go

ചങ്ക് കലക്കും ജങ്ക്

alappuzha news
SHARE

ആലപ്പുഴ ∙ ഭക്ഷണത്തെ മൂന്നായി തിരിക്കാം. വീടുകളിൽ ഉണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങൾ, ഹോട്ടലുകളിലും മറ്റും ലഭിക്കുന്ന ഫാസ്റ്റ് ഫുഡ്, പെട്ടെന്നു വിശപ്പുമാറ്റാൻ ഉപയോഗിക്കുന്നതും ശരീരത്തിനു ഗുണകരമല്ലാത്തതുമായ ജങ്ക് ഫുഡ്. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ഏറ്റവും നല്ലത് വീട്ടിൽ ഉണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സ്കൂൾ പരിസരത്തു ജങ്ക് ഫുഡിന് വിലക്ക് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഭക്ഷണശീലങ്ങളിലൂടെ ഒരു നോട്ടം. 

alappuzha news

ജങ്ക് ഫുഡ് ‘രോഗബോംബ്’ 

ജങ്ക് ഫുഡ് സ്ഥിരമാക്കുന്നവർക്കു വന്നുപെടാനിടയുള്ള ചില രോഗങ്ങൾ ഇവയാണ്: ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിത കൊളസ്ട്രോൾ, പൊണ്ണത്തടി, അസ്ഥികൾക്ക് ഉറപ്പില്ലായ്മ, വിളർച്ച, ഫാറ്റി ലിവർ, ശരീരത്തിൽ വൈറ്റമിനുകളുടെയും മിനറലുകളുടെയും കുറവുമൂലമുണ്ടാകുന്ന മറ്റു രോഗങ്ങൾ. 

മദ്യം കഴിച്ചാലും ഇല്ലെങ്കിലും 

മദ്യപർക്കുണ്ടാകുന്ന പ്രധാന രോഗങ്ങളിലൊന്നാണ് കരൾവീക്കം. ഇതിന്റെ ആദ്യഘട്ടമാണ് ഫാറ്റി ലിവർ എന്ന രോഗാവസ്ഥ. സ്ഥിരം മദ്യപർക്കുണ്ടാകുന്ന ഈ രോഗം ജങ്ക്ഫുഡ് ശീലമാക്കുന്നവർക്കും പെട്ടെന്നു പിടിപെടാമെന്നു ഡോക്ടർമാർ പറയുന്നു. 

ഭക്ഷണം സമീകൃതമാകണം 

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണു ശരീരത്തിനാവശ്യമായ പോഷകഗുണങ്ങൾ ലഭിക്കുന്നത്. ഭക്ഷണത്തിൽ 60% അന്നജവും 30% കൊഴുപ്പും 10% പ്രോട്ടീനും ഉണ്ടാകണം.

 സമീകൃതാഹാരങ്ങൾ ഇവയാണ്

1. അരിയും ഗോതമ്പും ഉൾപ്പെടുന്ന ധാന്യവർഗങ്ങൾ 2. പയർ, പരിപ്പ് തുടങ്ങിയവ 3. പാലും പാൽ ഉൽപന്നങ്ങളും 4. മത്സ്യവും മാംസവും 5. പച്ചക്കറികൾ 6. പഴങ്ങൾ

സ്കൂളിൽ എന്തു കൊടുത്തുവിടും ?

വീട്ടിൽ തയാറാക്കുന്ന പാരമ്പര്യ ഭക്ഷണങ്ങൾ ഏതും സ്കൂളിൽ കുട്ടികൾക്കു കൊടുത്തയയ്ക്കാമെന്ന് ആരോഗ്യ വിദഗ്ധർ. വൈറ്റമിൻ, ലവണങ്ങൾ, അന്നജം, ഗ്ലൂക്കോസ് എന്നിവ അടങ്ങിയ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റ് ആഹാരമാണു കുട്ടികൾക്കു വേണ്ടത്. 

∙ തവിടു കളയാത്ത അരിയുടെ ചോറ്, പുലാവ്, പുട്ട്, ചപ്പാത്തി, ഇഡ്ഡലി, ദോശ. (മൈദ, തവിടു കളഞ്ഞ അരി, പഞ്ചസാര എന്നിവ സിംഗിൾ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളാണ്). 

∙ മീൻ, നാടൻ കോഴിയിറച്ചി, പച്ചക്കറികൾ, ഇലക്കറികൾ, മുട്ട, പയർ, പരിപ്പ്, കടല തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ, കടല തുടങ്ങിയവ വെള്ളത്തിലിട്ടു മുളപ്പിച്ചെടുത്തതാണെങ്കിൽ നല്ലത്. പ്രോട്ടീൻ വിഭവങ്ങൾ മാറിമാറി ഉൾപ്പെടുത്തണം. 

∙ ഇലക്കറികളിലും പച്ചക്കറികളിലും നാരുകൾ ധാരാളമുണ്ട്. കാരറ്റ്, ബീറ്റ് റൂട്ട്, വെണ്ടയ്ക്ക, പയർ, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങയില, ചീര, കൂൺ തുടങ്ങി ലഭ്യമായ പച്ചക്കറികൾ മാറിമാറി ഉൾപ്പെടുത്താം. 

∙ ദഹനവും ആഗിരണവും ഉൾപ്പെടെയുള്ള പ്രവർത്തനത്തിന് ആന്റി ഓക്സിഡന്റുകൾ ധാരാളം വേണം. ചക്ക, മാതളം, കാരറ്റ് എന്നിവയിൽ ആന്റി ഓക്സിഡന്റുകൾ ഏറെയുണ്ട്. ജങ്ക് ഫുഡിൽ ഇവയൊന്നുമില്ല. സാധാരണ ആഹാരം ദഹിക്കുന്നതിന്റെ മൂന്നിലൊന്നു സമയം കൊണ്ട് ജങ്ക്ഫുഡ് ദഹിക്കുന്നതിന്റെ കാരണം ഇതാണ്. 

∙ ഓറഞ്ച്, ആപ്പിൾ, പേരയ്ക്ക, മാങ്ങ, കഷണങ്ങളാക്കിയ പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ കരുതാം. ഓരോ കാലത്തും പ്രാദേശികമായി ലഭ്യമായ പഴങ്ങളാണ് ഉത്തമം. പച്ചക്കറികൾ പച്ചയ്ക്കു തന്നെ സാലഡുകളാക്കി ലഞ്ച് ബോക്സിൽ ഉൾപ്പെടുത്താം. കാരറ്റ്, തക്കാളി, വെള്ളരിക്ക, സവാള എന്നിവ സാലഡിൽ ഉൾപ്പെടുത്താം.

∙ കുട്ടികൾക്കുള്ള ആഹാരത്തിൽ തേങ്ങ ഉറപ്പാക്കണം. തോരൻ കറികളിൽ തേങ്ങ അധികം വേവിക്കാൻ പാടില്ല. വിർജിൻ കോക്കനട്ട് ഓയിൽ ഓർമശക്തി കൂടാൻ സഹായിക്കും. കറികളിൽ തേങ്ങാപ്പാൽ ചേർക്കുന്നതും നല്ലത്.

∙ ഒമേഗ ത്രീ ഫാറ്റി ആസിഡുള്ള മത്തി പോലുള്ള ചെറിയ മീനുകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു നന്ന്. ഓർമശക്തി കൂട്ടാൻ ഇവ നല്ലതാണ്. 

ജങ്ക് ഫുഡിൽ എന്തുണ്ട് ? എന്തില്ല? 

∙ മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡിൽ സിംഗിൾ കാർബോഹൈഡ്രേറ്റ് മാത്രമേയുള്ളൂ. വൈറ്റമിൻ, ഫൈബർ, നല്ല കൊഴുപ്പ്, മിനറൽ, പ്രോട്ടീൻ എന്നിവയില്ല. 

∙ ഡാൽഡയിൽ ശരീരത്തിന് ആവശ്യമില്ലാത്ത പൂരിത കൊഴുപ്പ്. 

∙ ജങ്ക് ഫുഡിൽ ഉപയോഗിക്കുന്ന ഇറച്ചിയും മുട്ടയു മെല്ലാം ബ്രോയിലർ ചിക്കന്റേതായതിനാൽ കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. 

∙ ഫൈബറുകഴില്ലാത്ത കാർബോഹൈഡ്രേറ്റ് ഒരു മണിക്കൂറിനുള്ളിൽ ദഹിക്കും. 

∙ ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു കൂട്ടും. 

∙ ഇവ പെട്ടെന്നു തന്നെ ഇൻസുലിനെ ശരീരകോശങ്ങളിലെത്തിക്കും. 

∙ ഇവ കഴിച്ചിട്ടു കുട്ടികൾ ക്ലാസിലിരിക്കുമ്പോൾ കാലറി കത്താൻ അവസരം ലഭിക്കുന്നില്ല. ഇവ അമിത കൊഴുപ്പായി കോശങ്ങളിൽ അടിഞ്ഞുകൂടും. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാകും. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama