go

ഇഴയില്ലെന്നു പ്രതീക്ഷിക്കാം

alappuzha-traffic
കൃഷ്ണപുരം – മാമ്പ്രക്കന്നേൽ റെയിൽവേ ഗേറ്റിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ.
SHARE

ഇഴയുന്ന പദ്ധതിയാവില്ല മാമ്പ്രക്കന്നേൽ മേൽപാലം – ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ പ്രതീക്ഷ അങ്ങനെയാണ്. ഇതുവരെയുള്ള നടപടികളെല്ലാം നൂലാമാലകളില്ലാതെ കടന്നു പോയി. ഇനിയുള്ളവയിലും കുരുക്കിന്റെ സാധ്യതകൾ കാണുന്നില്ല. സ്ഥലമെടുപ്പ്, ടെൻഡർ ഘട്ടങ്ങളിലേക്കു വേഗമെത്താവുന്ന വിധത്തിലാണ് ഇതുവരെ കാര്യങ്ങൾ നീങ്ങുന്നത്.

പക്ഷേ, ഇനി ആ വേഗത്തിനു മുന്നിൽ ചുവപ്പു വിളക്കു തെളിഞ്ഞു ഗേറ്റടഞ്ഞാൽ ഒരു നാടിന്റെയാകെ പ്രതീക്ഷകൾ നിശ്ചലമാകും. റവന്യു, ധന വകുപ്പുകളും റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനും വെളിച്ചമാകുമെന്ന് അവർ കരുതുന്നു. എംപിയും എംഎൽഎയും ഒപ്പം നിൽക്കുമെന്നും.

പദ്ധതിയിൽ ഇതുവരെ നടന്നത്

നിർമാണ ചുമതലക്കാരായ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതു കിഫ്ബി അംഗീകരിക്കുകയും ചെയ്തു. ഏറ്റെടുക്കേണ്ട സ്ഥലം നിശ്ചയിച്ച് അതിരുകല്ലുകൾ സ്ഥാപിച്ചു. റവന്യു വകുപ്പും കോർപറേഷനും ചേർന്നുള്ള പരിശോധനകളും കഴിഞ്ഞു. സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സാമൂഹിക ആഘാത പഠനം നടത്താനുള്ള യൂണിറ്റിനെ ജില്ലാ കലക്ടർ നിയോഗിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കാൻ സമിതി രൂപീകരിച്ചു.

ഇനി നടക്കേണ്ടത്

സ്ഥലമെടുപ്പാണ് ഉടനെ നടക്കേണ്ട പ്രധാന നടപടി. അതു കഴിഞ്ഞേ മേൽപാലത്തിന്റെ പണി തുടങ്ങാനാവൂ. സ്ഥലമെടുപ്പ് എന്നു പൂർത്തിയാകും? പണി എന്നു തുടങ്ങും? ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. സാമൂഹിക ആഘാത പഠനം തുടങ്ങിയിട്ടില്ല. എത്ര കുടുംബങ്ങളെ ബാധിക്കും, മറ്റു ദോഷവശങ്ങളുണ്ടോ, എന്താണു പരിഹാരം തുടങ്ങിയ കാര്യങ്ങളാണു പഠിക്കുന്നത്. ഇതിന്റെ റിപ്പോർട്ട് ജില്ലാ കലക്ടർക്കാണു സമർപ്പിക്കുക. കലക്ടറുടെ വെബ്സൈറ്റിലും പഞ്ചായത്തിലും മറ്റും അതു പ്രസിദ്ധീകരിക്കും.

തുടർന്നു സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങും. ഭൂമിയുടെ വില നിശ്ചയിക്കലാണ് അടുത്ത ഘട്ടം. അതിനു ശേഷം സ്ഥലം ഉടമകളെ കലക്ടർ ഹിയറിങ്ങിനു വിളിക്കും. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള വില അവരെ അറിയിച്ചു ചർച്ചകളിലൂടെ ധാരണയിലെത്തും. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ നിർമാണ ഘട്ടത്തിലേക്കു കടക്കും. അതിനുള്ള രൂപരേഖയും മറ്റും തയാറായിട്ടുണ്ട്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama