗങ്ങൾ 

‘ഷാനിമോൾക്ക് ഭൂരിപക്ഷം 20,000’

alappuzha-Shanimol

ആലപ്പുഴ ∙ ഷാനിമോൾ ഉസ്മാന് 20,000 വോട്ടെങ്കിലും ഭൂരിപക്ഷം കിട്ടുമെന്ന് നേതാക്കളുടെ അനൗദ്യോഗിക വിലയിരുത്തൽ. കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിൽ ഉറപ്പായും ലീഡ് ചെയ്യും. ശക്തമായ പോരാട്ടം നടന്ന കായംകുളത്ത് ഒപ്പത്തിനൊപ്പം നിൽക്കും. അരൂരിൽ നല്ല മുന്നേറ്റമുണ്ടാകുമെന്നാണു പ്രാദേശിക നേതൃത്വം ജില്ലാ നേതാക്കൾക്കു നൽകിയ റിപ്പോർട്ട്.

വിജയം സുനിശ്ചിതമെന്നു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി നേതൃയോഗം വിലയിരുത്തി. ഉയർന്ന പോളിങ് ശതമാനം അനുകൂല തരംഗത്തിന്റെ സൂചനയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചിട്ടുണ്ട്. എൽഡിഎഫും ബിജെപിയും പണമൊഴുക്കി നടത്തിയ പ്രചാരണത്തെ യുഡിഎഫ് പ്രവർത്തകർ ആർജവത്തോടെയുള്ള പ്രവർത്തനത്തിലൂടെ മറികടന്നു.

തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ വോട്ടർ പട്ടികയിൽ ഉദ്യേഗസ്ഥരുടെ സഹായത്തോടെ വൻ ക്രമക്കേടുകൾ നടന്നു. പതിനയ്യായിരത്തിലേറെ പേരെ വോട്ടർ പട്ടികയിൽ നിന്നു നീക്കി. ഇങ്ങനെ വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ വിവരം ബൂത്ത് അടിസ്ഥാനത്തിൽ ശേഖരിച്ചു നിയമനടപടിയെടുക്കാൻ തീരുമാനിച്ചു.

ജനറൽ കൺവീനർ എം.ലിജു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി, ചീഫ് ഇലക്‌ഷൻ ഏജന്റ് ജോൺസൺ ഏബ്രഹാം, എ.എ.ഷുക്കൂർ, എ.എം.നസീർ, ബി.രാജശേഖരൻ, വി.സി.ഫ്രാൻസിസ്, ജോർജ് ജോസഫ്, കളത്തിൽ വിജയൻ, സണ്ണിക്കുട്ടി, ടി.ജി.പത്മനാഭൻ നായർ, പി.നാരായണൻ കുട്ടി, എം.എം.ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

‘ആരിഫിന്  52,000 വോട്ടിന്റെ  വിജയം’

alappuzha-Arif-AM

ആലപ്പുഴ ∙ എൽഡിഎഫ് സ്ഥാന‍ാർഥി എ.എം.ആരിഫ് 52,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു സിപിഎം റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം ബൂത്ത് തലം മുതൽ സിപിഎം ശേഖരിച്ച കണക്കുകൾ പ്രകാരം ഹരിപ്പാട് ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എ.എം.ആരിഫിനു ഭൂരിപക്ഷം ലഭിക്കും.

ഹരിപ്പാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് ആരിഫിനെക്കാൾ 6800 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന‍ാണു റിപ്പോർ‍‍ട്ട്. ചേർത്തലയിലാണ് ആരിഫിന്റെ ഭൂരിപക്ഷം ഏറ്റവും വർധിക്കുക. ഇവിടെ 16,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ഇത‍ു നിയമസഭാ തിരഞ്ഞെടുപ്പിൽ പി.തിലോത്തമനു കിട്ടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളം വരും.

എ.എം.ആരിഫ് എംഎൽഎയായ അരൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ മൂന്നിലൊന്നാകും ഭൂരിപക്ഷം– 13000. ആലപ്പുഴയിൽ 8000, അമ്പലപ്പുഴയിൽ 6600, കായംകുളം 9600, കരുനാഗപ്പള്ളിയിൽ 7000 വീതം ഭൂരിപക്ഷം ആരിഫിനു ലഭിക്കും.

ഈ കണക്കുകളെ പൂർണമായി വിശ്വസിക്കുന്നില്ലെങ്കിലും 25,000– 30,000 വോട്ടിന്റെ ഭൂരിപക്ഷം ആരിഫിനു ലഭിക്കുമെന്നാണു സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. മണ്ഡലത്തിൽ ബിജെപി, എസ്ഡിപിഐ വോട്ടുകൾ അതതു സ്ഥാനാർഥികൾക്കു ലഭിച്ചില്ലെങ്കിൽ ഏതു ദിശയിലേക്കു തിരിയുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്. എങ്കിലും ഭൂരിപക്ഷം 25,000 വോട്ടിൽ കുറയില്ലെന്നു സിപിഎം കണക്കുകൂട്ടുന്നു.

‘രാധാകൃഷ്ണന് വോട്ട് 2.2 ലക്ഷം’

alappuzha-Radhakrishnan

ആലപ്പുഴ ∙എൻഡിഎ സ്ഥാനാർഥി കെ.എസ്.രാധാകൃഷ്ണന്  2.2 ലക്ഷം വോട്ട് ലഭിക്കുമെന്നു ബിജെപി പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗം. ബിജെപി അനുകൂലമായ പരമാവധി വോട്ടുകൾ നേടാൻ കഴിഞ്ഞു എന്നാണു വിലയിരുത്തൽ. എൻഡിഎ സ്ഥാനാർഥിക്കു ജയസാധ്യത കുറവാണ്. എൻഡിഎ സ്ഥാനാർഥി നേടുന്ന വോട്ടുകൾ എൽഡിഎഫിന്റെ വിജയ സാധ്യത കുറയ്ക്കുമെന്നാണു വിലയിരുത്തൽ.

ഇതു ഗുണകരമാവുക യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് ആണെന്നും ന്യൂനപക്ഷ വോട്ടുകൾ ഷാനിമോൾ ഉസ്മാന് അനുകൂലമായി വന്നേക്കുമെന്നും ബിജെപി വിലയിരുത്തുന്നു. ശബരിമല വിഷയം എൻഡിഎയ്ക്ക് അനുകൂലമായ ട്രെൻഡ് സൃഷ്ടിച്ചു.  ഏറ്റവും കൂടുതൽ വോട്ട് ചോർച്ച ഉണ്ടാവുക എൽഡിഎഫിനാകുമെന്നും ബിജെപി കരുതുന്നു.

‘കൊടിക്കുന്നിൽ അരലക്ഷം വോട്ടിനു മുന്നിൽ’ 

alappuzha-Kodikkunnil

ചെങ്ങന്നൂർ ∙ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ 50,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് വിജയിക്കുമെന്നു യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിലയിരുത്തി. അക്രമ രാഷ്ട്രീയത്തിനും വർഗീയ ഫാഷിസത്തിനുമെതിരെ ജനങ്ങളുടെ പ്രതികരണമാണ് പോളിങ് ശതമാനത്തിൽ വൻ വർധനയ്ക്കു കാരണം.

ബൂത്തു തലം വരെ ചിട്ടയായ പ്രവർത്തനം കാഴ്ച വയ്ക്കാൻ കഴിഞ്ഞതു തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ മികവാണ്.  കേന്ദ്ര –സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള പ്രതിഷേധം ഭൂരിപക്ഷം വർധിക്കാൻ കാരണമാകുമെന്നും സ്ഥാനാർഥിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതു നേട്ടമായെന്നും യോഗം വിലയിരുത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് നേതാക്കളായ കോശി എം. കോശി, ജോസി സെബാസ്റ്റ്യൻ, കെ.പി.ശ്രീകുമാർ, ജി.രതികുമാർ, പി.എസ്.രഘുറാം, കെ.എൻ.വിശ്വനാഥൻ, ജേക്കബ് തോമസ് അരികുപുറം, എഴുകോൺ നാരായണൻ, ബെന്നി കാക്കാട്, കെ.കെ.ഷാജു, വാക്കനാട് രാധാകൃഷ്ണൻ, കെ.ആർ.മുരളീധരൻ, കെ.സണ്ണിക്കുട്ടി, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

‘ചിറ്റയത്തിന് 44,000 വോട്ടിന്റെ മുന്നേറ്റം 

alappuzha-Chittayam

ആലപ്പുഴ ∙ എൻഡിഎ 1.30 ലക്ഷം വോട്ടു പിടിച്ചാൽ മാവേലിക്കരയിൽ 44,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്ക‍ുമെന്ന് എൽഡിഎഫിന്റെ കണക്ക്. ബിജെപിയുടെ വോട്ട് വിഹിതത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ജയസാധ്യതയിൽ വ്യത്യാസം വരാമെന്നും വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് 4 ലക്ഷത്തിലധികം വോട്ട് നേടാനാകുമെന്ന‍ാണു ബൂത്ത് തലം മുതലുള്ള വിവിധ ഘടകങ്ങളുടെ റിപ്പോർട്ട്.

ചങ്ങനാശേരിയിലൊഴികെ മികച്ച ഭൂരിപക്ഷം ലഭിക്കും. ചങ്ങനാശേരി പതിവുപോലെ യുഡിഎഫിന‍ു ഭൂരിപക്ഷം നൽകും. 14,000 വോട്ടിന്റെ ഭൂരിപക്ഷം ചങ്ങനാശേരിയിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്ന‍ിൽ സുരേഷിനു ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്. മറ്റു മണ്ഡലങ്ങളിൽ പരുങ്ങലിലുള്ളത് പത്തനാപുരമാണ്.

ഇവിടെ 3000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചേക്കും. മാവേലിക്കരയിലും കുന്നത്തൂരിലും 15000 വീതം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കൊട്ടാരക്കരയിൽ 10000, കുട്ടനാട് 6000, ചെങ്ങന്നൂർ 5000 വീതം ഭൂരിപക്ഷം ലഭിക്കുമെന്നാണു എൽഡിഎഫിന്റെ വിലയിരുത്തൽ. ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ട് ലഭിച്ചില്ലെങ്കിൽ എൽഡിഎഫിന്റെ ജയസാധ്യത കുറയുമെന്നും ബിജെപി വോട്ട് കൂട്ടത്തോടെ കോൺഗ്രസിനു പോയേക്കുമെന്നും വിലയിരുത്തലുണ്ട്.

’തഴവ സഹദേവന് 1.25 ലക്ഷം വരെ വോട്ട് ’ 

alappuzha-Thazhava

ആലപ്പുഴ ∙ മാവേലിക്കരയിൽ ബിഡിജെഎസ് സ്ഥ‍ാനാർഥിയെ നിർത്തിയെങ്കിലും നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്നു ബിജെപി പാർലമെന്റ് കമ്മിറ്റി യോഗത്തിൽ വിമർശനം. എൻഡിഎ സ്ഥാ‍നാർഥി തഴവ സഹദേവൻ 1.75–2 ലക്ഷം വോട്ട് നേടുമെന്നാണു പ്രാദേശിക ഘടകങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. എന്നാൽ, 1–1.25 ലക്ഷം വോട്ട് മാത്രം പ്രതീക്ഷിച്ചാൽ മതിയെന്നാണു ബിജെപിയുടെ ഔദ്യോഗിക വിലയിരുത്തൽ.

പ്രചാരണത്തിനു ബിഡിജെഎസിന്റെ പൂർണ പിന്തുണയില്ലായിരുന്നെന്ന ആരോപണം പല ഭാഗങ്ങളിൽ നിന്നുണ്ടായി. പാർട്ടിയുടെ പ്രധാന സംസ്ഥാന നേതാക്കളിൽ പലരും ആലപ്പുഴയിൽ നിന്നാണെങ്കിലും എല്ലാവരും വയനാട്ടിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ‍ു പ്രചാരണത്തിനു പോയത് മാവേലിക്കരയിലെ പ്രചാരണത്തെ ബാധിച്ചെന്നും വിമർശനമുയർന്നു.

സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തേണ്ട ബാധ്യത ബിജെപിയുടെ തലയിലായെന്നും വിലയിരുത്തലുണ്ടായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 79,743 വോട്ട് ആണ് ബിജെപി സ്ഥാനാർഥി പി.സുധീർ നേടിയത്. ഇത്തവണ ഒരു ലക്ഷം കടക്കുമെന്നാണു ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. എൻഡിഎ പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിനു ശേഷമേ ബൂത്ത് തലത്തിലുള്ള കണക്ക് ശേഖരിക്കൂ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama