go

ടെൻഡറിൽ തട്ടിത്തടഞ്ഞ് തോട്ടപ്പള്ളി ലീഡിങ് ചാനൽ ആഴംകൂട്ടൽ

Alappuzha News
SHARE

ആലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ ലീഡിങ് ചാനൽ ആഴം കൂട്ടുന്ന പദ്ധതി ടെൻഡറിൽ കുടുങ്ങി നിൽക്കുന്നു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയുടെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തിൽ മാസങ്ങൾക്കു മുൻപെടുത്ത തീരുമാനമാണിത്. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ ഇതുൾപ്പെടുത്തിയിട്ടുണ്ട്.സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും  ഉടൻ നടപടി തുടങ്ങുമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നു. എന്നാൽ, മണ്ണു മാറ്റുന്നതിന്റെ നിരക്കു സംബന്ധിച്ചാണ് ആശയക്കുഴപ്പമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. വീയപുരം മുതൽ തോട്ടപ്പള്ളി വരെ 10 കിലോമീറ്ററിലെ  ആഴം കൂട്ടുന്ന പദ്ധതിക്കു ടെൻഡർ സമർപ്പിച്ചവർ വാഗ്ദാനം ചെയ്ത നിരക്കു വളരെ കുറവാണ്.  തീരുമാനത്തിനായി തിരുവനന്തപുരത്തു വിവരം അറിയിച്ചിട്ടുണ്ടെന്ന് കുട്ടനാട് പാക്കേജ് ഉദ്യോഗസ്ഥർ പറഞ്ഞു.ലീഡിങ് ചാനലിന്റെ ആഴം കൂട്ടുന്നതിനൊപ്പം പൊഴിക്കു പരമാവധി വീതിയും ഉണ്ടാക്കണമെന്നു കൃഷിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. 

40 ഷട്ടറുള്ള പൊഴിക്കു വീയപുരം വരെ 300 മീറ്ററെങ്കിലും വീതിവേണമെന്നു മുൻപു പഠനം നടത്തിയ ഐഐടിയിലെ വിദഗ്ധർ നിർദേശിച്ചിരുന്നു.  ലീഡിങ് ചാനലിന്റെ വീതിയും ആഴവും കൂട്ടുന്നതിനൊപ്പം സ്പിൽവേ ഷട്ടറുകളും പുനർനിർമിക്കണമെന്നു കൃഷി ശാസ്ത്രജ്ഞൻ ഡോ. കെ.ജി.പത്മകുമാർ പറഞ്ഞു. ചാനലിന്റെ യഥാർഥ ആഴത്തിന്റെ പകുതി വരെയേ ഇപ്പോഴത്തെ ഷട്ടറുകൾ എത്തുന്നുള്ളൂ. മണൽ അടിയുന്നതിനാലാണ് അടിയിലൂടെ ഓരുവെള്ളം കയറാത്തത്. ആഴം കൂട്ടിയാൽ ഇപ്പോഴത്തെ ഷട്ടറുകൾ പോരാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മരങ്ങൾ മുറിച്ചു മണ്ണു നീക്കുന്നതിന്റെ പേരിൽ കരിമണൽ കടത്താനുള്ള നീക്കത്തോടാണു പ്രതിഷേധമെന്നു സമരക്കാർ പറയുന്നു.

വെള്ളപ്പൊക്കത്തിന്റെ പേരിൽ കാറ്റാടി മരങ്ങൾ മുറിച്ചു കരിമണൽ കടത്താനുള്ള നീക്കത്തെ എതിർക്കും. ഇവിടെ നിന്നു മണൽ ഖനനം അനുവദിച്ചാൽ‌ ആലപ്പാടിനെക്കാൾ മോശം അവസ്ഥയാകും. തീരദേശവാസികളുടെ അവസ്ഥ സർക്കാരും ജില്ലാ ഭരണകൂടവും മനസ്സിലാക്കണം. സ്പിൽവേ കനാലുകളുടെയും ലീഡിങ് ചാനലിന്റെയും ആഴം കൂട്ടി നീരൊഴുക്കു കൂട്ടുകയാണു വേണ്ടത്. - റഹ്മത്ത് ഹാമീദ് (പ്രസി‍ഡന്റ്, പുറക്കാട്  പഞ്ചായത്ത്)

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama