go

വെട്ടിനു വെട്ട്, കൊലയ്ക്കു കൊല: കാകൻ കൊല്ലപ്പെട്ടു, കൊല ചെയ്തത് പത്രോസും സംഘവും!

alappuzha news
SHARE

‘എന്നും പൊന്തുമെടുത്ത് കടലി‍ൽപ്പോകും. പണിയില്ലാത്ത ദിവസം പന്തലുപണിക്കു പോകും. ഇതൊന്നുമില്ലെങ്കിൽ വള്ളത്തിൽ വരുന്ന മീൻ വാങ്ങി ഉണക്കി വിൽക്കും. ഇതെല്ലാം കൂട്ടിയിട്ടും പിള്ളേരുടെ പഠിത്തത്തിനും കുടുംബം കഴിയാനും കടം വാങ്ങേണ്ട സ്ഥിതിയിലാണു ഞങ്ങൾ. പക്ഷേ, ഇവിടെ കുറേയെണ്ണത്തിന് ഒരു പണിയുമില്ല. രാവിലെ മുതൽ നീളമുള്ള മൊബൈലും കയ്യിൽപ്പിടിച്ച് കള്ളും കഞ്ചാവുമടിച്ച് ഈ കാറ്റാടിക്കാട്ടിൽ കിടക്കും. ഇതിനൊക്കെ എവിടുന്നാണ് വരുമാനമെന്ന് അറിയില്ല. ഏതൊക്കെയോ നാട്ടീന്നുള്ള കുറെപ്പേരും ഉണ്ടാകും. ഇവർക്കൊക്കെ ഈ തീരത്തെന്നാ പണിയെന്ന് ഞങ്ങൾക്കറിയില്ല.’

കാകൻ മനുവിനെ കാണാതായതോടെ കൊലപ്പെടുത്തി കടലിൽ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴിയെത്തുടർന്നു തിരച്ചിലിനു തീരത്തെത്തിയ പൊലീസുകാരോടു പുന്നപ്ര പറവൂർ ഗലീലിയ തീരത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞതാണ് ഈ വാക്കുകൾ. വെട്ടിനു വെട്ട്. കൊലയ്ക്കു കൊല. കണ്ണിൽചോരയില്ലാതെ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരുപറ്റം സാമൂഹികവിരുദ്ധർ. പറവൂർ കേന്ദ്രീകരിച്ചു ലഹരിമരുന്നു കച്ചവടം ചെയ്തും മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയും വളർന്നുവന്ന രണ്ടു വലിയ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടലാണ് കാകൻ മനുവിന്റെ കൊലപാതകത്തിലെത്തി നിൽക്കുന്നത്.

 കിഴക്കു കാകൻ, പടിഞ്ഞാറ് പത്രോസ്

ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമായി പുന്നപ്ര വടക്കു പഞ്ചായത്തിലെ പറവൂർ പ്രദേശത്തു രണ്ടു സാമ്രാജ്യങ്ങളാണ്. ദേശീയപാതയുടെ കിഴക്കു ഭാഗത്തു കാകൻ മനുവിന്റെ നേതൃത്വത്തിലും പടിഞ്ഞാറ് അപ്പാപ്പൻ പത്രോസിന്റെ നേതൃത്വത്തിലും. കൗമാരപ്രായം മുതൽ കുറ്റവാസന ഉണ്ടായിരുന്നു രണ്ടു കൂട്ടർക്കും. ഇരുവരും മാത്രമല്ല, ഒപ്പം ലഹരിക്ക് അടിമപ്പെട്ട കുറെയധികം യുവാക്കളുണ്ട്. അതിന്റെ ഒരു ഘട്ടത്തിന്റെ അവസാനമാണ് ഇന്നത്തെ വാർത്ത; കാകൻ മനു കൊല്ലപ്പെട്ടു, കൊല ചെയ്തത് പത്രോസും സംഘവും!

 പൊലീസിനെയും തല്ലും

ലഹരിമരുന്ന് വിൽപനയാണ് മനുവിന്റെയും പത്രോസിന്റെയും സംഘങ്ങളുടെയും പ്രധാന വരുമാനമാർഗം. ഈ വഴികളിലേക്ക് പൊലീസും എക്സൈസും കടന്നുവ‍രാറില്ല. വേണ്ടിവന്നാൽ പൊലീസിനെയും തല്ലാൻ ഒരു മടിയുമില്ല ഇക്കൂട്ടർക്ക്.മുൻപ് പെട്രോൾ പമ്പിൽ പിടിച്ചുപറി തടയാൻ ശ്രമിച്ച എസ്ഐയെ ആക്രമിച്ചതും വാഹനങ്ങൾ തടഞ്ഞു നിർത്തി ഗുണ്ടാപ്പിരിവ് നടത്തിയവരെ പിടികൂടാൻ ശ്രമിച്ച പൊലീസ് സംഘത്തെ മർദിച്ചതും പറവൂരിലെ അക്രമിസംഘങ്ങളാണ്.കാകൻ മനുവിന്റെയും പത്രോസിന്റെയും പേരിലുമുണ്ട് പൊലീസിനെ ആക്രമിച്ചെന്ന കേസ്. ദേശീയപാതയിലൂടെ സൈക്കിളിൽ പോകുകയായിരുന്ന വിദേശ വിനോദ സഞ്ചാരിയെ തടഞ്ഞുനിർത്തി രേഖകളുൾപ്പെടെ അപഹരിച്ച കേസിൽ മനുവാണു പ്രതി.  

 ബാറിൽ പോകുന്നത് തല്ലാൻ

കാകൻ മനുവിന്റെ കൊലപാതകത്തിനു കാരണമായ സംഘർഷം തുടങ്ങിയ പറവൂരിലെ ബാറിൽ പോയാൽ ഈ പ്രദേശത്തെ അക്രമി സംഘങ്ങളുടെ വിളയാട്ടം നേരിൽക്കാണാം. ബാറിൽ വരുന്ന സാധാരണക്കാരെ തടഞ്ഞു നിർത്തി പണം പിടിച്ചുപറിക്കും. അടിയുണ്ടാക്കാൻ ഒരു വഴിയും കണ്ടില്ലെങ്കിൽ മെക്കിട്ടുകേറി അടിയുണ്ടാക്കുകയാണ് ഇവരുടെ പ്രധാന വിനോദം. 

മറ്റുള്ളവർ വാങ്ങിവച്ച മദ്യം എടുത്തു കുടിക്കും. എന്നിട്ട് അവരെ നോക്കും. ദേഷ്യത്തിലാണ് അവർ തിരിച്ചു നോക്കുന്നതെങ്കിൽ അവരോട് ചൂടാകും. മിക്കവരും പ്രതിരോധിക്കാൻ നിൽക്കാറില്ല. പ്രതിഷേധിക്കുന്നവരെ കൂട്ടം ചേർന്നു തല്ലും. ബാറിനു പുറത്തുവച്ചും അടിക്കും. ഇത്തരത്തിലൊരു മർദനമാണ് കാകൻ മനുവിന്റെ കൊലയിലേക്കു നയിച്ചത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama