go

വള്ളികുന്നത്ത് നാലുമണിക്കൂർ കറങ്ങി മോഷ്ടിച്ച് 2 കള്ളന്മാർ

Alappuzha News
SHARE

വള്ളികുന്നം∙ വ്യാപാരസ്ഥാപനങ്ങളിലും തപാൽ ഓഫിസിലും രണ്ടു കളളന്മാർ സ്വൈര്യവിഹാരം നടത്തിയത് നാലുമണിക്കൂർ. ഇന്നലെ പുലർച്ചെ ജംക്‌ഷനു വടക്കുള്ള കൃഷ്ണാ സ്റ്റോർസ് കുത്തിത്തുറക്കുന്നതിനിടെ ഉടമ ഉണർന്നതോടെ മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു.  രാത്രി രണ്ടുമുതലുള്ള ദൃശ്യങ്ങൾ സിസി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വള്ളികുന്നം തപാൽ ഓഫിസിന്റെ മുന്നിലുള്ള ഇരുമ്പു ഗ്രില്ല് തകർത്ത് ഉള്ളിലെ വാതിൽ പൊളിച്ചാണു മോഷ്ടാക്കൾ പ്രവേശിച്ചതെന്നാണു നിഗമനം. ഇവിടുത്തെ ലോക്കർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. 

വള്ളികുന്നം മണക്കാട് പഞ്ചായത്ത് ഓഫിസ് ജംക്‌ഷനിലുള്ള ആദിത്യ ബേക്കറി, വസ്ത്രവ്യാപാര സ്ഥാപനം എന്നിവിടങ്ങളിൽ നിന്നു പണവും മുണ്ടുകളും ലാപ്ടോപ്പും കവർന്നു. ബേക്കറിയിൽ നിർധന രോഗികൾക്കായി ടിന്നിൽ സൂക്ഷിച്ചിരുന്ന പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ പച്ചക്കറി കടയും, ഫാൻസി സ്റ്റോഴ്സും കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്.  ടെലിഫോൺ എക്സ്ചേഞ്ചിനു സമീപമുള്ള കൊല്ലന്റെ ആലയും തകർത്തു. കടകളുടെ താഴുകൾ തകർത്ത് ഷട്ടറുകൾ ഉയർത്തിയ നിലയിലാണ്. ഉപേക്ഷിച്ച താഴുകളും, കംപ്യൂട്ടർ കീബോർഡും കണ്ടെത്തി. വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.  

ഇതര സംസ്ഥാന തൊഴിലാളിയുടെ പണവും ഫോണും നഷ്ടമായി

വള്ളികുന്നം∙ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന പുതിയ സൈക്കിളും, ഇതര സംസ്ഥാന തൊഴിലാളിയുടെ പണവും മൊബൈൽഫോണും  മോഷണം പോയതായി പരാതി. വള്ളികുന്നം തെക്കേമുറി ചിറ്റക്കാട്ടിൽ ജയചന്ദ്രന്റെ പുതിയ സൈക്കിളാണു തിങ്കളാഴ്ച രാത്രി മോഷണം പോയത്.  അന്നുതന്നെയാണു  കാമ്പിശ്ശേരി കക്കുറുമ്പ് ജംക്‌ഷനു സമീപമുള്ള ഹോളോബ്രിക്സ് സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ പതിനായിരം രൂപയും ഫോണും നഷ്ടമായത്.  സംശയാസ്പദമായി കണ്ട രണ്ടുപേരെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. വള്ളികുന്നം പൊലീസിൽ പരാതി നൽകി.

ഹാർഡ്‌ ഡിസ്‌ക് കവർന്നു

കായംകുളം ∙ ആളില്ലാത്ത വീട്ടിൽ മോഷണം; സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്കും അനുബന്ധ ഉപകരണങ്ങളും കവർന്നു. കൃഷ്ണപുരം ചെറുതിട്ടയിൽ ധർമദാസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വിദേശത്തുള്ള ധർമദാസും കുടുംബവും വീട് സൂക്ഷിക്കാൻ സമീപവാസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹം രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്.  തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഇരുനില വീടിന്റെ 4 കിടപ്പുമുറികളുടെയും പൂട്ടുകൾ തകർത്തതായും മുറികളിലെ മേശകളുടെയും അലമാരകളുടെയും വാതിലുകൾ തുറന്ന നിലയിലും കണ്ടെത്തി. മോഷ്ടാവിന്റേതെന്നു കരുതുന്ന വസ്ത്രങ്ങൾ, വാതിലുകൾ തകർക്കാനുപയോഗിച്ച കമ്പിപ്പാര, വെട്ടുകത്തി, കമ്പിവടി തുടങ്ങിയവയും പൊലീസ് കണ്ടെടുത്തു. മുകൾ നിലയിലെ കിടപ്പുമുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കൾ കവർന്നു. . കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama