go

പുതുക്കുളങ്ങര പള്ളിയോടം മലർത്തൽ കർമം ഇന്ന്

alappuzha news
നിർമാണം പുരോഗമിക്കുന്ന ഓതറ പുതുക്കുളങ്ങര പുത്തൻപള്ളിയോടം.
SHARE

ചെങ്ങന്നൂർ ∙ പ്രതിസന്ധികൾ തുഴ‍ഞ്ഞു കടന്നു നിർമാണം പൂർത്തിയായി വരുന്ന പുതുക്കുളങ്ങര പള്ളിയോടത്തിന്റെ മലർത്തൽ കർമം ഇന്ന് രാവിലെ 10നും 10.45 നും മധ്യേ പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ കൃഷ്ണവേണി മലർത്തൽ കർമം നിർവഹിക്കും. ശ്രീദുർഗാ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പുനരുജ്ജീവനത്തിന് ശേഷം വരട്ടാറിലേക്ക് ആദ്യം തുഴയെറിഞ്ഞ പള്ളിയോടം പുതുക്കുളങ്ങര ആയിരുന്നു. എന്നാൽ 2018 –ലെ പ്രളയത്തിൽ പള്ളിയോടത്തിനു സാരമായ കേടുപാടുണ്ടായി. പഴക്കം ചെന്ന പള്ളിയോടം മാറ്റി പുത്തൻ പള്ളിയോടം നിർമ്മിക്കാനുള്ള ശ്രമം 2017 –ൽ ആരംഭിച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല.

2017 ഫെബ്രുവരിയിൽ വൃക്ഷപൂജ നടത്തിയശേഷം തടി കൊണ്ടു വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ചു, 2018  ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് പുതുക്കുളങ്ങര പള്ളിയോടം ആറന്മുള മൈനർ ഇറിഗേഷൻ പമ്പ് ഹൗസിന് സമീപം 30 അടിയോളം ഉയരത്തിൽ കരയിൽ കുടുങ്ങി. ക്രെയിൻ ഉപയോഗിച്ച് നദിയിലിറക്കിയ പള്ളിയോടത്തിനു കേടുപാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും പുത്തൻ പള്ളിയോട നിർമ്മാണത്തിനുള്ള ഒരുക്കം തുടങ്ങിയത്. ഉളി കുത്തൽ കർമ്മം മാർച്ച് 22 ന് കരയിലെ മുതിർന്ന തച്ചനായ കുഴിയിനേത്ത് രാമചന്ദ്രൻ ആചാരി നിർവഹിച്ചിരുന്നു.  

ആറന്മുള പള്ളിയോടങ്ങളിൽ ബി ബാച്ച് പള്ളിയോടമായ പുതുക്കുളങ്ങരയ്ക്ക് ആറര മീറ്റർ അമരവും 30.5 മീറ്റർ നീളവും 1.86 മീറ്റർ ഉടമയുമുണ്ട്. 68 പേർക്ക് കയറാം. അയിരൂർ ചെല്ലപ്പൻ ആചാരിയുടെ മകൻ സന്തോഷ് ആചാരിയാണു മുഖ്യ ശിൽപി.    2010 –ലാണ് ചെന്നിത്തല കരയിൽ നിന്ന് പുതുക്കുളങ്ങര ശ്രീദുർഗ എൻഎസ്എസ് കരയോഗം പള്ളിയോടം വാങ്ങിയത്.വള്ളസദ്യക്കാലം അവസാനിക്കുന്ന ഒക്ടോബർ 6 ന് മുൻപ് പള്ളിയോടം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama