go

അപരാജിതനായ നിർമാതാവ്

alappuzha news
കെ.സി.ജോയ് നടി ശ്രീവിദ്യയ്ക്ക് ഒപ്പം (ഫയൽ ചിത്രം)
SHARE

ആലപ്പുഴ ∙ ‘സിനിമയിൽ നിന്നു നേട്ടമേ ഉണ്ടായിട്ടുള്ളൂ; നിർമിച്ച 8 സിനിമയും സാമ്പത്തികമായി ലാഭമായി. വീണ്ടും സിനിമയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നിർമാണച്ചെലവു വർധിച്ചതോടെ സാധാരണ നിർമാതാക്കളിൽ നിന്നു സിനിമ അകന്നു പോകുകയായിരുന്നു–’ മരണത്തിനു 3 ദിവസം മുൻപ് ആലപ്പുഴ തത്തംപള്ളി ബിന്ദു നിവാസിൽ രോഗക്കിടക്കയിൽ ചാരിയിരുന്ന് കെ.സി.ജോയ് പറഞ്ഞു. മലയാളത്തിൽ 8 സൂപ്പർ ഹിറ്റ് സിനിമകൾ നിർമിക്കുകയും എം.ടി.വാസുദേവൻ‍ നായർ – ഹരിഹരൻ എന്ന തിരക്കഥ – സംവിധായക ജോടിയെ കണ്ടെത്തി മലയാള സിനിമയ്ക്കു സംഭാവന ചെയ്യുകയും ചെയ്ത കെ.സി.ജോയ് എന്ന പരാജയമറിയാത്ത നിർമാതാവിന്റെ അവസാനത്തെ അഭിമുഖ സംഭാഷണമായിരുന്നു അത്.

സ്റ്റെനോഗ്രാഫറിൽ നിന്ന്  നിർമാതാവിലേക്ക്

കുട്ടനാട്ടിലെ കൈനകരിയിൽ നിന്ന് ആലപ്പുഴയിൽ താമസമാക്കിയ ജോയ് പുന്നപ്ര കാർമൽ പോളിടെക്നിക് കോളജിലെ ഒരു സാധാരണ സ്റ്റെനോഗ്രാഫർ മാത്രമായിരുന്നു; 1973 വരെ.  ആ വർഷം സുഹൃത്തുക്കളെക്കൂടി കൂട്ടി പ്രിയദർശിനി കംബൈൻസിന്റെ ബാനറിൽ ആദ്യ സിനിമയെടുത്തു– ‘യാമിനി’. സിനിമ കഷ്ടിച്ചു ലാഭത്തിലെത്തി. ‘കാർമൽ പോളിടെക്നിക്കിലെ സഹപ്രവർത്തകൻ സി.ദാസ് അടുത്ത നിർമാണ സംരംഭത്തിൽ ഒപ്പംകൂടി.സൂര്യവംശം നിർമിച്ചു. ഇവൻ എന്റെ പ്രിയപുത്രൻ മുതലാണ് ഹരിഹരനുമായി സൗഹൃദത്തിലായത്. ആ സിനിമ സ്വന്തമായി നിർമിച്ചതോടെ നിർമാണക്കമ്പനിയുടെ പേര് പ്രിയദർശിനി മൂവീസ് എന്നായി. – കെ.സി.ജോയ് പറഞ്ഞു.

എം.ടി – ഹരിഹരൻ കൂട്ടുകെട്ട്

‘1978 ൽ എം.ടി.വാസുദേവൻ നായർ ഒരു തിരക്കഥ തന്നു. സംവിധായകനായി ഹരിഹരന്റെ പേര് എംടി അംഗീകരിച്ചു.   അങ്ങനെയാണ് ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ ജനിച്ചത്. എംടി– ഹരിഹരൻ കൂട്ട‍ുകെട്ടിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയും ഞാൻ നിർമിച്ചു. എംടി സംവിധാനം ചെയ്ത് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘വാരിക്കുഴി’ നിർമിച്ചതും ഞാൻ തന്നെ.’ 1983 ൽ അവസാന സിനിമ നിർമിച്ച് ജോയ് ഈ രംഗംവിട്ടു.

ഹിറ്റുകളുടെ  ഭാരമില്ലാത്ത  ബസ് യാത്ര

സൂപ്പർഹിറ്റുകൾ ഉൾപ്പെടെ 8 സിനിമകൾ നിർമിച്ചപ്പോഴും ജോയ് പുന്നപ്ര കാർമൽ പോളിടെക്നിക് കോളജിലെ ജോലി ഉപേക്ഷിച്ചില്ല. സ്വന്തമായി കാറും ഡ്രൈവറും ഉണ്ടായിരുന്നെങ്കിലും കോളജിൽ പോകുമ്പോൾ ബസിൽ കയറി സാധാരണക്കാരനായി ജോലിക്കു പോകും. ‘സിനിമയിലെ ആഡംബരങ്ങളൊന്നും ജീവിതത്തിനെ സ്വാധീനിച്ചില്ല. ’ ജോയ് പറഞ്ഞു നിർത്തി. ആ സന്തോഷത്തോടെ തന്നെ അദ്ദേഹം ജീവിതത്തോടും വിടപറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama