go

കണക്കിലെ പാട്ടുമായി ജെസി ടീച്ചർ

Alappuzha News
മുഹമ്മ സിഎംഎസ് സ്കൂളിൽ പാട്ടിലൂടെ കണക്ക് പഠിപ്പിക്കുന്ന ജെസി തോമസ്. ചിത്രം: മനോരമ.
SHARE

അന്നൊരിക്കൽ ഞാനുമെന്റെ കൊച്ചനുജനും കൂടി ഒത്തുചേർന്ന് മാഞ്ചുവട്ടിൽ മാമ്പഴത്തിനു പോയി കാറ്റു വന്നു ആഹാ... (2) മാമ്പഴങ്ങൾ തെരു തെരെ വീണു കുട്ടനഞ്ച് മാമ്പഴങ്ങൾ കുട്ടയിലങ്ങാക്കി അഞ്ചെനിക്കു കിട്ടിയപ്പോൾ ഞങ്ങളെണ്ണിനോക്കി അഞ്ചും അഞ്ചും പത്ത്, മാമ്പഴവും പത്ത്...

ആലപ്പുഴ ∙ ചേച്ചിയും അനുജനും ശേഖരിച്ച മാമ്പഴത്തിന്റെ എണ്ണം പറഞ്ഞ്, പാട്ടിലൂടെ കണക്കിന്റെ പാഠം പഠിപ്പിക്കും. അതാണ് മുഹമ്മ സിഎംഎസ് എൽപിഎസിലെ അധ്യാപിക ജെസി തോമസിന്റെ പ്രത്യേകത. മാമ്പഴം പറിക്കാൻ പോയ പാട്ട് പാടി മാമ്പഴക്കൂട നിറയുമ്പോഴേക്കും കുട്ടികൾ അന്നു പഠിപ്പിച്ചതെല്ലാം പഠിച്ചിരിക്കും. 

മാമ്പഴപ്പാട്ട് മാത്രമല്ല, വേറെയും പാട്ടുകളുണ്ട് ഈ ടീച്ചറുടെ നാവിൽ. പാട്ടിലൂടെ പഠിച്ചാൽ മറക്കില്ലെന്നും കണക്ക് വെറുക്കില്ലെന്നുമാണു പറയുന്നത്. മന്ത്രിമാരായ തോമസ് ഐസക്കും സി.രവീന്ദ്രനാഥും തങ്ങളുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച വിഡിയോയിലെ താരമാണ് ടീച്ചർ. ഇന്നും ഇന്നലെയുമല്ല പാട്ടു പാടി കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയത്. 22 വർഷമായി തന്റെ അധ്യാപന രീതി ഇതാണെന്ന് ജെസി പറയുന്നു. 

‘ഓരോ വിഷയവും പഠിപ്പിക്കുമ്പോൾ അതിന്റെ അന്തരീക്ഷം ഒരുക്കിയാൽ പഠനം എളുപ്പമാണ്. കുട്ടികൾക്കു പഠനത്തിൽ താൽപര്യം കൂടും’ – ജെസി പറയുന്നു. ഒന്നാം ക്ലാസ് സി ഡിവിഷൻ അധ്യാപികയാണ് ജെസി. ക്ലാസിലെ വാട്സാപ് ഗ്രൂപ്പിൽ രക്ഷിതാക്കൾക്ക് പഠന രീതി മനസ്സിലാക്കാനാണ് വിഡിയോ ഇട്ടത്. അതിലാരോ വിഡിയോ ഷെയർ ചെയ്തു. പിന്നെയതു തരംഗമായി. 

ചേർത്തല ഉപജില്ലയിലെ ഒന്നാം ക്ലാസ് അധ്യാപകർക്ക് പരിശീലനം നൽകുന്നയാൾ കൂടിയാണ് ടീച്ചർ. അത്തരം പരിശീലനങ്ങളിൽ മറ്റു ജില്ലക്കാരായ അധ്യാപകരും പങ്കെടുക്കാറുണ്ട്. ഇത്തരം പാട്ടുകൾ അവിടെ പങ്കുവയ്ക്കും. അങ്ങനെയാണ് പാട്ടുകൾ പഠിച്ചെടുത്തത്. 50 വയസ്സായി, വിരമിക്കൽ അടുത്തു വരുമ്പോഴും അധ്യാപനം ആസ്വദിച്ചാണ് ചെയ്യുന്നതെന്നു ടീച്ചർ പറയുന്നു. 

ജെസിയുടെ സഹോദരി ജോളി തോമസാണ് സ്കൂളിലെ പ്രധാനാധ്യാപിക. ‘ചേച്ചി എന്നേക്കാളും നല്ല ടീച്ചറാണ്’.  സംസ്ഥാന അധ്യാപക പുരസ്കാരം നേടിയ സഹോദരിയെക്കുറിച്ച് പറയുമ്പോൾ നൂറുനാവ്. തിരുവല്ലയിൽ ജോലി ചെയ്യുന്ന സമയത്താണ് ടീച്ചറുടെ സഹോദരന്റെ മരണം. അച്ഛനെയും അമ്മയെയും നോക്കാൻ ജെസിയും ഭർത്താവ് വില്യം കുര്യനും (സന്തോഷ്) തിരികെ മുഹമ്മയിലേക്കു പോന്നു. വില്യം കുര്യൻ മുഹമ്മയിൽ പ്രസ് നടത്തുന്നു. എയ്ഞ്ചൽ ഐറിനുമാണ് മക്കൾ.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama