go

കുടുങ്ങിപ്പോയ ജീവിതങ്ങൾ

കൃഷ്ണപുരം–മാമ്പ്രക്കന്നേൽ റയിൽവേ ഗേറ്റ്.
കൃഷ്ണപുരം–മാമ്പ്രക്കന്നേൽ റയിൽവേ ഗേറ്റ്.
SHARE

ഭീമാകാരമായൊരു പെരുമ്പാമ്പ് മുന്നിലെ വഴിയടഞ്ഞപ്പോൾ വെയിൽകൊണ്ടു കിടക്കുന്നതു പോലുണ്ട്. വഴി തുറന്നാലും ഇഴഞ്ഞു പോകാൻ 10 മിനിറ്റെങ്കിലും വേണം. എപ്പോൾ ചെന്നാലും കാണാം ആ കാഴ്ച. ജില്ലയുടെ വടക്കേയറ്റത്തെ പ്രധാന ലവൽ ക്രോസായ മാമ്പ്രക്കന്നേൽ ഗേറ്റിൽ കുടുങ്ങിയ വണ്ടികളുടെ നിരയാണത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഗേറ്റടയുന്നു. വാഹനങ്ങൾ തളം കെട്ടുന്നു. ഗേറ്റ് തുറന്നപ്പോൾ തന്നെ ചിറ തകർത്തു വെള്ളം പായുന്നതു പോലെ രണ്ടു ഭാഗത്തേക്കും കുത്തൊഴുക്ക്. ഹോണടി, എൻജിൻ ഇരപ്പിക്കൽ...

ഇവിടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനം വന്നിട്ടു കുറേയായി. നടപടികൾ ലവൽ ക്രോസിലെ വാഹനങ്ങൾ പോലെ കുരുങ്ങുന്നു, ഇഴഞ്ഞു നീങ്ങുന്നു.പാലം ഉടൻ ഉയരുമെന്നും അടുത്തൊന്നും ഈ കുരുക്കഴിയില്ലെന്നും വിശ്വസിക്കുന്ന നാട്ടുകാരുണ്ട്.കഴിഞ്ഞ ദിവസം നട്ടുച്ച നേരത്ത്, കുരുക്കിന്റെ ഒരു കണക്കെടുക്കാൻ നോക്കി. ഗേറ്റ് അടച്ചു സെക്കൻഡുകൾക്കകം ഇരുപുറത്തും വണ്ടികളുടെ നീണ്ട നിരയായി.

ഗേറ്റ് തുറന്നപ്പോൾ ഇടിച്ചുകുത്തിയൊഴുകി. എണ്ണം തെറ്റും. എന്നാലും ഏകദേശ കണക്കു കിട്ടി. രണ്ടു വശത്തേക്കുമായി പാളം കടക്കുന്നത് ഇരുനൂറിലേറെ വാഹനങ്ങൾ.രാവിലെ 6 മണിക്കും ഉച്ചയ്ക്കു 12.15നും ഇടയിൽ പോയത് 25 ട്രെയിനുകളാണ്. തുടരെ ഗേറ്റ് അടയ്ക്കണം. വടക്കുനിന്നുള്ള ട്രെയിനുകൾ കായംകുളം സ്റ്റേഷൻ വിടുമ്പോഴും തെക്കുനിന്നുള്ളവ ഓച്ചിറ വിടുമ്പോഴുമാണു ഗേറ്റ് അടയ്ക്കാൻ സന്ദേശമെത്തുന്നത്.ശരാശരി അഞ്ചു മിനിറ്റ് വ്യത്യാസത്തിൽ ഗേറ്റ് അടയ്ക്കുന്നുണ്ട്. ട്രെയിൻ എത്താൻ പിന്നെ ഏതാനും മിനിറ്റേയുള്ളൂ.

ട്രെയിൻ പോയാൽ ഒരു മിനിറ്റ് കഴിഞ്ഞു ഗേറ്റ് തുറക്കും. ഇതിനിടയിൽ പലപ്പോഴും പടിഞ്ഞാറുനിന്നുള്ള വണ്ടികളുടെ നിരയുടെ വാൽ ദേശീയപാത വരെയുണ്ടാവും. ചിലപ്പോഴൊക്കെ ദേശീയപാതയിലൂടെയും നീളുമെന്നു പരിസരത്തെ കച്ചവടക്കാർ. ഗേറ്റിന്റെ കിഴക്കു ഭാഗത്ത് അതിലും സങ്കീർണമാണ്. അവിടെ റോഡ് രണ്ടായി പിരിയുന്നു. രണ്ടിടത്തുനിന്നും വണ്ടികൾ വന്നു നിറയും. അവിടെ വണ്ടികളുടെ തിടുക്കം കാരണം ആശയക്കുഴപ്പവും കുരുക്കും പതിവാണ്.

 ഗേറ്റും കൊണ്ടുപോകുന്ന തിരക്ക്

മാസത്തിലൊന്ന് എന്ന തോതിൽ ഈ ലെവൽ ക്രോസിൽ അപകടമുണ്ടാകുന്നുണ്ടെന്നാണ് ഗേറ്റ് കീപ്പർമാരും നാട്ടുകാരും പറഞ്ഞത്. ഗേറ്റ് അടയ്ക്കുന്നതിനു മുൻപു പാളം കടക്കാനുള്ള പാച്ചിലിൽ പലപ്പോഴും ഗേറ്റ് തന്നെ തകർത്ത്, വണ്ടിയിൽ കൊരുത്തു കൊണ്ടുപോകുന്നു. ഉയരമേറിയ ടിപ്പറുകളാണു മിക്ക അപകടവും ഉണ്ടാക്കിയിട്ടുള്ളത്.ട്രെയിൻ വരുന്നതിനു മുന്നോടിയായി താഴ്ത്തിക്കൊണ്ടിരിക്കുന്ന ഗേറ്റിലൂടെ പായുമ്പോൾ ഗേറ്റ് ടിപ്പറുകളുടെ ബോഡിയിൽ കുരുങ്ങി ഒടിയും. മൊത്തം വലിച്ചുപറിച്ചുകൊണ്ടൊരു പോക്കാണ്.

തൊട്ടുമുകളിൽ, ഉയർന്ന വോൾട്ടേജിൽ വൈദ്യുതി ഒഴുകുന്ന ലൈനാണ്. അതൊന്നും ആലോചിക്കാതെയാണു ടിപ്പറുകളുടെ പാച്ചിൽ. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ ക്ഷമയോടെ കാത്തുകിടക്കുമെന്നാണു ഗേറ്റ് കീപ്പർമാരുടെ അനുഭവം.ഗേറ്റ് അടയ്ക്കാൻ അൽപം വൈകിയാൽ ഗേറ്റ് കീപ്പർമാരോട് ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം വരും. ഇത്തരം അപകട സാധ്യതകൾ പറഞ്ഞാലും കാര്യമില്ല. സൈറൺ മുഴക്കി കൃത്യസമയത്തു ഗേറ്റ് അടയ്ക്കാനാണു നിർദേശം. അപ്പോൾ മറ്റൊരു പ്രശ്നമുണ്ട്. സൈറൺ ദൂരെ നിന്നേ കേട്ടു കൂടുതൽ വണ്ടികൾ പാഞ്ഞു വരും. മിക്കവാറും അടച്ച ഗേറ്റിലൂടെ കുനിഞ്ഞും ചരിഞ്ഞും കടന്നു പോകുന്ന അഭ്യാസികളാണ് ഇരുചക്ര വാഹനക്കാർ. 

എളുപ്പവഴിയിലെ ക്രിയ

ദേശീയപാതയിൽ തെക്കുനിന്നെത്തുന്നവർ കിഴക്കൻ പ്രദേശങ്ങളിലേക്കു പോകാൻ തേടുന്ന എളുപ്പവഴിയാണു മാമ്പ്രക്കന്നേൽ ലെവൽ ക്രോസ്. കായംകുളത്തെ തിരക്കിൽ പെടാതെ കെപി റോഡിലെത്തി അടൂർ, പുനലൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാം. രണ്ടാംകുറ്റിയിലെത്തി വടക്കോട്ടു തിരിഞ്ഞാൽ മാവേലിക്കര, തിരുവല്ല, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പമാർഗം. റോഡ് മെച്ചമായതിനാലും തിരക്കു കുറവായതിനാലും ഈ വഴി തിരിയുന്ന വാഹനങ്ങൾക്ക് ഏതു സമയത്തും കുറവില്ല. അങ്ങനെയാണു മാമ്പ്രക്കന്നേൽ ഗേറ്റ് വാഹനക്കുരുക്കിന്റെ പേരിൽ ശ്രദ്ധാകേന്ദ്രമായത്.

എന്താണു പദ്ധതി?

ഇവിടെ പണ്ടു രണ്ടു ഗേറ്റുണ്ടായിരുന്നു. ഗേറ്റിനു കിഴക്കു വച്ചു പിരിയുന്ന രണ്ടു റോഡിലേക്കും. ഒരേ സ്ഥലത്തു രണ്ടു ഗേറ്റ് വേണ്ടെന്ന റെയിൽവേ നയം കാരണം വടക്കേ ഗേറ്റ് വർഷങ്ങൾക്കു മുൻപ് അടച്ചു. രണ്ടു വഴിയിലൂടെയുമുള്ള വണ്ടികളെല്ലാം ഒറ്റ ഗേറ്റിലൂടെ തിക്കിത്തിരക്കി പോകാൻ തുടങ്ങി.പൂട്ടിയ ഗേറ്റിന്റെ ദിശയിലൂടെയാണു മേൽപാലം നിർമിക്കുക.

രണ്ടാംകുറ്റിയിലേക്കുള്ള റോഡിലേക്കാണു പാലം. സ്ഥലമെടുപ്പു നടപടികൾ മിക്കവാറും തീർന്നു. അളന്നു കല്ലിട്ടിട്ടുണ്ട്.മേൽപാലം കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 – 18ലെ സംസ്ഥാന ബജറ്റിൽ തുകയും നീക്കി വച്ചു. റോഡ്സ് ആൻഡ് ബ്രിജ്സ് ഡവലപ്മെന്റ് കോർപറേഷനാണു നിർമാണ ചുമതല. കോർപറേഷൻ തയാറാക്കിയ എസ്റ്റിമേറ്റ് കിഫ്ബി പരിശോധിച്ച് 31.21 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുണ്ട്.

നിർദിഷ്ട മേൽപ്പാലത്തിന്റെ അളവുകൾ ഇങ്ങനെ

 നീളം – 505.82 മീറ്റർ  വീതി – 10.20 മീറ്റർ

 സ്പാനുകൾ – 11 

 അപ്രോച്ച് റോഡ് – 470 മീറ്റർ (രണ്ടു വരി പാത)

 നടപ്പാത – 1.5 മീറ്റർ

 സർവീസ് റോഡ് – 5.5 മീറ്റർ വീതി (നടപ്പാതയുമുണ്ട്)

 ഏറ്റെടുക്കേണ്ട സ്ഥലം – 202 സെന്റ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama