go

പ്രളയമെടുത്തത്...

Alappuzha News
ആലപ്പുഴ എസ്ഡിവിജെബി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ വയോധികർ തളർന്നുറങ്ങുന്നു. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെയുണ്ടായ കൃഷി നഷ്ടം 38 കോടി രൂപ. അടിയന്തര ആവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു കൃഷി വകുപ്പിന് 1 കോടി രൂപ കലക്ടർ അനുവദിച്ചു. 198 പാടശേഖരങ്ങളിലായി 10,937.32 ഹെക്ടറിലാണു രണ്ടാം കൃഷിയിറക്കിയത്. അഞ്ചാം തീയതി തുടങ്ങിയ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 13 പാടങ്ങളിൽ മട വീണു. 896.1 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കരുവാറ്റ വാഴാങ്കേരി പുളിയമ്പങ്കേരിയിൽ 66 ഹെക്ടർ, ചെറുതന കോഴിക്കുഴിയിൽ 13.4, മടയനാരിയിൽ 67.3, വീയപുരം അച്ചനാരി പുത്തൻകേരിയിൽ 110, മണ്ണഞ്ചേരി തെക്കേക്കരിയിൽ 14, പുളിങ്കുന്ന് വടക്കേക്കരി മാടത്താണിക്കരിയിൽ 152, തകഴി വേഴപ്ര പടിഞ്ഞാറ് 3, ചെത്തിക്കളത്ത് 6, കൈനകരി കനകാശേരിയിൽ 48, ആറുപങ്കിൽ 192.8, ചമ്പക്കുളം കട്ടക്കുഴിയിൽ 3.8, മൂലേപ്പള്ളിക്കാട് 63, എടത്വ പുത്തൻവരമ്പിനകത്ത് 156.8 ഹെക്ടർ എന്നിങ്ങനെയാണു കൃഷിനാശം. 90 ദിവസം തികയാത്ത നിലങ്ങളാണു മടവീഴ്ചമൂലം വെള്ളത്തിലായത്. 69 പാടങ്ങളിൽ വെള്ളം കയറി.  2,900 ഹെക്ടർ പാടം മുങ്ങിക്കിടക്കുന്നു. 

കൃഷി രക്ഷിക്കാൻ തീവ്രശ്രമം

പാടശേഖര സമിതികൾ പലയിടത്തും മട കുത്തി വെള്ളം പമ്പ് ചെയ്തു കൃഷി രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. ജലസേചന വകുപ്പിൽനിന്നു കൃഷി വകുപ്പു വഴി 28 പമ്പുകൾ ലഭ്യമാക്കി  വെള്ളം വറ്റിക്കാൻ തുടങ്ങി. വെള്ളംകയറാതിരിക്കാൻ മണൽച്ചാക്ക് അടുക്കുന്നുണ്ട്. മട വീണു ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ അടിയന്തരമായി പമ്പിങ് നടത്തി ജലനിരപ്പു താഴ്ന്നാലേ ക്യാംപിലുള്ളവരെ തിരിച്ചയയ്ക്കാൻ സാധിക്കൂ.  കൃഷി വകുപ്പ് 16 പമ്പുകൾ മഴ തുടങ്ങുന്നതിനു മുൻപു തന്നെ പാടശേഖര സമിതികൾക്കു നൽകിയിരുന്നു. കഴിഞ്ഞ ദിവസം 12 പമ്പുകൾ കൂടി ജില്ലാ കലക്ടർ നൽകി. ഇതിനു പുറമേ നെടുമുടി, ചമ്പക്കുളം ഭാഗങ്ങളിലെ പാടശേരങ്ങളിൽ കൃഷി സംരക്ഷണ പ്രവർത്തനങ്ങളും മട കുത്തലും കർഷകരുടെ നേതൃത്വത്തിൽ നടക്കുന്നു.

437 വീടുകൾക്ക് നാശം; വെള്ളം കയറിയത് 7000 വീടുകളിൽ

ആലപ്പുഴ ∙ ഈ മാസം 7 മുതൽ 11 വരെ കാറ്റിലും മഴയിലും ജില്ലയിൽ നശിച്ചത് 437 വീടുകൾ. ഇതിൽ 27 വീടുകൾ പൂർണമായും 410 വീടുകൾ ഭാഗികമായും തകർന്നു. ബാക്കി ദിവസങ്ങളിലെ കണക്കുകൾ ശേഖരിക്കുകയാണ്. ആകെ ഏഴായിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. ഏഴിനും ഒൻപതിനുമാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്. ഏഴിന് 13 വീട് പൂർണമായി തകർന്നു. 133 വീടുകൾക്ക് ഭാഗിക കേടുപാടുകളുണ്ട്.  9ന് 7 വീടുകൾ പൂർണമായി തകർന്നപ്പോൾ 167 വീടുകൾ ഭാഗികമായി നശിച്ചു. എത്ര രൂപയുടെ നഷ്ടമുണ്ടെന്നു കണക്കാക്കിയിട്ടില്ല. 

നഷ്ടം, മൃഗ സംരക്ഷണ മേഖലയിലും 

ആലപ്പുഴ ∙ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൃഗ സംരക്ഷണ മേഖലയിൽ നഷ്ടം. പ്രാഥമിക കണക്കു പ്രകാരം ഇതുവരെ 5.85 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 6 തൊഴുത്തുകൾ പൂർണമായും ഒരു തൊഴുത്ത് ഭാഗികമായും തകർന്നു. 96 മൃഗങ്ങളാണ് ചത്തത്. 7 കാളക്കുട്ടി, 4 പശുക്കിടാങ്ങൾ, ഒരു പശു, 5 ആടുകൾ, 3 ആട്ടിൻകുട്ടികൾ, ഒരു എരുമക്കിടാവ്, 20 വളർത്തു കോഴികൾ, 10 താറാവ്, 45 കാട എന്നിവ നഷ്ടപ്പെട്ടതായി ആദ്യ കണക്കുകൾ വ്യക്തമാക്കുന്നു. പട്ടണക്കാട്, ചെന്നിത്തല, തെക്കേക്കര, പള്ളിപ്പാട്, മുട്ടാർ, തകഴി, കഞ്ഞിക്കുഴി, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിലെ മൃഗങ്ങളാണ് ചത്തത്. 

പ്രളയബാധിതർക്ക്  3 മാസം സൗജന്യ റേഷൻ

പ്രളയബാധിതർക്ക് 3 മാസം സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ. ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ അധിക ധാന്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇപോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് നേരിട്ട് റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama