go

കടന്നുപോയത് ആശ്വാസത്തിന്റെ പകൽ

Alappuzha News
വീയപുരത്ത് വെള്ളം കയറിയ വീട്.
SHARE

ഹരിപ്പാട് ∙ കാർത്തികപ്പള്ളി താലൂക്കിൽ 33 ക്യാംപുകളിലായി 2358 കുടുംബങ്ങളിലെ 6304 അംഗങ്ങളാണ് കഴിയുന്നത്.  നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതു ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. മൂന്നു ദിവസത്തിനകം വീടുകളിലേക്കു  മടങ്ങാമെന്ന പ്രതീക്ഷയാണു പലർക്കും. ജലനിരപ്പു താഴുന്നതോടെ രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിലെ കർഷകരുടെ ആശങ്ക മാറി. പമ്പയിലെ ജലനിരപ്പ് ഉയർന്ന് പുറം ബണ്ട് കവിഞ്ഞ് രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചിരുന്നു.  ചെറുതന വലിയ പള്ളം പാടശേഖരത്തിലെ 31 ഏക്കർ, വേളൂർ പടിഞ്ഞാറ് (23 ഏക്കർ), കിഴക്കേപോച്ച തെക്ക് (140 ഏക്കർ), നാരായണച്ചിറ( 23 ഏക്കർ), വീയപുരം അച്ചനാരി കുട്ടങ്കേരി (280 ഏക്കർ) എന്നീ പാടശേഖരങ്ങളിലാണ് ഇന്നലെ പുറം ബണ്ട് കവിഞ്ഞു വെള്ളം കയറിയത്.

Alappuzha News
മാന്നാർ ഇടയാടി സിഎംഎസ് എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ പാചകപ്പുരയിൽ ദുരിത ബാധിതർ ചേർന്നു ഭക്ഷണം തയാറാക്കുന്നു.

മൂന്നു ദിവസമായി കർഷകർ മണൽചാക്കും ചെളിയും വച്ചു പുറം ബണ്ട് ബലപ്പെടുത്തുകയായിരുന്നു. എന്നാൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പുറം ബണ്ടിനു മുകളിലൂടെ വെള്ളം പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തി.  രണ്ടാം കൃഷി ഇറക്കിയ പടിഞ്ഞാറേ പോച്ച, തേവേരി തണ്ടപ്ര പാടശേഖരങ്ങളിലെ പുറം ബണ്ട് രാത്രിയിലും പകലും കർഷകർ വള്ളങ്ങളിൽ ചെളി കൊണ്ടു വന്നു ബലപ്പെടുത്തികൊണ്ടിരിക്കുകയാണ്. രണ്ടാം കൃഷിയിറക്കിയ 2 പാടശേഖങ്ങളിൽ മാത്രമാണ് ഇതുവരെ വെള്ളം കയറാത്തത്.  ഇന്നലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  പടിഞ്ഞാറേ പോച്ച, തേവേരി തണ്ടപ്ര പാടശേഖരങ്ങളിലെ പുറം ബണ്ടുകൾ പരിശോധിച്ചിരുന്നു.  

മാന്നാർ ∙ മഴ കുറഞ്ഞതോടെ വെള്ളപ്പൊക്കക്കെടുതികൾക്ക് അൽപം  ശമനം, ജലനിരപ്പു താഴ്ന്നു തുടങ്ങി,മാന്നാറിൽ 4 ക്യാംപുകൾ കൂടി തുടങ്ങി. പമ്പാനദി, അച്ചൻ കോവിലാർ എന്നിവയിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ഒരടിയിലേറെ  കുറഞ്ഞു. അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതിക്കു നേരിയ ശമനമായി. ഇന്നലെ പൊതുവെ പ്രസന്നമായ അന്തരീക്ഷവും കാലാവസ്ഥയുമായിരുന്നു. മഴ ശമിച്ചതിനെത്തുടർന്നു പമ്പയിലെയും അച്ചൻകോവിലാറിലെയും ജലനിരപ്പുതാഴ്ന്നതോടെ  ചെന്നിത്തല കോട്ടമുറി– പറയങ്കേരി റോഡിലെയടക്കമുള്ള വിവിധ ഗ്രാമീണ റോഡുകളിലെ  വെള്ളക്കെട്ടിനു ശമനമായിത്തുടങ്ങി . ഈ വഴിക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

ദുരിതാശ്വാസ ക്യാംപുകൾ

മാന്നാറിൽ പുതിയ നാലു ക്യാംപുകൾ തുടങ്ങി. 260 കുടുംബങ്ങളിലെ 877 പേർക്കായി മാന്നാർ ടിടിഐയിലും, 20  കുടുംബങ്ങളിലെ 90 പേർക്കായി  മാന്നാർ യുടിഐയിലും 22കുടുംബങ്ങളിലെ 103 പേർക്കായി  മാന്നാർ പഞ്ചായത്ത് ഹാളിലും 63 കുടുംബങ്ങളിലെ 194 പേർക്കായി മാന്നാർ ഇടയാടി സിഎംഎസ്എൽപി സ്കൂളിലുമാണ് പുതിയതായി ക്യാംപുകൾ തുറന്നത്.

ദുരിതാശ്വാസ കേന്ദ്രംതുടരും

മുതുകുളം∙ ഒഴുകി മാറാൻ സൗകര്യമില്ലാത്തതു മൂലം വീടുകളിൽ വെള്ളംകയറിയ കല്ലേജിൽ ജംക്​ഷനു സമീപം, ഉമ്മർമുക്കിനു കിഴക്കു ഭാഗങ്ങളിൽ വെളളം ഇറങ്ങി തുടങ്ങിയെങ്കിലും  കൊട്ടാരം ഗവൺമെന്റ് എൽപി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രം തൽക്കാലം തുടരാൻ പഞ്ചായത്തുതല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇന്നലെയും ശക്തമായ മഴ പെയ്ത സാഹചര്യത്തിലാണിത്. 12 കുടുംബങ്ങളിലെ 26 അംഗങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്നലെ ഒരു കുടുംബത്തിലെ ഒരു അംഗം കൂടി എത്തി. ദേശീയജലപാതയിലും തോടുകളിലും ജലനിരപ്പ് ഏറെക്കുറെ കഴിഞ്ഞ ദിവസത്തേതു പോലെയാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ കടൽ ക്ഷുഭിതമാണെങ്കിലും നാശനഷ്ടമില്ല.

കലക്​ഷൻ    സെന്റ്‍ർ

മുതുകുളം∙പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള കലക്​ഷൻ സെന്റ്‍ർ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സഹായം നൽകുന്നതിനു താൽപ്പര്യമുള്ളവർ ബ്ലോക്ക് പഞ്ചായത്തിൽ എത്തിക്കണമെന്ന് ബിഡിഒ അറിയിച്ചു.

ഭക്ഷ്യ സാധനങ്ങൾ 

മുതുകുളം∙ കാരുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസകേന്ദ്രമായ കൊട്ടാരം ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു.  സൊസൈറ്റി ഭാരവാഹികളായ ജോർജ് ടി ഫിലിപ്പ്, കെ.രാജേഷ് കുമാർ, എൻ.രാജ്‌നാഥ്, വി.വിജയൻ, പഞ്ചായത്ത്‌ അംഗങ്ങളായ എം.സുകുമാരൻ, എസ്. ഷീജ, വില്ലജ് ഓഫീസർ ബേബി മിനി എന്നിവർ പങ്കെടുത്തു. 

ഒഴുക്കു തടസ്സപ്പെടുത്തി മാലിന്യം

കിഴക്കൻ വെള്ളത്തിനൊപ്പം പാലങ്ങളുടെ തൂണുകളിൽ അടിയുന്ന മരങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുക്കു തടസ്സപ്പെടുത്തുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. ചെറുതനയിലെ പെരുമാങ്കര, മുടിക്കുഴി, വെട്ടുകുളഞ്ഞി,പള്ളിപ്പാട് ഇരുപത്തിയെട്ടിൽ കടവ് എന്നീ പാലങ്ങളുടെ അടിയിലാണു മാലിന്യം അടിഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചു. നാലു ദിവസം യന്ത്രങ്ങൾ ഉപയോഗിച്ചു മാലിന്യം നീക്കം ചെയ്തെങ്കിലും  വീണ്ടും അവ ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്. പ്രളയത്തെത്തുടർന്നു നദിക ളിലെ ചെളിയും മാലിന്യവും നീക്കിആഴം കൂട്ടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.തുടർ   നടപടി ഉണ്ടായില്ല. ഇതെല്ലാം നദികളിൽ  പെട്ടെന്നു വെള്ളം ഉയരുന്നതിനു കാരണമായതായാണു നാട്ടുകാർ പറയുന്നത്.

വിഭവ സമാഹരണത്തിന് പ്രതിഭ എംഎൽഎ

കായംകുളം ∙ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ യു. പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിൽ നഗരത്തിൽ വിഭവ സമാഹരണം നടത്തി. കായംകുളം ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ, സ്റ്റുഡൻസ് പൊലീസ് കെഡറ്റുകൾ, രക്ഷകർത്താക്കൾ എന്നിവരടങ്ങുന്ന സംഘമാണു  കടകൾ തോറും കയറിയിറങ്ങി വ്യാപാരികളെ നേരിൽ കണ്ട്  ആവശ്യ വസ്തുക്കൾ ശേഖരിച്ചത്.. സംഭരിച്ച സാധനങ്ങൾ സ്‌കുളിലൊരുക്കിയ കേന്ദ്രത്തിലേക്കു മാറ്റി,. എംഎൽഎയുടെ നേതൃത്വത്തിൽ 15 നു ദുരിതബാധിതർക്ക് ഇവ വിതരണം ചെയ്യും.. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama