go

അതിജീവനത്തിന്റെ കരുത്തിൽ കുട്ടനാട്ടിൽ ഓണാഘോഷം

alappuzha-onam-message
ഉത്രാടകാഴ്ചയുമായുള്ള മങ്കൊമ്പ് ഗ്രാമത്തിന്റെ തോണി നെടുമുടി നസ്രത്ത് പള്ളിയിൽ എത്തിച്ചേർന്നപ്പോൾ സെന്റ് ജെറോംസ് പള്ളി വികാരി ഫാ. തോമസ് കൊച്ചളേച്ചംകളം ഓണ സന്ദേശം നൽകുന്നു.
SHARE

കുട്ടനാട് ∙ പ്രളയത്തെ തോൽപിച്ച ഉൾക്കരുത്തുമായി കുട്ടനാടൻ ജനത ഓണത്തെ വരവേൽക്കാൻ ഒരുങ്ങി. മഹാ പ്രളയത്തിൽ ദുരിതാശ്വാസ ക്യാംപുകളിൽ ആഘോഷിച്ച ഓണം ഇത്തവണ നാട്ടിൽത്തന്നെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉത്രാട ദിനമായ ഇന്നലെ ചെറുവള്ളംകളിയും പുലികളിയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ച് ക്ലബ്ബുകളും നാട്ടുകാരും രംഗത്ത് എത്തി.

കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായ കനകാശേരി പാടശേഖരത്തിനും സമീപത്തെ മീനപ്പള്ളി, വലിയകരി പാടശേഖരങ്ങളുടെ പുറംബണ്ടിലും ഉള്ളിലുമായി താമസിക്കുന്ന ഒട്ടേറെ വീടുകളിൽ വെള്ളം കയറിയെങ്കിലും ഇത്തവണത്തെ ഓണം സ്വന്തം വീടുകളിൽ തന്നെ ആഘോഷിക്കാനുള്ള തയാറെടുപ്പിൽ ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കിയിട്ടും ബുദ്ധിമുട്ടുകൾ സഹിച്ചും വീടുകളിൽ തന്നെ കഴിഞ്ഞു കൂടാൻ തീരുമാനിച്ചിരിക്കുകയാണ്.

ഉത്രാടക്കാഴ്ച

മങ്കൊമ്പ് ഗ്രാമത്തിൽ ഒരുക്കിയ ഉത്രാടക്കാഴ്ച മതസൗഹാർദം വിളിച്ചോതി. മങ്കൊമ്പ് ഭഗവതി ക്ഷേത്രം മേൽശാന്തി കുളങ്ങര ഇല്ലത്ത് വിഷ്ണുവാമനൻ നമ്പൂതിരിയാണു ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. തുടർന്ന് ഉത്രാടക്കാഴ്ചയുമായുള്ള തോണി നെടുമുടി നസ്രത്ത് പളളിയിലേക്കു പുറപ്പെട്ടു. വികാരി ഫാ. തോമസ് കൊച്ചളേച്ചംകളവും ട്രസ്റ്റി ചാക്കപ്പൻ മണിമലത്തറയും ചേർന്നു തോണിയെ സ്വീകരിച്ചു. തുടർന്ന് ഓണ സന്ദേശം നൽകി തോണിയെ യാത്രയാക്കി. മിഷൻലീഗ് പ്രവർത്തകരും ഒപ്പം ചേർന്നു. 

ഉത്രാടക്കാഴ്ചയായി ഒരുക്കിയ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമടങ്ങിയ കുട്ട പൊന്നമ്മയ്ക്കു നൽകി ആഘോഷപരിപാടികൾ ആരംഭിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ചെറുവള്ളംകളി ചലച്ചിത്ര ഗാനരചയിതാവ് ബിയാർ പ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ.വിമൽകുമാർ മംഗലത്ത്, ചാൾസ് മാത്യു കടപ്പാലിത്ര, സലിംകുമാർ കൊച്ചുപുത്തൻപറമ്പ്, വിക്രമൻ പ്രണവം, രവി ഒറ്റപ്പുരയ്ക്കൽ, ശ്രീകുമാർ ചിത്രാഞ്ജലി, സന്തോഷ് കുന്നുതറ, ജയരാജ് ഇളവുംപാക്കൽചിറ, സാബു കൊല്ലന്ത്ര തുടങ്ങിയവർ പ്രസംഗിച്ചു.

ചെറു വള്ളംകളി

തായങ്കരിയിൽ നടന്ന ചെറു വള്ളംകളി ജെസ്റ്റിൽ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ഐക്കര, സുബിൻ ബാബു, അജയ് ജയിൻ, എബിൻ ബാബു, ജിജോ തോമസ്, ടിറ്റോ തോമസ്, ജിഷ്ണു, ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. ബിനീഷ് തോമസ്‌ സമ്മാനദാനം നിർവഹിച്ചു.

ഓണാഘോഷം

എടത്വ ∙ ടൗൺ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം, കുടുംബ സംഗമം എന്നിവ 15 ന് നാലിന് കനറാ ബാങ്കിനു സമീപം നടക്കും. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഈപ്പൻ കെ. ഈപ്പൻ അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.

കുട്ടനാട് ∙ കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 24-ാമതു വാർഷികവും ഓണോത്സവവും നാളെ ആരംഭിക്കും. രാവിലെ 10.45ന് പതാക ഉയർത്തൽ, 11നു പൂവിടൽ മത്സരം, 6നു പുലികളി, നൃത്തമത്സരങ്ങൾ. 13നു രാവിലെ 9.30നു കലാമത്സരങ്ങൾ, 4.30നു സ്‌നേഹാദരം 2019- സാംസ്‌കാരിക സമ്മേളനം ജില്ലാ ജഡ്ജി എ.ബദറുദ്ദീൻ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും. രാത്രി 7.30നു വരമൊഴി-അതിവേഗ കാർട്ടൂൺ വിസ്മയം, 8ന് ഓണം മെഗാഷോ.  

ഓണക്കിറ്റ് 

എടത്വ ∙ സാംബവ മഹാസഭ എടത്വ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ശാഖ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണവും പഠനോപകരണ വിതരണവും നടന്നു. യൂണിയൻ ട്രഷറർ സി.കെ. സുമ ഉദ്ഘാടനം ചെയ്തു.ഗ്രാമ പ‍ഞ്ചായത്ത് അംഗം ശ്യാമളാരാജനെ ആദരിച്ചു. ശാഖ പ്രസിഡന്റ് കെ. പുരുഷോത്തമൻ, യൂണിയൻ സെക്രട്ടറി ജി.കെ പാർഥൻ, ലേഖ മോഹനൻ എന്നിവർ പ്രസംഗിച്ചു

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama