go

പ്രതികളുടെ കഥ വിശ്വസിച്ചെന്നു നടിച്ചു: കള്ളം പൊളിച്ചത് ഇങ്ങനെ...

കടപ്പുറത്തു കുഴിച്ചിട്ട യുവാവിന്റെ മൃതദേഹം പൊലീസ് പുറത്തെടുക്കുന്നത് കാണാനെത്തിയ നാട്ടുകാർ. 						         ചിത്രം:മനോരമ
കടപ്പുറത്തു കുഴിച്ചിട്ട യുവാവിന്റെ മൃതദേഹം പൊലീസ് പുറത്തെടുക്കുന്നു..
SHARE

അമ്പലപ്പുഴ ∙ പ്രതികൾ സംശയത്തിന് ഇട നൽകാതെ കെട്ടിച്ചമച്ച കഥ വിശ്വസിക്കുന്നതായി നടിച്ചുകൊണ്ട് പൊലീസ് സമാന്തരമായി നടത്തിയ അന്വേഷണമാണ് കാകൻ മനു കൊലക്കേസിനു തുമ്പുണ്ടാക്കിയത്. മനുവിനെ കാണാതായതു മുതൽ കൊലപ്പെടുത്തുന്നതു വരെയുള്ള കഥ ഏറെക്കുറെ വാസ്തവത്തോട് യോജിക്കുന്നവിധം പറയുകയും മൃതദേഹം നശിപ്പിച്ചതിനെപ്പറ്റി കെട്ടുകഥയുണ്ടാക്കുകയുമാണ് പ്രതികൾ ചെയ്തത്.

 സംഭവം വഴിമാറ‍ിയത് ഇങ്ങനെ

∙ മനുവിനെ കാണാനില്ലെന്ന് അച്ഛൻ മനോഹരൻ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയതാണ് കേസിന്റെ തുടക്കം. മനുവി‍നെ  അവസാനമായി കണ്ടത് പറവൂരിലെ ബാറിനു മുന്നില‍ാണെന്നു വ്യക്തമായതോടെ കേസ് പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക്.

∙ ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പുന്നപ്ര പൊലീസ് ഒട്ടേറെ കേസുകളിൽ പ്രതികളായ സൈമണിനെയും പത്രോസിനെയും ഓമനക്കുട്ടനെയും ആന്റണി സേവ്യറിനെയും തിരിച്ചറിഞ്ഞു. പത്രോസിനെയും സൈമണിനെയും തന്ത്രപരമായി പിടികൂടി.

കടപ്പുറത്തു കുഴിച്ചിട്ട യുവാവിന്റെ മൃതദേഹം പൊലീസ് പുറത്തെടുക്കുന്നത് കാണാനെത്തിയ നാട്ടുകാർ. 						         ചിത്രം:മനോരമ

∙ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ പ്രതികൾ മനുവിനെ സംഭവ ദിവസം കണ്ടിട്ടില്ലെന്നാണു പറഞ്ഞത്. ഏതാണ്ട് ഒരു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്കു മുന്നിൽ കാണിച്ചത്. 

∙ പെട്ടുവെന്നു മനസ്സിലായി. അതോടെ പ്രതികൾ മുൻകൂട്ടി തീരുമാനിച്ച കഥ പറഞ്ഞു. പിടിക്കപ്പെട്ടാൽ സംഭവത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന നാലു പേരുടെ പേരു മാത്രമേ പറയാ‍വൂ എന്നു പ്രതികൾ തീർച്ചപ്പെടുത്തിയിരുന്നു. കേസിൽപ്പെട്ടാലും മൃതദേഹം കണ്ടെടുക്കാത്തിടത്തോളം കാലം തങ്ങൾ സുരക്ഷിതരാണെന്നു തികഞ്ഞ കുറ്റവാളികളായ ഇവർക്ക് ഉറപ്പായിരുന്നു.

∙ കഥയിൽ ഗലീലിയ കടപ്പുറത്ത് മനുവിനെ എത്തിക്കുന്നതു വരെയുള്ള കഥയിൽ കാര്യമായ കൂട്ടിച്ചേർക്കലില്ല. കൊലപ്പെടുത്തിയ ശേഷം മനുവിനെ തീരത്തു കിടന്ന പൊന്തുവള്ളത്തിൽ കയറ്റി കഴുത്തിൽ കല്ലു കെട്ടിയ ശേഷം ആന്റണി സേവ്യറും ഓമനക്കുട്ടനും കൂടി കടലിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് സൈമണും പത്രോസും മൊഴി നൽകിയത്. മൃതദേഹം വള്ളത്തിൽ കയറ്റുന്നതും മറ്റും അഭിനയിച്ചുകാണിച്ചിരുന്നു.

∙ പൊന്തുവള്ളത്തിൽ മൃതദേഹം ഉൾപ്പെടെ മൂന്നു പേർക്കു സഞ്ചരിക്കാൻ പ്രയാസമാണെന്നും രാത്രിയിൽ വളരെ പരിശീലനമുള്ള മീൻപിടിത്തക്കാർക്കു പോലും പൊന്ത് ഇറക്കാൻ കഴിയില്ലെന്നും മത്സ്യത്തൊഴിലാളികൾ പൊലീസിനെ അറിയിച്ചിരുന്നു. ഈ വാദം സാധൂകരിക്കാൻ പൊന്തുമായി പോകുന്നതിനിടെ കടലിൽ വീണതും തിരികെ നീന്തിക്കയറിയതുമൊക്കെ പ്രതികൾ കൂട്ടിച്ചേർത്തു.

∙ വെള്ളിയാഴ്ച പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ തീരത്തുണ്ടായിരുന്ന കൊച്ചുമോനെ പൊലീസ് കണ്ടെടുത്തതാണ് കേസിൽ വഴിത്തിരിവ്. തങ്ങൾ നാലു പേരല്ലാതെ ഒരാളെപ്പോലും പൊലീസ് സംശയിക്കില്ലെന്ന പ്രതികളുടെ അമിത ആത്മവിശ്വാസം പൊലീസ് തകർത്തത് ഈ ഒറ്റ നീക്കത്തിലൂടെയാണ്.

തികഞ്ഞ കുറ്റവാസനയുള്ള പ്രതികളുടെ മൊഴി ഒരുതരത്തിലും വിശ്വസിക്കാൻ പാടില്ലെന്ന് പൊലീസ് ആദ്യം മുതൽ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ പ്രതി കൊച്ചുമോനെ പിടികൂടിയത്. കൊച്ചുമോൻ കഥകളെല്ലാം കൃത്യമായി പൊലീസിനു പറഞ്ഞു കൊടുത്തു. പ്രതികളുമായി പൊലീസ് പറവൂർ ഗലീലിയ തീരത്തേക്ക്  കുതിച്ചു.  മൃതദേഹം പുറത്തെടുത്തതോടെ കേസിനു തുമ്പായി.

നൊമ്പരക്കാഴ്ചയായി മനോഹരൻ

മനുവിന്റെ മൃതദേഹം കാണാൻ പിതാവ് മനോഹരൻ പറവൂർ ഗലീലിയ തീരത്തെത്തിയപ്പോൾ.
മനുവിന്റെ മൃതദേഹം കാണാൻ പിതാവ് മനോഹരൻ പറവൂർ ഗലീലിയ തീരത്തെത്തിയപ്പോൾ.

അമ്പലപ്പുഴ ∙  പറവൂർ ഗലീലിയ തീരദേശത്തെ കുഴിയിൽ നിന്നു മനുവിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ പിതാവ് മനോഹരനും സ്ഥലത്തുണ്ടായിരുന്നു. പഴക്കം കൊണ്ട് ചീർത്ത മകന്റെ മൃതദേഹം കണ്ടു നിലവിളച്ച മനോഹരനെ സുഹൃത്തുക്കൾ അവിടെ നിന്നു മാറ്റി. കഴിഞ്ഞ ദിവസം പറവൂർ തീരത്ത് മനുവിന്റെ മൃതദേഹത്തിനായി പൊലീസ് തിരയുന്ന അവസരത്തിലും മനോഹരൻ എത്തിയിരുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama