go

നോക്കട്ടെ, കുരുക്കഴിയുമോ എന്ന്

Alappuzha News
SHARE

ചെങ്ങന്നൂർ ∙  നഗരത്തിലെ ഓട്ടോ-ടാക്‌സി സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവ പുനഃക്രമീകരിക്കുന്നതിനും വൺവേ കർശനമാക്കുന്നതിനും ഇറക്കുകൾ, കയ്യേറ്റങ്ങൾ എന്നിവ ഒഴിപ്പിക്കുന്നതിനും ഗതാഗത ക്രമീകരണ സമിതി തീരുമാനം. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ചെയർമാനായുള്ള ഗതാഗത ക്രമീകരണ സമിതിയുടെ ആദ്യ യോഗമാണു ഗതാഗത പരിഷ്‌കാരം സംബന്ധിച്ച തീരുമാനങ്ങളെടുത്തത്. 

∙ എംസി റോഡിലെയും പൊതുമരാമത്ത് റോഡുകളുടെയും കയ്യേറ്റങ്ങൾ, അനധികൃത കച്ചവടം , ഇറക്കുകൾ ഒഴിപ്പിക്കും.  ഇതിനായി നഗരസഭ, പൊതുമരാമത്ത് റോഡ് വിഭാഗം, പൊലീസ്, ജോയിന്റ് ആർടിഒ ഓഫിസ് ജീവനക്കാരുടെ സ്‌ക്വാഡ് രൂപീകരിക്കും. 

∙ നഗരത്തിൽ എസി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മാത്രമേ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ അനുവദിക്കൂ. 

ഓട്ടോയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാൻഡുകളിൽ തന്നെ അവ പാർക്ക് ചെയ്യണം. റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കും. 

മറ്റു തീരുമാനങ്ങൾ

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗത്തെ ചുമതലപ്പെടുത്തി. സ്വകാര്യ വ്യക്തികളുടെ ഉൾപ്പെടയുള്ള  സ്ഥലങ്ങൾ ഏറ്റെടുത്ത് പാർക്കിങ്ങിനായി അനുവദിക്കുന്ന കാര്യം പരിഗണിക്കും. ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണത്തിനും ആർടിഎ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഓട്ടോ ടാക്‌സി സംബന്ധിച്ചു യോഗം വിളിച്ചു തീരുമാനിക്കും.

വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന 8 ന് രാവിലെ 11 ന് നടക്കും. തീരുമാനങ്ങൾ 16 ന് പ്രാബല്യത്തിൽ വരുത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ ജോയിന്റ് ആർടിഒ ഡി.ജയരാജ്, ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജ്, എസ്‌ഐ. എസ്.വി.ബിജു, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി.ബിമൽ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.പി.പ്രദീപ്കുമാർ, ട്രാഫിക് എഎസ്ഐ. രാധാകൃഷ്ണപിള്ള, നഗരസഭാ സെക്രട്ടറി ജി.ഷെറി എന്നിവർ പങ്കെടുത്തു.

വലിയ വാഹനങ്ങൾക്ക് പുതിയ വഴി

Alappuzha News

രാവിലെ 8 നും രാത്രി 8നും മധ്യേ തിരുവല്ല ഭാഗത്തു നിന്നു പന്തളം ഭാഗത്തേക്കു പോകുന്ന ചരക്ക് ലോറികൾ, വലിയ വാഹനങ്ങൾ, ട്രക്ക്, ടിപ്പറുകൾ എന്നിവ കല്ലിശ്ശേരിയിൽ നിന്നു തിരിഞ്ഞു കുറ്റിക്കാട്ടുപടി - മംഗലം പാലം - അങ്ങാടിക്കൽ - പുത്തൻകാവ് - സെഞ്ച്വറി ആശുപത്രി വഴി എംസി റോഡിൽ മുളക്കുഴ പിരളശേരി ഭാഗത്തെത്തി തിരിഞ്ഞു പോകണം.

പന്തളം ഭാഗത്തു നിന്ന് തിരുവല്ല ഭാഗത്തേക്കു പോകുന്ന ഇത്തരം വാഹനങ്ങൾ പിരളശ്ശേരിയിൽ നിന്ന് തിരിഞ്ഞ് ഇതേ റൂട്ടിൽ കല്ലിശ്ശേരിയിലെത്തി ‌പോകണം. മാർക്കറ്റ് റോഡിൽ ചരക്കുകളുമായി വരുന്ന വാഹനങ്ങൾ രാവിലെ 8 നും രാത്രി 8 നും ഇടയ്ക്കു നിർത്തി ചരക്കിറക്കാൻ അനുവദിക്കില്ല. 

പാർക്കിങ് നിരോധനം

∙ മാർക്കറ്റ് റോഡ്, എൻജിനീയറിങ് കോളജിനു മുന്നിൽ നിന്ന് എംസി റോഡ്‌ വരെയുള്ള ഭാഗത്തെയും വാഹന പാർക്കിങ്  നിരോധിക്കും.

∙ എംസി റോഡിലും നഗരമധ്യത്തിലെ പൊതുമരാമത്ത് റോഡുകളിലുംഅനുവദിച്ചിരിക്കുന്ന സ്ഥലത്തു മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. അല്ലാതെയുള്ള വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് സ്റ്റിക്കർ ഒട്ടിച്ച് പിഴ ഈടാക്കും. 

∙ വൺവേ തെറ്റിക്കുന്ന വാഹനങ്ങളും പിടികൂടി നിയമനടപടി സ്വീകരിക്കും. 

ബസ് സ്റ്റോപ്പുകൾക്കു മാറ്റം, പുതിയ സ്റ്റോപ്പുകളും

∙ എംസി റോഡിൽ പന്തളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പുകളിൽ വെള്ളാവൂർ ജംക്‌ഷനിലെ ബസ് സ്റ്റോപ്പ് നവരത്‌ന ഹോട്ടലിന് എതിർവശത്തേക്കു മാറ്റും. കുന്നത്തുകളത്തിൽ ജ്വല്ലറിക്കു മുൻവശവും സിജി ഫേബ്രിക്‌സിനു മുന്നിലും ഉള്ള ബസ് സ്റ്റോപ്പുകൾ ഒഴിവാക്കും. 

Alappuzha News

∙ ആറ്റിൻകര ഇലക്ട്രോണിക്‌സിന് എതിർവശത്തു പുതിയ സ്റ്റോപ്പ് 

∙ ആശുപത്രി കവലയിലെ ബസ് സ്റ്റോപ്പ് മുന്നോട്ടു പുലിക്കുന്ന് ഭാഗത്തേക്കു നീക്കും. 

∙ ഐടിഐ ജംക്‌ഷനിൽ നിലവിൽ ബസുകൾ നിർത്തുന്നത് ഒഴിവാക്കി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തേക്കു സ്റ്റോപ്പ് മാറ്റും. 

∙ മാർക്കറ്റ് റോഡിനു മുന്നിലെ കോഴഞ്ചേരി ഭാഗത്തേക്കുള്ള സ്‌റ്റോപ്പ് ഹോട്ടൽ ഭഗവത് ഗാർഡൻസിന്റെ മുന്നിലേക്കു മാറ്റും

∙ കോഴഞ്ചേരി റോഡിൽ ബുഫിയ ബേക്കറിയുടെ മുന്നിലെ സ്റ്റോപ്പ് ഒഴിവാക്കും.

∙ എംസി റോഡിൽ തിരവല്ല ഭാഗത്തേക്ക് ആറ്റിൻകര ഇലക്ട്രോണിക്‌സിനു മുൻവശത്തെ സ്‌റ്റോപ്പ് പിന്നോട്ട്  കത്തോലിക്കാ പള്ളിയുടെ എതിർവശത്താക്കും. 

∙ ബസ് സ്റ്റോപ്പുകളില്ലാത്ത കെഎസ്ആർടിസി ബസ് ‌സ്റ്റാൻഡിനു മുൻവശം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. 

∙ സബ്സ്റ്റേഷൻ, ഗവ. ഗേൾസ് വൊക്കേഷനൽ എച്ച്എസ്എസ്, സിവിൽ സ്‌റ്റേഷൻ, നന്ദാവനം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നന്ദാവനം ജംക്ഷനിൽ ആളെ കയറ്റിയിറക്കി ഉടൻ തന്നെ സ്വകാര്യ ബസുകൾ  വിട്ടു പോകണം. 

∙ വെള്ളാവൂർ ജംക്‌ഷനിൽ നിന്നു റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുളള റോഡിലെ ബസ്‌ സ്‌റ്റോപ്പ് ഹോട്ടൽ റിലാക്സ് ഇന്നിനു മുന്നിലേക്കു മാറ്റും. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama