go

പഴുക്കാകളിയും പെണ്ണ് പിടിയും കുടം ഊത്തും: ഓണാട്ടുകരക്കളികൾ

alappuzha news
ഓണക്കാലത്തെ തുമ്പി തുള്ളൽ (ഫയൽ ചിത്രം)
SHARE

മാവേലിക്കര ∙ ‘ഓണത്തിന് പെണ്ണ് പിടിയുണ്ടോ?’ എന്ന് ഓണാട്ടുകരയിലെ മുതിർന്നവർ ചോദിച്ചാൽ ഞെട്ടേണ്ട. പണ്ട് കാലത്തു തിരുവോണ സദ്യയും കഴിഞ്ഞു വീട്ടമ്മമാർ ഒത്തു കൂടി നടത്തിയിരുന്നൊരു ഓണക്കളിയാണ് പെണ്ണ് പിടി. ഒരു തണുങ്ങിന് ഇരു വശത്തും വീട്ടിമ്മമാർ രണ്ടു വിഭാഗമായി തിരിഞ്ഞ് ഒരു വിഭാഗം പെണ്ണ് ചോദിച്ചെത്തുന്ന ചെറുക്കൻ വീട്ടുകാരായും മറുവശത്ത് പെണ്ണ് വീട്ടുകാരായും ചമഞ്ഞു പാടിയാണ് പെണ്ണ് പിടി കളിച്ചിരുന്നത്.

"അശകുശലേ പെണ്ണുണ്ടോ ? ചെറു കോശാലം പെണ്ണുണ്ടോ ? സ്വാമി രണ്ടിലും പെണ്ണുണ്ടോ ? സംസ്താ വീട്ടിലെ മാപ്പിളയ്ക്ക്". എന്ന ചോദ്യത്തിനു എതിർ വിഭാഗം താളത്തിൽ തിരിച്ചു പാടും "അശകുശലേ പെണ്ണില്ല, ചെറു കോശാലം പെണ്ണില്ല, സ്വാമി രണ്ടിലും പെണ്ണില്ല, സംസ്താ വീട്ടിലെ മാപ്പിളയ്ക്ക്". അപ്പോഴേക്കും അടുത്ത ചോദ്യമെത്തും "ഒരു കുടുക്ക പൊന്നുതരാം, പെണ്ണിനെ തരുമോ തോഴിമാരേ ? ചടുലതയോടെ മറുപടിയായി "ഒരു കുടുക്ക പൊന്നു വേണ്ട, പെണ്ണിനെ തരില്ല മാപ്പിളയ്ക്ക്" എന്നു പാടും. 

ഓണാട്ടുകരയിൽ ഓണക്കാലത്ത് കളികൾ ഏറെയാണ്. പഴുക്കാകളി, തിരുവാതിര, തുമ്പി തുള്ളൽ, കുടം ഊത്ത് എന്നിവ സ്ത്രീകളുടെ പ്രധാന ഓണക്കാല വിനോദങ്ങളായിരുന്നു.  ഉത്രാടത്തിനു ആരംഭിക്കുന്ന സദ്യവട്ട തിരക്കുകൾ തിരുവോണ നാളിലെ സദ്യ കഴിയുന്നതോടെ അൽപം കുറയും. പിന്നെ വീട്ടുമുറ്റത്തു സംഘടിച്ച് ഓണക്കളികൾ. തിരുവാതിരകളി കഴിഞ്ഞു ക്ഷീണം മാറ്റാൻ ഇരിക്കുമ്പോഴാണ് പഴുക്കാകളി.

 ‘അവർ കയ്യിലേ, ഇവർ കയ്യിലേ മാണിക്യ ചെമ്പഴുക്കാ’ എന്ന പാട്ട് പഴുക്കാകളിയിൽ നിറയുമ്പോൾ കുടം ഊത്ത് എന്ന കളിയിൽ ‘കുടം ഊതടി കുടം ഊതടി കുറത്തിപ്പെണ്ണേ, നിന്റെ കുടത്തിന്റെ വില ശൊല്ലടി’ എന്ന ഈരടിയായി. ഓണാട്ടുകരയിൽ ഇപ്പോഴും പലയിടത്തും ഇത്തരം കളികൾ കാണാം. ചെട്ടികുളങ്ങര ഈരേഴ വടക്ക് 996–ാം നമ്പർ എൻഎസ്എസ് കരയോഗത്തിൽ വനിതാസമാജം, ബാലസമാജം എന്നിവയുടെ നേതൃത്വത്തിൽ 14നു 2നു പഴുക്കാകളി, തുമ്പിതുള്ളൽ, പെണ്ണ്പിടി, കോലടി തുടങ്ങിയ ഓണക്കളികൾ അരങ്ങേറും. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama