go

ആലപ്പുഴയിൽ തുണച്ചത് വെള്ളാപ്പള്ളിയെന്നു സിപിഎം

vellappally-natesan
SHARE

ആലപ്പുഴ ∙ എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് അംഗീകരിച്ചു സിപിഎം. പാർട്ടിയുടെ ശക്തി നിലനിർത്താനായതു ചേർത്തലയിൽ മാത്രമാണെന്നും പരമ്പര‍ാഗത വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായെന്നും ആലപ്പുഴ പാർലമെന്റ് മണ്ഡലം അവലോകന യോഗം വിലയിരുത്തി. അരൂർ എംഎൽഎയെ സ്ഥനാർഥിയാക്കിയത് അരൂരിൽ പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ശബരിമല വിഷയത്തിലെ നിലപാട് തിരിച്ചടിച്ചെന്നും യോഗം വിലയിരുത്തി.

ചേർത്തലയിൽ നേടിയ മികച്ച ഭൂരിപക്ഷത്തിനു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സഹായമായെന്നാണു വിലയിരുത്തൽ. ചേർത്തലയിലെ ഭൂരിപക്ഷമാണ് ആരിഫിന്റെ വിജയത്തിനു കാരണമായത്. ചേർത്തല, കായംകുളം മണ്ഡലങ്ങളിൽ മാത്രമേ എൽഡിഎഫിനു ഭൂരിപക്ഷം നേടാനായുള്ളൂ.

കായംകുളത്തു ഭൂരിപക്ഷമുണ്ടായെങ്കിലും 2014 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് നേടാനാകാത്തതു വീഴ്ചയാണ്. അരൂർ എംഎൽഎ എന്ന നിലയിൽ ആരിഫിനുള്ള സ്വാധീനം അവിടെ വോട്ടായില്ല. സമുദായവോട്ടുകൾ വികേന്ദ്രീകരിച്ച് ബിജെപിയിലേക്കും കോൺഗ്രസിലേക്കും പോയത് ഗൗരവത്തോടെ കാണണം.

ഗ്രാമങ്ങളിലും അടിസ്ഥാന ജനതയിലും സിപിഎമ്മിനുള്ള സ്വാധീനം പലയിടത്തും നഷ്ടമായി. സമുദായ വോട്ടുകൾ കോൺഗ്രസിലേക്കും ബിജെപിയിലേക്കും കൂടുതൽ ചേക്കേറി. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം തുടങ്ങിയ പ്രദേശങ്ങളിൽ പാർട്ടി പിടിച്ചു നിന്നു.

ചേർത്തലയ്ക്കു പുറമെ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ മാത്രമേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞ‍ുള്ളൂ. പരമ്പരാഗത വോട്ട് ചോർച്ച പരിശോധിക്കാൻ 30 നു മുൻപ് മേഖലാ തലത്തിൽ ബൂത്ത് തലത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. 

ഉപതിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി

ആലപ്പുഴ ∙ അരൂർ ഉപതിരഞ്ഞെടുപ്പിന് സിപിഎം ഒരുക്കം തുടങ്ങി. 20നു മുൻപ് ബൂത്ത് തലം വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിക്കും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലും എൽഡിഎഫിന്റെ വിജയത്തിനു ചുക്കാൻ പിടിച്ച കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കും.

പഞ്ചായത്ത് കമ്മിറ്റികളുടെ ചുമതല സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കായിരിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ മേഖലകളുടെയും ഏരിയ കമ്മിറ്റി അംഗങ്ങൾ ബൂത്തുകളുടെയും ചുമതല വഹിക്കും. സിപിഎം സംസ്ഥാന നേതാക്കൾ വിവിധ കമ്മിറ്റികളുടെ മേൽനോട്ടംവഹിക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama