go

കോട്ടേമുറി ശുദ്ധജലപദ്ധതിക്ക് ശാപമോക്ഷ വഴി തുറക്കുന്നു

alappuzha news
തൃക്കുന്നപ്പുഴ കോട്ടേമുറിയിൽ തകരാറിലായ കുഴൽക്കിണർ.
SHARE

തൃക്കുന്നപ്പുഴ∙ കോട്ടേമുറിയിലെ പ്രവർത്തനക്ഷമമാക്കാൻ കഴിയാതെ വന്ന ശുദ്ധജലവിതരണ പദ്ധതിക്കു മഴക്കാലം കഴിയുന്നതോടെ ശാപമോക്ഷം ലഭിച്ചേക്കും.  കുഴൽക്കണറിന്റെ തകരാർ മാറ്റാമെന്നു ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചു.  തൃക്കുന്നപ്പുഴ പഞ്ചായത്ത് അനുവദിച്ച ആറര ലക്ഷം രൂപ വിനിയോഗിച്ച് കടൽത്തീരത്ത് 2 വർഷം മുൻപായിരുന്നു ഭൂഗർഭ ജലവകുപ്പ് കുഴൽക്കിണർ സ്ഥാപിച്ചത്. എന്നാൽ പമ്പ് ഹൗസ് സ്ഥാപിക്കാതിരുന്നതിനാൽ ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് അനുവദിച്ച എട്ടര ലക്ഷം രൂപ വിനിയോഗിച്ചു രണ്ടര മാസം മുൻപു പമ്പ് ഹൗസും സ്ഥാപിച്ചു. 

തുടർന്ന് ഇവിടെ നിന്നു ജലവിതരണം ആരംഭിക്കുന്നതിനായി കുഴൽക്കിണറിൽ കുഴലുകളും മോട്ടറും സ്ഥാപിക്കാൻ ജല അതോറിറ്റി ശ്രമിച്ചെങ്കിലും ശ്രമിച്ചെങ്കിലും കുഴൽക്കിണറിനു ചരിവു സംഭവിക്കുകയും വളവുകൾ ഉണ്ടാവുകയും ചെയ്തതിനാൽ കുഴലുകൾ ഇറക്കാൻ കഴിഞ്ഞില്ല. ഇതോടെ ജല അതോറിറ്റി ജോലികൾ നിർത്തി കൈയൊഴിഞ്ഞു.

കുഴൽക്കിണർ സ്ഥാപിച്ചതു ഭൂഗർഭ ജലവകുപ്പാണെന്നതിനാൽ ശരിയാക്കി നൽകിയാൽ പമ്പിങ് ആരംഭിക്കാമെന്നായിരുന്നു ജല അതോറിറ്റിയുടെ നിലപാട്.  എന്നാൽ പഞ്ചായത്ത് അധികൃതർ ബന്ധപ്പെട്ടപ്പോൾ ഭൂഗർഭ ജല വകുപ്പ് തയാറായില്ല. തുടർന്നു സർക്കാർ ഇടപെടലിനെത്തുടർന്നാണു തകരാർ മാറ്റാമെന്നു സമ്മതിച്ചത്.  മഴക്കാലത്തും കോട്ടേമുറി ഭാഗത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. എത്രയും വേഗം പദ്ധതി പ്രവർത്തനക്ഷമമാക്കി ജലവിതരണം ആരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

അറ്റകുറ്റപ്പണി ഇങ്ങനെ

കുഴൽക്കിണറിനോട് ചേർന്ന് നാലോ അഞ്ചോ മീറ്റർ ആഴത്തിൽ കുഴിയെടുത്ത ശേഷം അത്രയും ഭാഗം മുറിച്ചു മാറ്റി പുതിയ കുഴൽ കൂട്ടിച്ചേർക്കാനാണു പദ്ധതി. ഇതിനായി കുഴൽക്കണറിനു സമീപം കുഴിയെടുക്കുമ്പോൾ മഴ മൂലം കുഴിയിൽ വെള്ളം നിറയാതിരിക്കുന്നതിനാലാണു  ജോലി നടപ്പാക്കുന്നതിനു മഴക്കാലം കഴിയണമെന്നു പറയുന്നത്.  മുറിച്ച് മാറ്റുന്ന ഭാഗത്തിനു താഴെ തുടർന്നും വളവുകൾ ഉണ്ടെങ്കിൽ കുഴൽക്കിണർ ഉപേക്ഷിക്കേണ്ടി വരും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama