go

ക‍‍ഞ്ഞിപ്പാടം–വൈശ്യംഭാഗം പാലം നാടിനു സമർപ്പിച്ചു

SHARE

അമ്പലപ്പുഴ ∙ കുട്ടനാട്ടുകാരുടെയും അമ്പലപ്പുഴക്കാരുടെയും നാളുകൾ നീണ്ട സ്വപ്നം ഇന്നലെ യാഥാർഥ്യമായി; ക‍‍ഞ്ഞിപ്പാടം – വൈശ്യംഭാഗം പാലം മുഖ്യമന്ത്രി പിണറായി വിജയൻ‌ നാടിനു സമർപ്പിച്ചു. തുറന്ന ജീപ്പിൽ‌ നാട്ടുകാരുടെ അകമ്പടിയോടെ മന്ത്രി ജി.സുധാകരൻ, തോമസ് ചാണ്ടി എംഎൽഎ എന്നിവരോടൊപ്പം പാലത്തിന്റെ മറുകര വരെ യാത്ര ചെയ്യാനും മുഖ്യമന്ത്രി തയാറായി. പാർട്ടി പ്രവർത്തകർ മുദ്രാവാക്യവുമായി ആവേശം ഉയർത്തിയപ്പോൾ നാടൻ പാട്ടുകളുമായി നാട്ടുകാരും ആവേശത്തിനൊപ്പം ചേർന്നു. 

പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് കുട്ടനാടാണെന്നും എസി റോഡിൽ ഉൾപ്പെടെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. എസി റോഡ് പുതുക്കി പണിയുകയാണ് ലക്ഷ്യം. വെള്ളം പൊങ്ങിയാലും തകരാത്ത റോഡാണ് നിർമിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും പിഡബ്ല്യുഡി വകുപ്പിന് കീഴിൽ മാത്രം 20000 കോടിയുടെ നിർമാണം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാലത്തിനു മുൻപും പാലം കഴിഞ്ഞുമുള്ള റോഡുകൾ മികച്ച നിലവാരത്തിലാണ് നിർമിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരളത്തിലാകെ 400 പാലങ്ങളാണ് നിർമിക്കുന്നത്. ജില്ലയിലെ 12 പാലങ്ങൾ പൂർത്തിയായി. പല പാലങ്ങളും അവസാനഘട്ടത്തിലാണ്.  പമ്പയാറിന്റെ കൈവഴിയായ പൂക്കൈതയാറിനു കുറുകെ 33.35 കോടി രൂപ ചെലവഴിച്ചാണ് പാലം യാഥാർഥ്യമാക്കിയത്.

പാലം തുറന്നതോടെ എസി റോഡിൽ‌ നിന്ന് ദേശീയപാതയിൽ എത്താനുള്ള ദൂരം 9 കിലോമീറ്റർ‌ ആയി കുറയും. 350 മീറ്റർ‌ നീളവും 11.23 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും ഒന്നര മീറ്റർ‌ നടപ്പാതയുമുണ്ട്. 2011 ഫെബ്രുവരിയിൽ മന്ത്രി ജി. സുധാകരനാണ് പാലത്തിനു ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാന കൺസ്ട്രക്‌ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല. 37 മീറ്റർ‌ വീതമുള്ള നാലും 26.56 മീറ്റർ‌ വീതിയുള്ള മൂന്നും അടക്കം 7 സ്പാനുകളാണ് പാലത്തിനുള്ളത്.

കൊടിക്കുന്നിൽ സുരേഷ് എംപി, തോമസ് ചാണ്ടി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിങ്, സ്വാഗത സംഘം ചെയർമാൻ എച്ച്.സലാം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.ചാക്കോ, അഫ്‌സത്ത്, ജി.വേണുലാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനു ഐസക് രാജു, എ.ആർ.കണ്ണൻ, ചീഫ് എൻജിനീയർ മനോമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama