go

കൃഷി ചെയ്യാൻ കരഭൂമി വേണമെന്നില്ല, വെള്ളക്കെട്ടിലും പൊന്നുവിളയും

alappuzha-udayakumar
ഉദയകുമാർ വെള്ളത്തിലെ പന്തലിൽ നിന്നും പാവൽ വിളവെടുപ്പ് നടത്തുന്നു. കാർത്തികപ്പള്ളി കൃഷി ഓഫിസർ ആർ. സുനിൽകുമാർ സമീപം.
SHARE

ഹരിപ്പാട് ∙ കർഷകനായ ഉദയകുമാറിന് പച്ചക്കറി കൃഷി ചെയ്യാൻ കരഭൂമി വേണമെന്നില്ല. വെള്ളക്കെട്ടിലും കൃഷിചെയ്ത് പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാർത്തികപ്പള്ളി മഹാദേവികാട് പുത്തൻവീട്ടിൽ ഉദയകുമാർ (52).  പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനായ ഉദയകുമാറിന് സ്വന്തമായുള്ള ഭൂമിയിൽ കര പ്രദേശം കുറവാണ്. അധികവും ചെറു തോടുകളാണ്. എന്നാൽ കൃഷിയെ സ്നേഹിക്കുന്ന ഉദയകുമാറിന്റെ പച്ചക്കറി കൃഷിക്ക് വെള്ളക്കെട്ട് പ്രശ്നമായില്ല.

ആരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഉദയകുമാറിന്റെ വെള്ളത്തിലെ കൃഷി.  ചെടിയുടെ ചുവട് ഭാഗം കരയിൽ നിർത്തി തോട്ടിലേക്ക് പന്തലിട്ട് കൃഷിചെയ്യുന്ന രീതിയാണ് വർഷങ്ങളായി ഉദയകുമാർ സ്വീകരിച്ചു വരുന്നത്. പാവൽ, പടവലം പോലുള്ള പടർന്ന് വളരുന്ന കൃഷിക്ക് ഏറ്റവും നല്ലത് വെള്ളത്തിലെ കൃഷിയാണെന്നാണ് ഉദയകുമാറിന്റെ അനുഭവ സാക്ഷ്യം. വിളവെടുക്കാനുള്ള സൗകര്യമാണ് അതിൽ ഒന്നാമത്തത്. തെർമോകോൾ വള്ളത്തിൽ തുഴഞ്ഞ് പോയാണ് വിളവെടുപ്പ്. വള്ളത്തിൽ ഇരുന്ന് കൊണ്ട് തന്നെ വിളവെടുപ്പ് നടത്താം. 

കരയിൽ കൃഷിചെയ്യുമ്പോൾ പന്തലിന്റെ അടിയിൽ പുല്ല് വളർന്ന് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വെള്ളത്തിലെ കൃഷിക്ക് അങ്ങനെയൊരു പ്രശ്നമില്ല. പുല്ല് വെട്ടുന്ന ചെലവ് ലാഭിക്കാം. കൂടാതെ വെള്ളത്തിന് മുകളിൽ പന്തലിട്ടുള്ള കൃഷിക്ക് കീടബാധ കുറവാണെന്നും പറയുന്നു.  ഈ ഓണക്കാലത്ത് 700 കിലോയിലധികം പാവയ്ക്കയാണ് വിവിധ കൃഷിഭവനുകളിലെ ഓണചന്തകളിലും ഇക്കോ ഷോപ്പുകളിലുമായി ഉദയകുമാർ നൽകിയത്.

50 സെന്റ് സ്ഥലത്തോളം വെള്ളക്കെട്ടിൽ ഉദയകുമാർ പന്തലിട്ടിട്ടുണ്ട്. വർഷത്തിൽ ഏറെ മാസവും തോട്ടിൽ ഓരുവെള്ളമാണുള്ളത്. നല്ല വെള്ളം ലഭിക്കുന്ന കാലവർഷ സമയത്താണ് ഉദയകുമാർ വെള്ളത്തിലെ കൃഷി ആരംഭിക്കുന്നത്. സ്ഥിരം പന്തൽ സ്ഥാപിച്ച് വെള്ളത്തിലെ കൃഷി വിപുലപ്പെടുത്താനാണ് ഉദയന്റെ തീരുമാനം. 

സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും ജൈവ കൃഷിരീതി അവലംബിച്ച് 5 ഏക്കറോളം സ്ഥലത്ത് പാവൽ, പടവലം, മുളക്, ചീര, വാഴ, പപ്പായ, പയർ, തക്കാളി തുടങ്ങിയ കൃഷികൾ സീസണനുസരിച്ച്  ഉദയകുമാർ ചെയ്യുന്നുണ്ട്. കൃഷിയിൽ തന്റേതായ പരീക്ഷണങ്ങളും ഉദയകുമാർ നടത്താറുണ്ട്. വൈദ്യുതി കണക്ഷൻ കിട്ടാൻ പ്രയാസമുള്ള സ്ഥലത്ത് ബൈക്കിൽ മോട്ടോർ ഘടിപ്പിച്ച് കുഴൽ കിണറിൽ നിന്ന് ജലസേചനം നടത്തുന്ന രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama