go

വാഗ്‌ദാനങ്ങളിൽ ‘മുങ്ങി’ കുട്ടനാട് മണ്ണിൽ തൊടാതെ പദ്ധതികൾ

alappuzha news
മഴ മാറിയിട്ടും വെള്ളക്കെട്ട് മാറാതെ കിടങ്ങറ–മുട്ടാർ റോഡ്. കുമരംചിറ സെന്റ് തോമസ് പള്ളിക്കു മുൻവശത്തു നിന്നുള്ള കാഴ്ച. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ പ്രളയത്തെക്കാൾ വേഗത്തിലായിരുന്നു പ്രഖ്യാപനങ്ങളുടെ വരവ്. പക്ഷേ, വെള്ളം ഒഴിയാൻ മടിച്ചതു പോലെ കുട്ടനാടിന്റെ മണ്ണിലിറങ്ങാൻ പദ്ധതികളും മടിച്ചു. അധികാരികളുടെ സന്ദർശനത്തിനു കുറവില്ലായിരുന്നു. കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നു മാത്രം. പാക്കേജ് മുതൽ പമ്പിങ് വരെ വൈകിയോടുന്ന പദ്ധതികൾ പലതും മുങ്ങിയും മുടങ്ങിയും ഈ നാടിനെ വെല്ലുവിളിക്കുകയാണ്. അപ്പോഴും നെല്ലറയെന്നും സുന്ദരിയെന്നുമുള്ള വാഴ്ത്തലിനു കുറവില്ല.

പതിറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയതാണു കുട്ടനാടിനായുള്ള പദ്ധതികൾ തയാറാക്കൽ. ഒന്നും പൂർണമായി നടപ്പായില്ല. ഓരോ വെള്ളപ്പൊക്കത്തിനും മീതേ വാഗ്ദാനങ്ങളുടെ ചെറുവള്ളങ്ങൾ വരുന്നു, സഞ്ചാരികളെപ്പോലെ മടങ്ങുന്നു. ജനങ്ങൾ സ്വന്തം ജീവിതരക്ഷയ്ക്കായി പിന്നെയും കട്ട കുത്തുന്നു. ഇത്തവണയും വെള്ളപ്പൊക്കമുണ്ടായിട്ടും ഒരു യോഗം വിളിച്ചു കുട്ടനാടിന്റെ പ്രശ്നങ്ങൾ അന്വേഷിക്കാൻ പോലും അധികാരികൾക്കു നേരം കിട്ടിയില്ല. മടവീഴ്ച കഴിഞ്ഞു, വെള്ളമൊഴിഞ്ഞു. ഇനിയൊന്നും പ്രതീക്ഷിക്കുകയും വേണ്ട എന്നു കുട്ടനാട്ടുകാർക്കറിയാം.

വാഗ്ദാനച്ചിറ  തകർന്നു

കഴിഞ്ഞ വർഷം പ്രളയ കാലത്തു കുട്ടനാട്ടിൽ പലതവണ എത്തിയ മന്ത്രിമാർ പറഞ്ഞതു തകർന്ന ബണ്ടുകൾ മുഴുവൻ പുനർനിർമിക്കുമെന്നാണ്. അതു കേട്ടു കൃഷി ഉദ്യോഗസ്ഥർ പാടശേഖരങ്ങൾ സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി. സഹായം പിന്നീടു കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ സ്വയം ലക്ഷങ്ങൾ മുടക്കി മട കെട്ടി. പക്ഷേ, ഏതാനും പാടശേഖരങ്ങൾക്കായി 6.9 ലക്ഷം രൂപ മാത്രമാണു മുൻകൂർ ലഭിച്ചത്. ഇത്തവണ ഇറക്കിയ കൃഷിയും മട പൊട്ടി വെള്ളത്തിലായി. മന്ത്രിമാരുടെ സന്ദർശനങ്ങൾ വീണ്ടും സംഭവിച്ചു. വാഗ്ദാനങ്ങൾ വന്നു. മടവീഴ്ചയ്ക്കൊരു സ്ഥിരം പരിഹാരമെന്ന അലമുറ ഇത്തവണയും ആരും കേട്ടില്ല.

 ഇൻഷുറൻസിന്റെ ഷോക്ക്

വിള ഇൻഷുറൻസ് കൊണ്ടു പ്രയോജനമില്ല, മുൻപുണ്ടായിരുന്ന സൗജന്യ വൈദ്യുതി കിട്ടുന്നുമില്ല എന്ന ഇരട്ട ഷോക്കാണു നേരിടുന്നതെന്നു കർഷകർ. ഹെക്ടറിന് 250 രൂപ പ്രീമിയം വാങ്ങി നെൽക്കൃഷി ഇൻഷുർ ചെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ 35,000 രൂപയാണു വാഗ്ദാനം. പക്ഷേ, ഇത്തവണത്തെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കിട്ടിയില്ലെന്നു കർഷകർ.

പതിറ്റാണ്ടുകൾക്കു മുൻപ് ഇ.ജോൺ ജേക്കബ് മന്ത്രിയായിരിക്കുമ്പോൾ പാടത്തെ വെള്ളം വറ്റിക്കാനുള്ള വൈദ്യുതി ചാർജ് സൗജന്യമാക്കിയിരുന്നു. അതും ഇപ്പോഴില്ല. പമ്പിങ് സബ്സിഡി നൽകുമ്പോൾ അതിൽനിന്നു വൈദ്യുതി ചാർജ് ഈടാക്കുന്നുണ്ട്. 10 എച്ച്പി മുതൽ 25 എച്ച്പി വരെയുള്ള മോട്ടർ പ്രവർത്തിപ്പിക്കാൻ 4,800 രൂപ വൈദ്യുതി ഓഫിസിൽ കെട്ടിവയ്ക്കുകയും വേണം.

പാക്കേജ് പാക്കപ്പ് ആയോ?

കുട്ടനാടിന്റെ രക്ഷയ്ക്കായി ആരംഭിച്ച കുട്ടനാട് പാക്കേജ് ആദ്യ ഘട്ടത്തിൽ നിലച്ചിട്ടു വർഷങ്ങളായി. രണ്ടാംഘട്ടം വരുമെന്നാണ് ഇപ്പോൾ പറയുന്നത്. കുട്ടനാടിനോടുള്ള അധികൃതരുടെ താൽപര്യം ഇത്തരത്തിലാണെങ്കിൽ അതു വന്നിട്ടും കാര്യമില്ലെന്നു നാട്ടുകാർ പറയുന്നു. രണ്ടാം പാക്കേജിന് 1,000 കോടി രൂപയാണ് അനുവദിച്ചത്. പക്ഷേ, നടപടിയൊന്നും തുടങ്ങിയില്ല.

 ഇനിയുമുണ്ട്  പ്രഖ്യാപനങ്ങൾ

ജലാശയങ്ങളിൽ നിന്നു മണ്ണും മാലിന്യങ്ങളും നീക്കി നീരൊഴുക്കു കൂട്ടുമെന്നായിരുന്നു ഒന്ന്. ഇങ്ങനെ കിട്ടുന്ന മണ്ണ് പുറംബണ്ടുകൾ ബലപ്പെടുത്താൻ ഉപയോഗിക്കുമെന്നൊരു അനുബന്ധവും. എല്ലാം ഒലിച്ചു പോയി. കുട്ടനാട്ടിൽനിന്നു വെള്ളമിറങ്ങാൻ ഇപ്പോഴും സമയമെടുക്കുന്നു. മട വീണും മട കവിഞ്ഞും പാടങ്ങളിൽ വെള്ളം കയറുന്നു. മഹാപ്രളയത്തിൽ കൃഷിനാശമുണ്ടായ പാടശേഖരങ്ങളിലെ മട ഉറപ്പിക്കാനും സഹായ വാഗ്ദാനമുണ്ടായിരുന്നു. പലർക്കും മുൻകൂർ ലഭിച്ച 20% തുക മാത്രമേ കിട്ടിയുള്ളൂ.

ഒരു വർഷം കഴിഞ്ഞിട്ടും തുക മുഴുവൻ കൊടുത്തു തീർത്തിട്ടില്ല. എസി കനാൽ തുറക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് വന്ന കാലം മുതൽ കുട്ടനാട്ടുകാർ കേൾക്കുന്നു. മുൻ സർക്കാരിന്റെ അവസാന കാലത്തു ജലസേചന വകുപ്പ് അളവു നടത്തിയെങ്കിലും പിന്നെയൊന്നും നടന്നില്ല. കനാൽ 2 ഘട്ടമായെങ്കിലും തുറന്നാൽ മുട്ടാർ, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ രൂക്ഷമായ വെള്ളപ്പൊക്കം ഒഴിവാക്കാം.

ഇപ്പോൾ ഒന്നാംകര വരെ കനാൽ തുറന്നു കിടക്കുകയാണ്. ആദ്യഘട്ടത്തിൽ നെടുമുടി വരെയും രണ്ടാം ഘട്ടത്തിൽ പള്ളാത്തുരുത്തി വരെയും തുറക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. മഹാ പ്രളയത്തിൽ നഷ്ടം നേരിട്ട നെൽക്കർഷകർക്കു മാത്രമാണു കുറച്ചെങ്കിലും സഹായം ലഭിച്ചത്. തെങ്ങ്, വാഴ, പച്ചക്കറി, മത്സ്യം, താറാവ് തുടങ്ങിയ മേഖലകളിൽ സഹായം കിട്ടാത്ത ഒട്ടേറെപ്പേരുണ്ട്.

പുഞ്ചയൊരുങ്ങുന്നു, ഇനിയെങ്കിലും...?

പുതിയ പുഞ്ചക്കൃഷിക്കായി കുട്ടനാട് വീണ്ടും ഒരുങ്ങുകയാണ്. മിക്ക പാടശേഖരങ്ങളിലെയും പമ്പിങ് ലേലം പൂർത്തിയായി. സമയത്തു വിത്തും വളവും കക്കയും കിട്ടിയാൽ മുൻ വർഷങ്ങളിലെ പ്രയാസങ്ങളിൽ നിന്നു കർഷകർക്ക് ആശ്വാസമാകും. ഒക്ടോബർ പകുതി മുതൽ നവംബർ വരെയാണു വിത.

മേന്മയുള്ള വിത്തു കിട്ടിയാലേ സമയത്തു കൃഷിയിറക്കാനാവൂ. പ്രളയശേഷം പാടങ്ങളിൽ അമ്ലത്വം കൂടുതലായതിനാൽ വെള്ളം വറ്റിച്ചു നിലം ഉഴുതു മറിക്കുന്നതിനു മുൻപു കക്കയോ ഡോളോമെറ്റോ വിതറണം. അത് ഈ മാസം നടത്തേണ്ടതാണ്. കൃഷി വകുപ്പിനും ഇതറിയാം. ഉണർന്നാൽ മതി. ഓരുബണ്ടുകൾ നിർമിച്ച് ഉപ്പുവെള്ള ഭീഷണി ഒഴിവാക്കുകയും വേണം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama