go

2708 ഹെക്ടറിൽ നെൽക്കൃഷി വെള്ളത്തിൽ

Alappuzha News
വെള്ളം കയറിയ പാടത്ത് നിന്ന് മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നീക്കുന്നു. പള്ളാത്തുരുത്തി പാലത്തിന് സമീപം നിന്നുള്ള കാഴ്ച. ചിത്രം മനോരമ
SHARE

കുട്ടനാട് ∙ ആശങ്കയുടെ കാർമേഘങ്ങൾ മാറിനിന്ന പകൽ കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ്. ഇന്നലെ ഉച്ചയോടെ 3 ഇഞ്ചു വരെ ജലനിരപ്പു താഴ്ന്നെങ്കിലും വൈകിട്ട് അൽപം ഉയർന്നു.  കഴിഞ്ഞ 3 ദിവസമായി തുടരുന്ന മടവീഴ്ച ഇന്നലെയുണ്ടായില്ല. ജില്ലയിലാകെ 64 പാടശേഖരങ്ങൾ മടവീഴ്ചയിലൂടെയും വെള്ളം കവിഞ്ഞു കയറിയും നാശത്തിന്റെ വക്കിലാണ്.  2708 ഹെക്ടറിലെ നെൽച്ചെടികൾ വെള്ളത്തിലാണ്. 18 പാടശേഖരങ്ങളിൽ മടവീണു കൃഷി പൂർണമായി നശിച്ചു.  896 ഹെക്ടറിലെ കൃഷിയാണ് ഉപേക്ഷിച്ചത്. ബാക്കിയുള്ള 46 പാടശേഖരങ്ങളിലെ 1934 ഹെക്ടർ സ്ഥലത്തെ കൃഷി സംരക്ഷിക്കുവാൻ പുറമേ നിന്ന് പമ്പുസെറ്റുകൾ വാടകയ്ക്കെടുത്തു വെള്ളം വറ്റിച്ചുകൊണ്ടിരിക്കുകയാണ്. നെൽക്കൃഷിയിൽ മാത്രം 35 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. പ്രളയജലം ഇത്തവണ 1464 ഹെക്ടറിലെ കരക്കൃഷി കവർന്നു. 15 കോടി രൂപയുടെ നഷ്ടമാണു കരക്കൃഷിയിൽ മാത്രം ഉണ്ടായത്. ജില്ലയിൽ  ഇതുവരെ 50 കോടി രൂപയുടെ കൃഷിനാശമുണ്ടായി.

താലൂക്കിൽ ഇന്നലെ 10 ക്യാംപുകളും 463 ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രവർത്തിച്ചു. 546 കുടുംബങ്ങളിലെ 1668 അംഗങ്ങളാണു ക്യാംപിൽ കഴിയുന്നത്. 21830 കുടുംബങ്ങളിലെ 91920 അംഗങ്ങളാണു 463 ഭക്ഷണ വിതരണ കേന്ദ്രങ്ങളെ ആശ്രയിച്ചത്. എസി റോഡിലെ ഗതാഗത തടസ്സം 4–ാം ദിവസവും തുടർന്നു. ആലപ്പുഴയിൽ നിന്നു മങ്കൊമ്പ് ജംക്‌ഷൻവരെ കെഎസ്ആർടിസി സർവീസ് നടത്തി. ചങ്ങനാശേരിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു കിടങ്ങറവരെ കെഎസ്ആർടിസി പരീക്ഷണ സർവീസ് നടത്തിയെങ്കിലും തുടരാൻ സാധിച്ചില്ല. കിടങ്ങറ പെട്രോൾ പമ്പിനു സമീപത്തും മനയ്ക്കച്ചിറയിലെയും വെള്ളക്കൂടുതൽ സർവീസിനു തടസ്സമായി.

പലായനം തുടരുന്നു

കുട്ടനാട് ∙  കുട്ടനാട്ടിൽ നിന്നുള്ള പലായനം തുടരുന്നു. എസി റോഡ് 4–ാം ദിവസവും അടഞ്ഞതോടെ ജല ഗതാഗതത്തെ ആശ്രയിച്ചാണു പലരും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേർന്നത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തുള്ള പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ പോളയും നീക്കം ചെയ്യുന്ന ജോലികൾ ഇന്നലെയും നടന്നു. കുറെ മാലിന്യങ്ങൾ നീങ്ങിയതോടെ ബോട്ട് സർവീസുകൾ സുഗമമായി നടന്നു. പുളിങ്കുന്ന്, രാമങ്കരി, കാവാലം, വെളിയനാട് പഞ്ചായത്തിലുള്ളവർ കിടങ്ങറിയിലെത്തി ബോട്ട് മാർഗം ചങ്ങനാശേരിയിൽ എത്തിച്ചേർന്നത്. കിടങ്ങറയിലെ കെസി പാലം ജലഗതാഗതത്തിനു തടസ്സമായതോടെ ബോട്ടുകൾ മാറി കയറിയാണു യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനവും സാധാരണ നിലയിലായി. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ബോട്ട് മാർഗമാണ് ആശുപത്രിയിലെത്തിച്ചേർന്നത്. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടം വെള്ളത്തിലായതോടെ ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെ അത്യാഹിത വിഭാഗവും സജ്ജീകരിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama