go

20 കോടിയുടെ കൃഷി നാശം

alappuzha-kuttanad-houses-in-water
കരയിലേക്ക് ഒരു തുഴ ദൂരം: കുട്ടനാട് മങ്കൊമ്പിൽ വെള്ളത്തിലായ വീടുകൾ.
SHARE

ആലപ്പുഴ ∙ ജില്ലയിൽ വ്യാപക കൃഷി നാശം. ഏകദേശം 12 കോടി രൂപയുടെ നാശം നെൽപ്പാടങ്ങളിൽ നിന്നു മാത്രമുണ്ടായതായാണ് കൃഷി വകുപ്പ് നൽകുന്ന വിവരം. ഇന്നലെ മാത്രം 4 പാടശേഖരങ്ങളിൽ മട വീണു. 8 കോടി രൂപയുടെ കരക്കൃഷിയും നശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന പച്ചക്കറികളും വാഴകളുമാണു നശിച്ചത്. 

പശുക്കളെയും മറ്റു വളർത്തുമൃഗങ്ങളെയും ഉയരം കൂടിയ ഭാഗത്തേക്കു മാറ്റിയിട്ടാണ് പലരും ക്യാംപിലേക്കു മാറിയത്. കാലിത്തീറ്റയും വൈക്കോലും ഉൾപ്പെടെയുള്ളവ വെള്ളം കയറി നശിച്ചു. ജില്ലയിൽ സർക്കാർ കാലിത്തീറ്റ എത്തിച്ചെങ്കിലും കർഷകർക്ക് ഇവ ലഭ്യമാകുന്നതേയുള്ളൂ. 

മാവേലിക്കര, തെക്കേക്കര, തഴക്കര, ചെന്നിത്തല, ചെട്ടികുളങ്ങര കൃഷി ഭവൻ പരിധിയിലായി 178 കർഷകർക്കായി മൊത്തം 38 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായാണു വിലയിരുത്തൽ.ക്ഷീരവികസന വകുപ്പ് പാണ്ടനാട്ടിൽ കാലിത്തീറ്റ വിതരണം ചെയ്തു. ഫോഡർ ബ്ലോക്കുകളും ധാതുമിശ്രിതവും വിതരണം ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്.

വെൺമണി ഭാഗത്ത് 5000 വാഴകൾ വെള്ളത്തിലാണ്. വെള്ളം വലിഞ്ഞില്ലെങ്കിൽ ഇവ നശിക്കും. കിഴങ്ങുവർഗങ്ങൾ, 5 ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി, 40 സെന്റിലെ വെറ്റില കൃഷി എന്നിവയും വെള്ളംകയറി കിടക്കുകയാണ്. കൃത്യമായ കണക്ക് വകുപ്പ് ശേഖരിക്കുന്നതേയുള്ളൂ.

മാന്നാർ ചെന്നിത്തല പടിഞ്ഞാറൻ ഭാഗങ്ങളിലെ പാടശേഖരങ്ങളോടു ചേർന്ന കരക്കൃഷികൾ നശിച്ചിട്ടുണ്ട്. ആറ്റുവ, ചെറുമുഖ ഭാഗങ്ങളിലും കൃഷി നശിച്ചു. താമരക്കുളം, നൂറനാട്, ചുനക്കര പഞ്ചായത്തുകളിൽ ഏത്തവാഴകൃഷി നശിച്ചു. വള്ളികുന്നം, ഭരണിക്കാവ്, കണ്ണനാകുഴി പുഞ്ചവാഴ്ക പുഞ്ച, പൂവത്തൂർ ചിറ എന്നിവിടങ്ങളിലും വ്യാപകമായി കൃഷിനാശമുണ്ട്.

പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ 12 പമ്പ് സെറ്റുകൾ നൽകും: കലക്ടർ

കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ 12 പമ്പുസെറ്റുകൾ കൂടി വിട്ടു നൽകുമെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിന്  ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള 28 പമ്പ് സെറ്റുകളിൽ 16 എണ്ണം വിവിധ പാടശേഖരങ്ങൾക്ക് നേരത്തെ നൽകിയിരുന്നു. ബാക്കിയുള്ള 12 പമ്പുസെറ്റുകൾ കൂടി പാടശേഖരങ്ങൾക്കു വെള്ളം വറ്റിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസ് വഴി ലഭ്യമാക്കും.

പാടശേഖര സമിതികളുടെ അപേക്ഷകളിൽ മേൽ അടിയന്തര അന്വേഷണം നടത്തി ആവശ്യാനുസരണം പാടശേഖരങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ വിതരണം നടത്താൻ  പ്രിൻസിപ്പൽ കൃഷി ഓഫിസറെ  കലക്ടർ ചുമതലപ്പെടുത്തി. ഉപയോഗത്തിനുശേഷം പമ്പുസെറ്റുകൾ കൈപ്പറ്റി 10 ദിവസത്തിനുള്ളിൽ തിരികെ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിനെ ഏൽപ്പിക്കണമെന്ന നിർദ്ദേശത്തോടെയാണ് വിട്ടുനൽകുക. പമ്പുസെറ്റുകൾക്ക് വാടകയോ നിക്ഷേപമോ ഈടാക്കേണ്ടതില്ല.

താൽക്കാലിക ബണ്ട് നിർമിക്കും: മന്ത്രി ഐസക് 

കൈനകരിയിൽ മട വീണ ഇടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്ക് ഇട്ട് ബണ്ട് നിർമിച്ച് വെള്ളം വറ്റിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കർഷകരുടെയും ബണ്ട് നിർമാണ കരാറുകാരുടെയും പാടശേഖര സമിതിക്കാരുടെയും അടിയന്തര യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇനിയുള്ള ദിവസങ്ങളിൽ ഈ ജലനിരപ്പ് തുടർന്നാൽ പോലും കൂടുതൽ മട വീഴ്ച പ്രതീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലഭ്യമായ കൂടുതൽ പമ്പുകൾ പാടശേഖരങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കും. മടകുത്തുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama