go

വീടിനുള്ളിൽ വെള്ളവും ദാരിദ്ര്യവും; ഉള്ളിൽ ആശങ്കയുടെ വേലിയേറ്റം

alappuzha-kamalakshimma
കുട്ടനാട് പുളിങ്കുന്ന് അറുപതുംചിറ കോളനിയിൽ വെള്ളം കയറിയ വീടിനുമുന്നിൽ കമലാക്ഷിയമ്മ. കോളനിയിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്.
SHARE

കുട്ടനാട് ∙ ‘ഞാൻ കാഞ്ഞിരപ്പള്ളിക്കാരത്തിയാ, പണ്ട് പണ്ട് ഇവിടെ വന്നതാ...’ ഉടുമുണ്ട് മുട്ടിനുമേൽ മടക്കിക്കുത്തി, വടിപിടിച്ച് വീടിനുള്ളിലെ വെള്ളത്തിൽ നിന്നു പുറത്തെ വെള്ളത്തിലേക്കു ചെറുമകനെ അന്വേഷിച്ചിറങ്ങിയ കമലാക്ഷിയമ്മ പറഞ്ഞു. 71 വയസ്സുള്ള കമലാക്ഷിയമ്മയ്ക്കു മനസ്സിൽ ഇപ്പോൾ നൂറിനുമേൽ പ്രായമുണ്ട്. ഓർമപ്പിശകു കാരണം ആരു പ്രായം ചോദിച്ചാലും നൂറു കടന്നന്നേ പറയൂ.

alappuzha-old-people
ഹരിപ്പാട് വീയപുരം ഗവ.എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കൃഷ്ണൻകുട്ടി മാതാപിതാക്കളായ ജനാർദ്ദനനും ചെല്ലമ്മയ്ക്കുമൊപ്പം. പെരുമഴയത്തും വീട്ടിലേക്ക് ഇരച്ചുകയറിയപ്പോഴും ജനാർദ്ദനനും(91) ഭാര്യ ചെല്ലമ്മയും(82) ക്യാംപിലേക്ക് മാറാതിരുന്നത് കൃഷ്ണൻകുട്ടിയെ ഓർത്താണ്. ക്യാംപിലെ സാഹചര്യങ്ങളിലേക്ക് മകനെ കൊണ്ടു പോകാനുള്ള ആശങ്ക. ആ മകൻ ഇന്നു ദുരിതാശ്വാസ ക്യാംപിലുള്ളവർക്കു മുഴുവൻ സ്വന്തമാണ്. എന്ത് സഹായത്തിനും ക്യാംപിലുള്ളവർ ഒപ്പമുണ്ട്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ വീടിനു ചെറിയ വിള്ളലുകൾ വീണിരുന്നു. ഇത്തവണ ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലാണ് ഇവർ. സുഖമില്ലാത്ത മകനെ കൊണ്ടുപോകേണ്ടത് അവിടേക്കാണല്ലോ..

പുളിങ്കുന്ന് പഞ്ചായത്തിലെ അറുപതുംചിറ കോളനിയിലെ നാൽപതോളം വീടുകളാണ് വെള്ളത്തിൽ. അതിലൊന്നിലാണ് കമലാക്ഷിയമ്മയും മകൻ ബിനുവും കുടുംബവും കഴിയുന്നത്. ചെറുമകൻ വിഷ്ണു ആറ്റിറമ്പിലേക്കിറങ്ങിയിട്ടു കുറെനേരമായതിനാൽ അന്വേഷിച്ചിറങ്ങിയതായിരുന്നു കമലാക്ഷിയമ്മ.

വീട്ടിൽ ഇരുന്ന് മീൻപിടിക്കാം 

അറുപതുംചിറ കോളനിയിലെ വെള്ളം കയറിയ വീടിന്റെ കട്ടിളപ്പടിയിൽ ഒരു കയ്യിൽ ഭക്ഷണപ്പാത്രവും മറുകയ്യിൽ ചൂണ്ട കൊരുത്ത നൂൽ കെട്ടിയ വടിയുമായി നിൽക്കുകയാണ് ലത. ലതയുടെ ഒരു കൈക്ക് സ്വാധീനക്കുറവുണ്ട്. ചൂണ്ട പിടിച്ച കൈയിൽ അനക്കം തട്ടിയപ്പോൾ ലത ഭക്ഷണപ്പാത്രം അകത്തെ കസേരയിലേക്കു വച്ച് ഒരു വലിവലിച്ചു. ചൂണ്ടയിൽ ഒരു കുറുവ മീൻ പിടഞ്ഞു. ഇന്നലെ രണ്ടാമത്തെ കുറുവയെയാണ് വീടിന്റെ മുറ്റത്തു നിന്നു ലത ചൂണ്ടയിട്ടു പിടിച്ചത്.

മീനിനെ കൈയിലേക്കെടുത്തപ്പോൾ കൂടുതൽ പിടച്ചതു മീനാണോ ലതയുടെ ഉള്ളാണോയെന്ന് കണ്ടു നിൽക്കുന്നവർക്കു തോന്നും. വെള്ളം കയറിയ വീട്ടിൽ കണ്ണുകാണാത്ത അമ്മ പൊന്നമ്മയും രണ്ടു മക്കളുമൊത്താണ് ലതയുടെ ജീവിതം.  കോളനിയിലെ തന്നെ മറ്റൊരു വീട്ടിൽ താമസിക്കുന്ന ഓമന ഈ നേരം പാത്രത്തിൽ രണ്ട‍ു കുറുവ മീനും അലക്കു സോപ്പുമായി കടവിലേക്കു പോകുകയാണ്. അലക്കാനുള്ള തുണി മുൻപേ മകന്റെ വള്ളത്തിൽ കൊടുത്തുവിട്ടിരുന്നു. കടവിൽ അലക്കുകയും ഇന്നലത്തെ കറിക്കുവേണ്ട മീൻ കഴുകിയെടുക്കുകയുമാകാം. 

വീടിനു മുന്നിൽ വിരിച്ച വലയിൽ കുടുങ്ങിയതാണ് മീൻ. പമ്പയാറ്റിൽ ഇന്നലെ വലയിട്ടപ്പോൾ കട്‍ല മീനിന്റെ കൂട്ടത്തെ കിട്ടയതിന്റെ സന്തോഷത്തിലായിരുന്നു വിഷ്ണു. വിഷ്ണുവിനു മാത്രമല്ല, കോളനിയിലെ പലർക്കും ഇന്നലെ വളർത്തുമീൻ ഇനമായ കട്‍ലയെ ആറ്റിൽ നിന്നു കിട്ടി. ഏതോ മത്സ്യകർഷകന്റെ ‘സമ്പാദ്യം’ വെള്ളപ്പൊക്കത്തിൽ ചാടിവന്നതാണ്. വീടിനകം നിറയെ വെള്ളവും ദാരിദ്ര്യവുമാണെങ്കിലും ഇവരുടെ മുഖത്തു ചിരി വിരിയുന്നത് ഇതുപോലുള്ള ചില ചെറിയ സന്തോഷങ്ങളിലൂടെയാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama