go

‘വെളിച്ചം കെട്ട് ’ കായംകുളം ടൂറിസം പദ്ധതി

alappuzha news
കായംകുളം കായലോര ടൂറിസം പദ്ധതി പ്രദേശം ഇരുട്ടിലായപ്പോൾ.
SHARE

കായംകുളം ∙ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ കായംകുളം കായലോര ടൂറിസം പദ്ധതി ഇരുട്ടിൽ മറയുന്നു.   പദ്ധതി പ്രദേശത്ത് പോകണമെങ്കിൽ കയ്യിൽ വെളിച്ചം കരുതേണ്ട അവസ്ഥ. ഉദ്ഘാടനം നടത്തി തൊട്ടടുത്ത ദിവസം തന്നെ ഇരുളിൽ അമർന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് ഒട്ടേറെ പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും നടപടി ഉണ്ടായില്ല.  കഴിഞ്ഞ ഫെബ്രുവരി 25നാണ് മുഖ്യമന്ത്രി പദ്ധതി നാടിന് സമർപ്പിച്ചത്. 

അന്ന് വൈദ്യുത ദീപാലങ്കാരങ്ങളാൽ ആകർഷകമാക്കിയിരുന്ന പ്രദേശം അടുത്ത ദിവസം ഇരുട്ടിലായി.  പദ്ധതിയുടെ ഭാഗമായി വൈദ്യുതാലങ്കാരത്തിനും മറ്റും തുക അനുവദിച്ചിരുന്നെങ്കിലും ഇവ പൂർത്തിയാകാത്തതു മൂലമാണ് വെളിച്ചം ഇല്ലാത്ത അവസ്ഥ വന്നതെന്ന ആക്ഷേപവും ശക്തമാണ്.  ദൂരെ നിന്നു പോലും ഒട്ടേറെ സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ വൈകുന്നേരമാകുമ്പോഴേ സ്ഥലം വിട്ടുപോകേണ്ട സ്ഥിതിയാണ്. 

സാമൂഹിക വിരുദ്ധരുടെയും മയക്കു മരുന്ന് ലോബിയുടെയും താവളമായിരുന്നു ഇവിടം. ഇവർക്ക് ബെഞ്ചും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകിയ അവസ്ഥയായി ഇപ്പോൾ. പാർക്കിലും മറ്റും വൈകുന്നേരങ്ങളിലാണ് തിരക്ക് അനുഭവപ്പെടുന്നത് എന്ന ബോധ്യമുണ്ടായിട്ടും വെളിച്ചം ഒരുക്കാൻ തയാറാകാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

പ്രദേശത്ത് വൻ തോതിൽ മാലിന്യങ്ങൾ  തള്ളുന്നതു മൂലം മൂക്ക് പൊത്താതെ ഇവിടെ നിൽക്കാനാവാത്ത സ്ഥിതിയാണ്.  ഹൗസ് ബോട്ട് ടെർമിനൽ, ജലോത്സവം നടക്കുന്ന കായൽ തീരത്ത് സ്ഥിരം ഗാലറി, വിഐപി പവലിയൻ, വാട്ടർ പവലിയന് മേൽക്കൂര, കായലിന് തീര സംരക്ഷണ ഭിത്തി, പ്രാദേശികമായി പ്രത്യേകതയുള്ള സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ ഇന്റർപ്രട്ടേഷൻ കേന്ദ്രം, ഭക്ഷണശാല, വാണിജ്യ കേന്ദ്രങ്ങൾ, കായലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക്ക് വ്യൂ, കുട്ടികൾക്ക് പാർക്ക്, നീന്തൽക്കുളം, മത്സ്യകന്യകയുടെ ശിൽപം, വൈദ്യുതാലങ്കാരം തുടങ്ങി വിപുലമായ രീതിയിലാണ്  പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഇവയെല്ലാം തകിടം മറിയുന്ന അവസ്ഥയാണ്. 

ജലോത്സവം മുടങ്ങിയിട്ട് 4 വർഷം

സി.കെ.സദാശിവൻ എംഎൽഎ ആയിരുന്നപ്പോൾ ടൂറിസം വികസനത്തിനായി ആരംഭിച്ചതാണ് കായംകുളം ജലോത്സവം. ലക്ഷങ്ങൾ മുടക്കി പവലിയനും വാട്ടർ പവലിയനും ഇതിനായി നിർമിക്കുകയും ചെയ്തെങ്കിലും 4 വർഷമായി ഇപ്പോൾ ജലോത്സവം നടക്കുന്നില്ല. 

കൂടാതെ പദ്ധതി വിഹിതത്തിൽ നിന്ന് 3 കോടി രൂപ ഉപജലപാതയുടെ ആഴംകൂട്ടാൻ നീക്കി വച്ചെങ്കിലും ഇതും നടന്നിട്ടില്ല. അതിനാൽ ഹൗസ് ബോട്ടുകൾക്ക് പദ്ധതി കേന്ദ്രമായ കായംകുളം ബോട്ട് ജെട്ടിയിലേക്ക് സുഗമമായി കടന്നുവരാൻ കഴിയുന്നില്ല.  ഈ വർഷം വള്ളംകളി നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ആഴക്കുറവ് പ്രതിസന്ധിയാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama