go

ക്യാംപിൽ അല്ലലുകളില്ല; നാട്ടിൽ ദുരിതത്തിന് ആശ്വാസവും

alappuzha-children
ഇന്നലെ മഴ ഒരൽപം ശമിച്ചപ്പോൾ ചെങ്ങന്നൂർ കീഴ്ചേരിമേൽ ജെബിഎസിലെ ദുരിതാശ്വാസ ക്യാംപിൽ ഊഞ്ഞാലാടി ഉല്ലസിക്കുന്ന കുരുന്നുകൾ.
SHARE

ചെങ്ങന്നൂർ ∙ ഉച്ചയൂണ് കഴിഞ്ഞതിന്റെ ആലസ്യത്തിലായിരുന്നു കീഴ്ചേരിമേൽ ഗവ.ജെബിഎസിലെ ദുരിതാശ്വാസക്യാംപ്. മുറ്റത്തെ കളിയൂഞ്ഞാലിൽ ആടിയുല്ലസിക്കുകയാണു  യുകെജിക്കാരി മിത. മൂന്നാംക്ലാസുകാരൻ മാധവ് പിന്നിൽ നിന്ന് ഊഞ്ഞാലാട്ടി കൊടുക്കുന്നു. ക്യാംപിലെ മിഥുനും മോഹിത്തുമൊക്കെ ഒപ്പമുണ്ട്. വീടു വിട്ടതിന്റെ വിഷമമൊന്നും കുരുന്നുകളുടെ മുഖത്തു കാണാനില്ല ഇപ്പോൾ.

പമ്പയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അങ്ങാടിക്കൽ,മിത്രപ്പുഴക്കടവ്, പാണ്ടനാട് ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ ഇവിടേക്കു മാറ്റിപാർപ്പിക്കുകയായിരുന്നു. പാണ്ടനാടുകാരൻ അജി കാലിൽ പ്ലാസ്റ്ററിട്ടു ക്യാംപിലെ ബെഞ്ചുകൾ ചേർത്തിട്ട ‘കിടക്ക’യിൽ കിടക്കുന്നു. ‘പരിശോധനയ്ക്കൊക്കെ ഹെൽത്തുകാർ എത്തുന്നുണ്ട്. ഇവിടെ ബുദ്ധിമുട്ടൊന്നുമില്ല’ അജി പറയുന്നു. 

അങ്ങാടിക്കൽ കുറ്റിച്ചിറക്കടവിൽ ശാന്തമ്മയ്ക്കു പറയാനുണ്ടായിരുന്നത് വീടിനെക്കുറിച്ചാണ്. ‘കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്നതാണ്. നഷ്ടപരിഹാരമായി കിട്ടിയത് 10,000 രൂപയും. ഇക്കുറി വെള്ളപ്പൊക്കമുണ്ടാകരുതെന്നാണു പ്രാർഥന’. വെള്ളം കയറി  ബൈക്ക് തകരാറിലായതിനാൽ 

ജോലിക്കു പോകാൻ കഴിയുന്നില്ലെന്ന വിഷമമേയുള്ളൂ തിരുവല്ലയിൽ ഫ്ലിപ്കാർട്ടിൽ ജോലി നോക്കുന്ന മനോജിന്. 6 കുടുംബങ്ങളിൽ നിന്നായി 20 പേർ താമസിക്കുന്ന ക്യാംപിൽ ഭക്ഷണസാധനങ്ങൾക്കു കുറവില്ല. വില്ലേജ് ഓഫിസർ അംഗീകരിച്ച ലിസ്റ്റുമായി സപ്ലൈ ഓഫിസിൽ നിന്നാണു സാധനങ്ങൾ വാങ്ങുക. ശാന്തമ്മയും ശ്രീദേവിയും മറ്റു വനിതകളുമൊക്കെ ചേർന്നാണു പാചകം.

മറ്റു സാധനങ്ങൾക്കും ക്ഷാമമില്ല. സ്ത്രീകളുടെ വസ്ത്രങ്ങൾ കുറവായിരുന്നെങ്കിലും എൻജിനീയറിങ് കോളജ് എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ എത്തിച്ചു നൽകിയതോടെ പരിഹാരമായി. ക്യാംപിൽ മേൽനോട്ടത്തിനായി നഗരസഭ ജീവനക്കാരൻ ഷിജുവുണ്ട്. സ്കൂളിലെ ഹെഡ്മിസ്ട്രസ് ഉമാറാണിയും താമസക്കാരുടെ സുഖവിവരം അന്വേഷിക്കാനെത്തുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama