go

ഇൻഷുറൻസ് ഇല്ലെങ്കിലും സഹായം

മഴ ബാക്കിവച്ചത്..കൃഷിനാശം സംഭവിച്ച ചമ്പക്കുളം പടച്ചാൽ പാടശേഖരത്തിലെത്തിയ മന്ത്രി വി.എസ്.സുനിൽ കുമാർ മഴയിൽ നശിച്ച നെൽച്ചെടികൾ കാണുന്നു. എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം. 			ചിത്രം: മനോരമ.
മഴ ബാക്കിവച്ചത്..കൃഷിനാശം സംഭവിച്ച ചമ്പക്കുളം പടച്ചാൽ പാടശേഖരത്തിലെത്തിയ മന്ത്രി വി.എസ്.സുനിൽ കുമാർ മഴയിൽ നശിച്ച നെൽച്ചെടികൾ കാണുന്നു. എംഎൽഎമാരായ പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ.
SHARE

കുട്ടനാട് ∙ നെൽകൃഷിക്ക് ഇൻഷുറൻസ് എടുക്കാത്ത കർഷകരിൽ വിളനാശം ഉണ്ടായവർക്ക് സംസ്ഥാന ഇൻഷുറൻസിൽ പെടുത്തി തുക നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കുട്ടനാട്ടിൽ ഈ വർഷത്തെ കൃഷിനാശം നേരിട്ടു കാണുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. കർഷകർ കേന്ദ്ര, സംസ്ഥാന ഇൻഷുറൻസുകൾ എടുക്കാൻ പാടശേഖര സമിതികൾ ഇടപെടേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിളനാശം വന്നവർക്ക് ഇൻഷുറൻസ് തുക എത്രയും വേഗം നൽകാനുള്ള നടപടി സ്വീകരിക്കും. അപ്രതീക്ഷിതമായി വന്ന മഴ പ്രതീക്ഷകളെ തെറ്റിച്ചു. സംസ്ഥാന ഇൻഷുറൻസും കേന്ദ്ര ഇൻഷുറൻസും സംയുക്തമായി നടപ്പാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാലവർഷക്കെടുതിയിൽ കൃഷി നാശം സംഭവിച്ചവർക്ക് കഴിഞ്ഞ പ്രളയക്കെടുതിയിൽ ലഭ്യമാക്കിയ എല്ലാ സൗകര്യങ്ങളും തുടരും. പമ്പിങ് കുടിശിക പൂർണമായും കൊടുത്തുതീർത്ത് വരികയാണെന്നും മന്ത്രി പറഞ്ഞു. 

തുടർച്ചയായ മടവീഴ്ച പരിശോധിക്കും

കഴിഞ്ഞ തവണ മടകുത്തിയ സ്ഥലത്ത് തന്നെ ഇത്തവണയും മടവീണത് ഗുരുതര സാഹചര്യമാണെന്നും ഇതെക്കുറിച്ച് പഠിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷിനാശത്തിന്റെ ഭാരം പേറുന്ന കർഷകരുടെ മേൽ അധിക നഷ്ടം അടിച്ചേൽപ്പിക്കാതെ നെല്ല് സംഭരണം നടത്തുന്ന കാര്യം ഭക്ഷ്യമന്ത്രിയുമായി ചർച്ച ചെയ്തെന്നും സുനിൽകുമാർ അറിയിച്ചു. എംഎൽഎമാരായ പി.ജെ.ജോസഫ്,

റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ ലത ജി.പണിക്കർ, വിവിധ പടശേഖരസമിതി പ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പണ്ടാരക്കുളം പാടശേഖരത്തിലെ കൃഷിക്കാരൻ വർഗീസ് ആന്റണി കായൽ ചിറയാണ് മന്ത്രി ആദ്യം പരിശോധിച്ചത്. തുടർന്ന് കോയിക്കൽ പാടശേഖരം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. 

 ഇതുവരെ 107 കോടി രൂപയുടെ കൃഷിനാശം

ഓഗസ്റ്റ് മാസത്തിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 2828.14 ഹെക്ടർ സ്ഥലത്തെ നെൽകൃഷി പൂർണമായും നഷ്ടപ്പെട്ടെന്ന് കൃഷി വകുപ്പിന്റെ കണക്ക്. പാടശേഖര സന്ദർശന വേളയിലാണ് മന്ത്രി സുനിൽകുമാർ ഇക്കാര്യം അറിയിച്ചത്. ഒക്ടോബറിൽ വീണ്ടും പ്രളയം ഉണ്ടായപ്പോൾ 2879.18 ഹെക്ടർ കൂടി പൂർണമായും വെള്ളത്തിനടിയിലായി.

4136.76 ഹെക്ടർ ഭാഗികമായി വെള്ളത്തിനടിയിലായി. 625.88 ഹെക്ടർ മാത്രമാണ് കൊയ്തത്. സർക്കാരിനും കർഷകർക്കും അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ക്ഷോഭം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 107 കോടി രൂപയുടെ നഷ്ടം കൃഷി വകുപ്പ് തിട്ടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. 10470 ഹെക്ടർ സ്ഥലത്താണ് രണ്ടാം കൃഷി ഇറക്കിയത്. 

 40 കിലോ വിത്തുമാത്രം 

കുട്ടനാട് ∙ കുട്ടനാട്ടിൽ കൃഷി നാശം സംഭവിച്ച കൃഷിക്കാരുമായി കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ചർച്ച നടത്തി. വിത്ത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും വേണ്ടത്ര ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കർഷകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഷെഡ്യൂൾ തയാറാക്കിയ പ്രകാരം വിത്ത് എത്തും. പാലക്കാട് വിത്ത് ശേഖരിക്കാൻ കാലതാമസമുണ്ടായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തേതു പോലെ 50 കിലോ വിത്ത് ഇത്തവണയും ലഭ്യമാക്കണം എന്നായിരുന്നു കർഷകരുടെ മറ്റൊരു ആവശ്യം.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ഇടപെടൽ നടത്തിയാണ് കഴിഞ്ഞ തവണ 50 കിലോ നൽകിയതെന്നും ഇത്തവണ 40 കിലോ വിത്തേ നൽകാനാകൂ എന്നും മന്ത്രി പറഞ്ഞു. മുൻവർഷങ്ങളിലും 40 കിലോ വിത്താണ് നൽകിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് എടുത്തവർക്ക്  ഇടക്കാലത്ത് ഉണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിന് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയതായി മന്ത്രി യോഗത്തിൽ പറഞ്ഞു. 

ഈർപ്പം, കൊയ്ത്തുയന്ത്രം:പരിഹാരം കാണുമെന്ന് മന്ത്രി

നെല്ല് സംഭരിക്കുമ്പോൾ ഈർപ്പത്തിന്റെ പേരിൽ തൂക്കം കൂടുതലെടുക്കുന്നെന്ന പരാതിയും മന്ത്രിക്കു മുന്നിലെത്തി.  അധികം കർഷകരെ ബാധിക്കാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാമെന്നു മാത്രമേ ഇപ്പോൾ പറയാനാകൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഡിസംബർ 10ന് മുൻപ് എല്ലാവർക്കും ആവശ്യമായ വിത്ത് പൂർണമായും എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കനാലുകളിലും തോടുകളിലും കായലിലും അടിഞ്ഞുകൂടിയ എക്കൽ മാറ്റുന്നത് അതത് പാടശേഖര സമിതികളെ ഏൽപ്പിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഭാഗികമായി നഷ്ടം സംഭവിച്ചവർക്ക് നിലവിലെ കേന്ദ്ര ഇൻഷുറൻസ് പദ്ധതി വഴി ആനുകൂല്യം ലഭിക്കത്തക്ക വിധം പ്രത്യേക ഉത്തരവ് 2 ദിവസത്തിനകം ഇറക്കും. കൊയ്ത്ത് യന്ത്രത്തിനു കൂടുതൽ പണം വാങ്ങുന്നെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന് പരിഹാരം കാണുന്നതിന് കലക്ടർ തലത്തിൽ 6ന് യോഗം വിളിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാഗ്ദാനങ്ങൾ മറന്നിട്ടില്ല; ശ്രമങ്ങൾ തുടരുന്നു

കുട്ടനാട് ∙ മൂന്നു മാസം മുൻപ് കുട്ടനാട്ടിലെത്തിയപ്പോൾ പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ചു വാഗ്ദാനങ്ങളെ കുറിച്ചും മന്ത്രി വി.എസ്.സുനിൽകുമാർ പ്രതികരിക്കുന്നു. 

 ആർ ബ്ലോക്കിനു വേണ്ടിയുള്ള പുതിയ പദ്ധതി, 12 പുതിയ മോട്ടറുകളും അറ്റകുറ്റപ്പണി നടത്തിയ പഴയ 12 മോട്ടറുകളും എത്തിക്കുന്ന കാര്യം?

‘കൃഷി വകുപ്പിന്റെ പ്രശ്നമല്ല ആർ ബ്ലോക്കിലേത്. 12 പുതിയ മോട്ടറുകളും തയാറാണ്. വെദ്യുതിയുടെ പ്രശ്നമുള്ളതു കൊണ്ട് മോട്ടറുകൾ എത്തിച്ചിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം പരിഹരിക്കേണ്ടത് വൈദ്യുതി ബോർഡാണ്. ബോർഡ് പറഞ്ഞ പണം കൃഷി വകുപ്പ് അടച്ചിട്ടുണ്ട്. ഒപ്പം വെള്ളം താഴാത്തതും പ്രതിസന്ധിയാണ്. 

 എച്ച് ബ്ലോക്കിൽ സബ് സ്റ്റേഷൻ നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു?

ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ടിരുന്നു. സ്ഥലമാണ് സബ് സ്റ്റേഷൻ നിർമിക്കാനുള്ള പ്രശ്നം. കണ്ടെത്തിയ സ്ഥലം ചെളിയാണെന്നും അവിടെ സബ് സ്റ്റേഷൻ സ്ഥാപിക്കാൻ സാധിക്കില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. വയലല്ലാതെ, സ്റ്റേഷൻ നിർമിക്കാൻ സ്ഥലം ലഭിച്ചാൽ പദ്ധതി പരിഗണിക്കാൻ തയാറാണ്. അതിനാരെങ്കിലും തയാറായി മുന്നോട്ട് വരണം. 

 കുട്ടനാട്ടിൽ പെട്ടിയും പറയും ഒഴിവാക്കി മോട്ടറുകൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു?

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭാഗികമായി ഇതു നടപ്പിലാക്കാൻ കഴിയും. എന്നാലും 100 ശതമാനം പൂർത്തിയാകണമെങ്കിൽ രണ്ടാമത് ഒരു പ്രൊജക്ട് കൂടി വേണ്ടിവരും. 

 നെല്ലെടുക്കുന്നതിന് ഇലക്ട്രോണിക് ത്രാസ് ?

നെല്ല് എടുക്കാൻ ഇലക്ട്രോണിക് ത്രാസ് ഉപയോഗിക്കാമെന്നത് അംഗീകരിച്ചതാണ്. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി തീരുമാനിച്ചതാണ് ഇക്കാര്യം. എന്നാൽ പാടശേഖര സമിതികൾക്കെല്ലാം സർക്കാർ ത്രാസ് കൊടുക്കുമെന്നല്ല അതിനർഥം. ഏജൻസികളോ സമിതിക്കാരോ ഇത് വാങ്ങി ഉപയോഗിക്കണം. 

 കളർകോട് പ്രവർത്തിച്ചിരുന്ന വിത്ത് സംസ്കരണ പ്ലാന്റ് പ്രവർത്തനം ഒക്ടോബറിൽ ആരംഭിക്കുമെന്ന വാഗ്ദാനം ?

അവിടെ ജോലി പൂർത്തിയായിട്ടില്ല. 7 ലക്ഷം രൂപയുടെ കുറവുണ്ടായിരുന്നു. 

ഈ തുകയും അടിയന്തരമായി പാസാക്കിയിട്ടുണ്ട്. എത്രയും വേഗം പണികൾ പൂർത്തിയാക്കി ആരംഭിക്കും. 

 വിത്ത് കൃത്യമായി എത്തിക്കുമെന്ന് പറഞ്ഞിരുന്നു?

വിത്ത് സംബന്ധിച്ച് ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. പാലക്കാട് മഴ പെയ്തതു മൂലം വിത്തുണക്കാൻ വൈകി. പാലക്കാട് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്ത് വിത്ത് വിതരണം നിരീക്ഷിക്കുന്നുണ്ട്. എങ്കിലും കേന്ദ്ര, സംസ്ഥാന വിത്ത് കോർപറേഷനുകളും കർണാടക വിത്ത് കോർപറേഷനും സഹകരിക്കുന്നുണ്ട്.  കൊയ്ത്ത് തുടങ്ങുന്ന ഷെഡ്യൂൾ അനുസരിച്ച് വിത്ത് വൈകാതെ എത്തും. 

 പഴയ കൊയ്ത്ത് യന്ത്രങ്ങൾ ?

യന്ത്രങ്ങൾ തയാറാണ്. 60 യന്ത്രങ്ങളാണ് വകുപ്പിന്റെ കയ്യിലുള്ളത്. ഇതിൽ 14 എണ്ണം ആലപ്പുഴയിലാണ്. 14ൽ 9 എണ്ണം എത്തിയിട്ടുണ്ട്. ബാക്കി ഉടനെത്തും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama