go

കാർത്തിക മറക്കില്ല; നന്മ പൂവിട്ട ഈ ഓണക്കാലം

alappuzha-karthika
മാവേലിക്കര എ.ആർ.രാജരാജ വർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി കാർത്തികയ്ക്ക് ഓണസമ്മാനം കൈമാറിയ ശേഷം ഹസ്തദാനം നൽകുന്ന നഗരസഭ അധ്യക്ഷ ലീല അഭിലാഷ് . എസ്.രാജേഷ്, സതി കോമളൻ, ജയിംസ് പോൾ, ജി.അജിത്, ജിജീഷ് കുമാർ, ഷീജ, മുരുകേശ് കണ്ണൻ, കെ.ദേവരാജപണിക്കർ തുടങ്ങിയവർ സമീപം
SHARE

മാവേലിക്കര ∙ കൂട്ടുകാരും അധ്യാപകരും മുന്നിട്ടിറങ്ങി സുമനസ്സുകളുടെ സഹകരണത്തോടെ നൽകിയ സ്നേഹ സമ്മാനങ്ങൾ കാർത്തിക ജീവിതത്തിൽ മറക്കില്ല. എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി കാർത്തികയുടെ മനസിലെ വേദന തൊട്ടറിഞ്ഞാണു സഹപാഠികൾ സഹായമെത്തിച്ചത്. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത പുതിയകാവ് പൂവണ്ണാൽ സിന്ധുവിന്റെ ഏക മകളാണു കാർത്തിക. ഒരു മാസം മുൻപു തുടർച്ചയായി ക്ലാസിൽ എത്താതിരുന്ന കാർത്തികയുടെ വീടു തേടി ക്ലാസ് ടീച്ചർ ജിജീഷ് കുമാറും പിടിഎ പ്രസിഡന്റ് ജി.അജിത്തും എത്തി.

തകർന്ന വീടിന്റെ ഉൾപ്പെടെയുള്ള ദുരവസ്ഥ നേരിട്ടറിഞ്ഞ ജിജീഷ് കുമാർ പിടിഎയിൽ പ്രശ്നം അവതരിപ്പിച്ചു. സഹപാഠിക്കു സഹായമേകാൻ കൂട്ടുകാരികൾ ഒറ്റക്കെട്ടായിരുന്നു. അടിയന്തര സഹായമെന്ന നിലയിൽ ഓലകെട്ടിയമ്പലത്തെ ഗ്രന്ഥശാല സംഘത്തിന്റെ സഹകരണത്തോടെ ഒരു ചാക്ക് അരിയും ഒരു വർഷത്തേക്കുള്ള മറ്റു സാധനങ്ങളും വീട്ടിലെത്തിച്ചു. തട്ടുപുരക്കൽ വുഡ് ഇൻഡസ്ട്രീസ്, പിടിഎ പ്രസിഡന്റ് എന്നിവർ ഓരോ കട്ടിലുകൾ നൽകി. കുട്ടികൾ ധനസമാഹരണം നടത്തി അലമാര വാങ്ങി. മാവേലിക്കര അശ്വതി സൈക്കിൾസ് ഉടമ മുരുകേശ് കണ്ണൻ ഒരു സൈക്കിളും നൽകി.

വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപയും പൊന്നാരംതോട്ടത്ത് പുതിയ വീടിനായി സ്ഥലവും നഗരസഭ അനുവദിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ ഇതെല്ലാം കാർത്തികയ്ക്ക് കൈമാറി. നഗരസഭാധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സതി കോമളൻ, പ്രഥമാധ്യാപകൻ ജയിംസ് പോൾ, പിടിഎ പ്രസിഡന്റ് ജി.അജിത്, അധ്യാപകൻ ജിജീഷ് കുമാർ, പിടിഎ പ്രതിനിധി ഷീജ എന്നിവർ പ്രസംഗിച്ചു. കാർത്തികയുടെ കുടുംബത്തിന് നിലവിൽ നൽകിയിട്ടുള്ള അടിസ്ഥാന-പ്രാഥമിക സൗകര്യങ്ങൾ കൂടാതെ കുടുംബത്തിന്റെ ഭാവികാര്യങ്ങളിലും നഗരസഭയുടെ സഹായവും പിന്തുണയുമുണ്ടാകുമെന്നു നഗരസഭാധ്യക്ഷ അറിയിച്ചു. ഗുവാഹത്തി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ.ദേവരാജപ്പണിക്കർ 21,000 രൂപയുടെ ചെക്ക് കാർത്തികയ്ക്ക് നൽകി. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama